December 21, 2013

ഫേസ് ബുക്കില്‍ പോരടിക്കുന്ന മുസ്ലിം സമുദായ സംഘടനകള്‍.

       ദറും ഉഹുദും ഖന്തക്കും  ഇപ്പോള്‍ നടക്കുന്നത് ഫേസ് ബുക്ക് എന്ന വേര്‍ച്വല്‍  പോരാട്ട ഭൂമികയിലാണ്.   മക്കാ മുശ്രിക്കീങ്ങളും മുസ്ലിംകളും എന്ന സ്ഥാനത്തു സമുദായത്തിലെ കാക്കതൊള്ളായിരം  സംഘടനകളാണ് ഈ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്  എന്ന വ്യത്യാസമുണ്ട് എന്ന് മാത്രം  . ഫോട്ടോഷോപ്പ് ചിത്രങ്ങള്‍,പ്രകോപന പോസ്റ്റുകള്‍,ജുഗുപ്സാവഹ കമ്മന്‍റുകള്‍ മാനിപ്പുലേറ്റെഡ് വീഡിയോ ക്ലിപ്പുകള്‍  തുടങ്ങിയ അതീവ പ്രഹരശേഷിയുള്ള നിരവധി ആയുധങ്ങള്‍  പഴയ  വാള്‍-പരിചകളുടെ റോള്‍ ഏറ്റെടുത്തിരിക്കുന്നു.ആയുധം നഷ്ടപ്പെട്ടവര്, അടര്‍ക്കളത്തില്‍ വീണു പോയവര്‍ ഇവരൊക്കെ  പുതിയ ആയുധങ്ങളുമായി വൈകാതെ എഴുന്നേറ്റു വന്നു വീണ്ടും ഏറ്റു മുട്ടും. അങ്ങിനെ  ആരും തോല്‍വിയേറ്റു വാങ്ങാത്ത ഈ ഘോര യുദ്ധം ഇവിടെ  ശക്തി പ്രാപിച്ചിട്ടു ഏകദേശം ഒന്ന് രണ്ടു വര്‍ഷങ്ങളായി.
കേരളത്തിലെ മുസ്ലിം സമുദായ നേതാക്കള്‍ 

  മുഖം മറച്ച ചാവേറുകളാനു പോസ്റ്റ്‌ യുദ്ധത്തിനു പലപ്പോഴും നേതൃത്വം കൊടുക്കുന്നത് എന്ന പ്രത്യേകത ഈ യുദ്ധത്തിനുണ്ട്, അത് തന്നെയാണ് വിഷയത്തെ സങ്കീര്‍ണ്ണവും  അപകടകരവുമാക്കുന്നത്. ഇവിടെ ധര്‍മ്മവും അധര്‍മ്മവും  തമ്മിലാണോ  ഏറ്റു മുട്ടുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ മറുപടി പറയാം അല്ല . കാരണം ഇവിടെ ചാവേരുകള്‍ക്ക് അല്ലെങ്കില്‍ പോരാളികള്‍ക്ക് ഏറ്റുമുട്ടലാണ് പ്രധാനം. മൂര്‍ച്ചയുള്ള ആയുധങ്ങളാണ് വേണ്ടത്.  സത്യവും അസത്യവും അതില്‍ മാനദണ്ഡമേയല്ല . ഈ യുദ്ധത്തിന്‍റെ മറ്റൊരു പ്രത്യേകത ഇവിടെ നയിക്കാനും നിയന്ത്രിക്കാനും നായകന്മാരില്ല എന്നുള്ള സ്വാതന്ത്ര്യമാണ്.  ഒരു ഭാഗത്ത് മറ്റു സമുദായക്കാര്‍ ഈ മഹത്തായ സമൂഹത്തിന്‍റെ ഗതി കണ്ടു പൊട്ടിച്ചിരിക്കുമ്പോള്‍ മറു ഭാഗത്ത് ഇവരിങ്ങനെ പോരടിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ കാര്യം കാഷ്ടമായേനെ എന്ന് ആശ്വസിക്കുന്നു   സംഘ പരിവാരികള്‍. എന്നിട്ടും  അങ്ങാടിയില്‍ സ്റ്റേജ് കെട്ടി "നമ്മള്‍ തന്നെയാണ് ഉത്തമ സമുദായം" എന്ന് നമ്മള്‍ വീണ്ടും വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. 

    പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ എന്ന് പേര് കേട്ട റഹ്മത്തുള്ള ഖാസിമി ഈ കഴിഞ്ഞ മാസം കോഴിക്കോട് ഒരു പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി.  "പ്രബോധനം പരിഹാസമോ ?" എന്നതായിരുന്നു വിഷയം. അദ്ദേഹത്തിന്‍റെ അവതരണം കേട്ടപ്പോള്‍ അഭിമാനം തോന്നി. ഈ വൈകിയ വേളയിലെങ്കിലും ഈ വിഷയം ഉന്നയിക്കാന്‍ സമുദായത്തെ ഉണര്‍ത്താന്‍ ഒരാളെങ്കിലും എഴുന്നേറ്റു വന്നല്ലോ എന്നതായിരുന്നു  ആശ്വാസം.  പക്ഷെ ഇതിനു സമുദായത്തില്‍ വല്ല ഓളവും സൃഷ്ട്ടിക്കാന്‍ കഴിയുമോ എന്ന് കാത്തിരിക്കുന്നവര്‍ക്ക് നിരാശയായിരിക്കും  ഫലം എന്ന് വൈകാതെ തന്നെ മനസ്സിലായി. കാരണം ഇത് വരെ   ഇതിനു അനുകൂലമായി ഉത്തരവാദത്തപ്പെട്ട ആരും ഒരു സംഘടനയില്‍ നിന്നും പ്രതികരിച്ചില്ല എന്ന് മാത്രമല്ല എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തു അവസാനം പ്രസ്തുത വ്യക്തി സ്വന്തം സംഘടനയില്‍ നിന്നു തന്നെ  പുറത്താക്കപ്പെട്ടു എന്നാണു കേള്‍ക്കുന്നത്.
രഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണത്തിനു മുന്നോടിയായി ചന്ദ്രിക പത്രത്തില്‍ കൊടുത്ത പരസ്യം. 

   കുരിശു യുദ്ധ കാലഘട്ടത്തില്‍ വിശുദ്ധ ഭൂമിയുടെ മോചനത്തിന് പോരാളികളെ ഒരുക്കാന്‍ വേണ്ടി പോപ്പ്  അര്‍ബന്‍ രണ്ടാമന്‍ ഫ്രാന്‍സിലെ ക്ലെമെന്‍റെ കൌണ്‍സിലില്‍ വെച്ച് നടത്തിയ പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. അതില്‍ അദ്ദേഹം കുരിശും വഹിച്ചു യുദ്ധത്തില്‍ പങ്കെടുക്കുന്ന  മുഴുവന്‍ പോരാളികള്‍ക്കും അവരുടെ കഴിഞ്ഞ കാലത്തെയും ഇനി യുദ്ധത്തില്‍  ചെയ്യാന്‍ പോകുന്നതുമായ മുഴുവന്‍ പാപങ്ങള്‍ക്കും മോചനം ഓഫര്‍ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെയാവണം കുരിശു പോരാളികള്‍ ജെരൂസലം കീഴടക്കിയപ്പോള്‍ വിശുദ്ധ ഭൂമിയില്‍ ഞെരിയാനിക്ക് മുകളില്‍ വരെ മുസ്ലികളുടെയും ജൂതന്മാരുടെയും രക്തം തളം കെട്ടി നിന്നിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഫേസ് ബുക്കിലെ പോരാട്ടം കാണുമ്പോള്‍ മാര്‍പ്പാപ്പ നല്‍കിയ ആ പഴയ പാപ മോചനമാണ് ഓര്‍മയിലെത്തുനത്. സംഘടനകള്‍ ഈ ചാവേരുകള്‍ക്ക് പാപ മോചനം ഓഫര്‍ ചെയ്തിട്ടാണോ ആയുധങ്ങളുമായി പോരാട്ട ഭൂമിയിലേക്ക്‌ ഇറക്കി വിട്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അത്ര മാത്രം തിന്മകളാണല്ലോ സംഘടനകള്‍ക്ക് വേണ്ടി അവര്‍ ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്.

മുസ്ലിം സമൂഹത്തിലെ അഭിപ്രായ വ്യത്യാസങ്ങളും അനൈക്യങ്ങളും ഒരു യാഥാര്‍ത്ഥ്യമാണ്. അതിനു സഹാബികളോളം തന്നെ പഴക്കവുമുണ്ട്. ഏകദേശം ഒരു ദശകം മുമ്പ് വരെ പെരുന്നാളും നോമ്പും വരുമ്പോള്‍ സമുദായത്തിലെ പലര്‍ക്കും വേദന സമ്മാനിച്ച ഒരു സംഭവമാണ് മാസപ്പിറവിയുമായി ബന്ധപ്പെട്ടു വരുന്ന റേഡിയോ  പത്രവാര്‍ത്തകള്‍. ഒരു വിഭാഗം നാളെ മാസം കാണുമോ എന്ന് നോക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വേറെ രണ്ടു വിഭാഗങ്ങള്‍ നാളെ മാസം കാണില്ല അത് കൊണ്ട് മറ്റന്നാള്‍ നോമ്പ് തുടങ്ങുമെന്നു  ആദ്യം തന്നെ ഉറപ്പിക്കും. ഏതായാലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ഏര്‍പ്പാട് അവസാനിച്ചിട്ടുണ്ട്. നിസ്കാരത്തില്‍ കൈ എവിടെ കെട്ടണം എന്ന വിഷയത്തില്‍ ഒരു പാട് കാലം ഇവിടെ തര്‍ക്കങ്ങള്‍ നടന്നു. അവസാനം പുറം നാടുകളില്‍ പോയി നോക്കിയപ്പോള്‍ പലരും കൈ തന്നെ കേട്ടാതെയാണ് നിസ്കരിക്കുന്നത് എന്ന് കണ്ടപ്പോള്‍ അതും താല്‍ക്കാലികമായി അവസാനിച്ചു.  ഇപ്പോള്‍ പഴയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നില്ല. പകരം  ന്യൂ ജെനറേഷന്‍ തരക്കങ്ങള്‍ ഉയര്‍ന്നു വന്നു. ജിന്നും മുടിയുമാണ്‌ ഇപ്പോള്‍ താരം. ഇതിന്‍റെ പേരില്‍  കൊമ്പ് കോര്‍ക്കുകയാണ് സംഘടനകള്‍.
മുജാഹിദ് ജിന്ന് വിഭാഗം പ്രഭാഷകന്‍ റഷീദ് ഹെല്‍മെറ്റ്‌ ധരിച്ചു പ്രസംഗിക്കുന്നു.

ഏകദേശം കഴിഞ്ഞ എണ്പതു വര്‍ഷത്തെ കേരള മുസ്ലിം ചരിത്രവും വളര്‍ച്ചയും പരിശോധിച്ചാല്‍  സമുദായ സംഘടനകളും ഗള്‍ഫ്‌ പണവും വഹിച്ച പങ്ക് ഏറ്റവും വലുതാണെന്ന് മനസ്സിലാവും.  വിവിധ സംഘടനകള്‍ മുസ്ലിം സമൂഹത്തിന്‍റെ പുരോഗതിക്കു വേണ്ടി നല്‍കിയ സംഭാവനകളെ അവഗണിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത് വിവിധ സംഘടനകള്‍ നല്‍കിയ വലുതും ചെറുതുമായ  കാല്‍ വെപ്പുകളാണ് ഈ സമുദായത്തെ ഈ രൂപത്തില്‍ ഉയര്‍ത്തികൊണ്ടുവന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. യതീം ഖാനകളും മദ്രസ്സകളും സ്കൂളുകളും കോളേജ്ജുകളും പള്ളികളും വയളുകളും  വിവിധ പ്രസിദ്ധീകരണങ്ങളുമൊക്കെ ഈ സമുദായത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌. ഗള്‍ഫ്‌ പണം ക്രിയാത്മകമായി സമുദായത്തില്‍ ഉപയോഗപ്പെടുത്തിയതും  സംഘടനകളുടെ തണലില്‍ തന്നെയാണ്. അത് കൊണ്ട് തന്നെ സംഘടനകളെ കുറ്റം പറയാന്‍ ഞാനില്ല. അതെ സ്ഥാനത്തു ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പര്‍വ്വതീകരിച്ച് സംഘടനകള്‍ക്കിടയില്‍ ഉണ്ടായ പിളര്‍പ്പുകള്‍ക്ക് ശേഷം സമുദായത്തില്‍ മേധാവിത്തം നേടാന്‍ ഇവര്‍  നടത്തിയ ശ്രമങ്ങള്‍ അതിലെ രാഷ്ട്രീയം, സമ്പത്ത് അധികാരം ഇവയൊക്കെ കാര്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

   സംഘടനകളുടെ  സേവനങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ. മാന്യതയുടെയും  സംസ്കാരത്തിന്‍റെയും സകല സീമകളും ലഘിച്ചു കൊണ്ടുള്ള ഈ  പോരാട്ടം എന്തിനു വേണ്ടിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരാളികളെ അവമതിക്കെണ്ടതും  മോശക്കാരുമാക്കേണ്ടതും   വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ അത്യാവശ്യമാണ്‌. അതെ സമയം സ്വര്‍ഗ്ഗത്തിലേക്ക് ആളുകളെ എത്തിക്കുന്ന ജോലി ഏറ്റെടുത്ത മത സംഘടനകള്‍ എതിര്‍ സംഘടനക്കെതിരെ സംസ്കാര രഹിതമായ ഭാഷയില്‍  അറപ്പുളവാക്കുന്ന ആരോപനങ്ങളുമായി തെരുവില്‍ പോരടിക്കുന്നത് എന്ത് നേടാനാണെന്ന് ഈ സമൂഹത്തെ ഒന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമോ ? എന്ത് കൊണ്ട് സംഘടനകള്‍ക്ക് ആരോഗ്യകരമായ സംവാദങ്ങളില്‍ ഏര്‍പ്പെടാനോ സമാന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എതിര്‍ സംഘടനക്കാര്‍ മോശക്കാരാണെന്ന് വരുത്തിത്തീര്‍ത്താല്‍ മാത്രമേ സ്വന്തം സംഘടനക്കു മഹത്വം ഉണ്ടാവൂ  എന്ന ചിന്തയല്ലേ നമ്മെ ഇത് പോലെ തരാം താഴ്ത്തിയത്. അതോ സമുദായത്തിന്‍റെ മൊത്തം കുത്തക തീരെഴുതിക്കിട്ടിയാലുള്ള  അധികാരവും പദവികളും സ്വാധീനവും നേതാക്കളേ  പ്രലോഭിപ്പിക്കുന്നതാണോ ?

  ഫോട്ടോ ഷോപ്പില്‍ വാര്‍ത്തെടുക്കുന്ന ചിത്രങ്ങളും,കട്ട് മുറിച്ച വീഡിയോകളും, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആരോപണങ്ങളും കൂട്ടിയുണ്ടാക്കുന്ന പോസ്റ്റുകളും കൊണ്ട് നിങ്ങള്‍ എതിര്‍  സംഘടനകളെ  കരിവാരിത്തെക്കുമ്പോള്‍ നിങ്ങളുടെ സംഘടന ശുദ്ധമാവുകയല്ല മറിച്ച് പൊതു സമൂഹത്തിനു മുന്നില്‍ ഇസ്ലാം മതത്തെ കരിവാരിത്തെക്കുകയാണ് ചെയ്യുന്നത്. സംഘടനാ ഭ്രാന്ത് ബാധിച്ച കുറച്ചു പേര്‍ ചെയ്യുന്ന എന്ത് തോന്നിവാസവും ന്യായീകരിക്കാന്‍ കമ്മന്‍റും ലൈക്കുമായി പ്രോത്സാഹനം നല്‍കാനും ഏതാനും പേര്‍  പിറകെയുണ്ടാവും. അതെ സ്ഥാനത്തു ഇതൊക്കെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന പുതിയ തലമുറ സംഘടനകളോട് മാത്രമല്ല ദീനി ജീവിതത്തോട് തന്നെ അല്ലെര്‍ജി കാണിക്കുന്നവരായി മാറുന്നു എന്നാ വസ്തുത കാണാതിരിക്കരുത്.
കുടുംബ സമേതം വിസ്മയ പാര്‍ക്കില്‍ പോയ ഹമീദ് ഫൈസിയെ അവഹേളിക്കുന്ന ഫോട്ടോ 

ഫേസ്ബുക്കില്‍ പ്രകോപനമുണ്ടാക്കുന്നക്കുന്ന പോസ്റ്റ്കളിട്ട്  ലൈക്കും കമ്മന്‍റും  ഒരു പാട് നേടി സമൂഹത്തെ കൊണ്ട്   പണ്ഡിതരെയും സയ്യിദന്മാരെയുമൊക്കെ  പരസ്പരം തെറി പറയിച്ചു  ആത്മ നിര്‍വൃതി നേടുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു. ആരാണാവോ ഇവരെയൊക്കെ ഈ രൂപത്തില്‍  വളര്‍ത്തുന്നത്.  ഫിതനയും ഫസാദും ഉണ്ടാക്കല്‍  കൊലപാതകത്തെക്കാളും  ഗൌരവമുള്ളതാനെന്ന  പ്രവാചക വചനം എന്തെ ആരും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല.  അതോ സംഘടനക്കു വേണ്ടിയാകുമ്പോള്‍  ഇതൊക്കെ അനുവദനീയമാകുമോ..?
അവഹേളനത്തിന്‍റെ മറ്റൊരു മുഖം 

അങ്ങാടിയില്‍ പോയി സ്റ്റേജ് കെട്ടി തെറി പൂരം നടത്തുന്ന നേതാക്കള്‍ അത് കേട്ട് ആര്‍ത്തു ചിരിച്ചു തക്ബീര്‍ ചൊല്ലുന്ന അല്ലെങ്കില്‍ കയ്യടിക്കുന്ന അണികള്‍ . കട്ട് മുറിച്ച ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിച്ചു സമൂഹത്തെ വിഡ്ഢികലാക്കുന്നവര്‍,  ജയിക്കാനായി നടത്തുന്ന സംവാദങ്ങള്‍,  പൊട്ടന്മാര്‍, കഴുതകള്‍ , ഇബ്ലീസ്‌, വിഡ്ഢികള്‍, തന്തക്കു ജനിക്കാത്തവര്‍ .തുടങ്ങി കേള്‍ക്കാന്‍ അറക്കുന്ന   പദപ്രയോഗങ്ങള്‍ ഉപയോഗിച്ച്  വെല്ലു വിളികളുമായി നടക്കുന്നവര്‍, നിമിഷനേരം കൊണ്ട് എതിര്‍ പാര്‍ട്ടിക്കാരനെ കാഫിറും മുശ്രിക്കുമാക്കാന്‍ മത്സരിക്കുന്നവര്‍ --ഈ രൂപത്തിലോക്കെയാണ് ഇന്ന് മുസ്ലിം സംഘടനകള്‍ ഇസ്ലാമിനെ പൊതു സമൂഹത്തിനു കാണിച്ചു കൊടുക്കുന്നത്.

ബുര്‍ദ്ധയില്‍ തുടങ്ങി സ്വലാത്തിലും ദുആയിലും അവസാനിക്കുന്ന സമൂഹത്തിനു ആത്മീയ അറിവുകള്‍ നല്‍കിയിരുന്ന വയളുകള്‍  ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായി എന്ന് തന്നെ പറയാം  അല്ലെങ്കില്‍ അവ സംഘടനകള്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. പകരം എതിര്‍ സംഘടനകളെ മോശക്കാരാക്കി തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന പ്രഭാഷണങ്ങള്‍ അരങ്ങേറി. ഇരുപതും മുപ്പതും  കുടുംബങ്ങള്‍ താമസിക്കുന്ന മഹല്ലുകളില്‍ പോലും ദിവസങ്ങള്‍ നീണ്ടു പോകുന്ന വെല്ലു വിളി പ്രസംഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. മറു വിഭാഗം മറുപടി പറഞ്ഞില്ലെങ്കില്‍ അവര്‍ തോറ്റവരായി മുദ്രകുത്തി   പോസ്റ്റ്‌റുകള്‍ ഇറക്കി പ്രകോപനം സൃഷ്ടിക്കുന്നു. സമുദായത്തിന്‍റെ സമ്പത്ത് സ്റ്റേജ് കെട്ടാനും അന്നൌന്‍സ് ചെയ്യാനും മാത്രമുള്ളതായി ചുരുങ്ങി പോകുന്നു ഇവിടെ.

സംഘടനകളുടെ ശത്രുതയും പോരാട്ടവും അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്നുവെങ്കില്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ എത്ര ഗുരുതരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയില്‍ ഒരു സംഘടന നിര്‍മിച്ച പള്ളിയും മദ്രസ്സയും കൂടെ ഒരു പാട് വാഹനങ്ങളും ഇരുളിന്‍റെ മറവില്‍ തകര്‍ക്കപ്പെട്ടു. പ്രതികളെ പിടിക്കപ്പെട്ടു. പ്രതികള്‍ ഉള്‍പ്പെട്ട സംഘടനക്കു പേര് ദോഷം വന്നു. ഉടനെ അവര്‍ അടുത്ത അടവെടുത്തു. മറ്റൊരു രാത്രി അവര്‍  സ്വന്തം മദ്രസ്സ കത്തിച്ചു. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ ഒട്ടു മിക്ക വസ്തുക്കളും നശിപ്പിച്ചു. വിശുദ്ധ ഖുര്‍ആനിന്‍റെ മുഴുവന്‍ കത്തിപ്പോകാത്ത   ഭാഗം ഉയര്‍ത്തിപ്പിടിച്ചു നേതാക്കള്‍  പിറ്റേ ദിവസം പത്രക്കാരെ കാണിച്ചു എതിര്‍ സംഘടനക്കെതിരെ ആഞ്ഞടിച്ചു. നാട് നീളെ പ്രകടനം നടത്തി, പ്രകോപന മുദ്രാവാക്യം വിളിച്ചു,  പകുതി കത്തിയ വിശുദ്ധ ഖുര്‍ആന്‍റെ  ഫോട്ടോ വെച്ച് ഫേസ് ബുക്ക് പോരാളികള്‍ രംഗത്തിറങ്ങി പോരാട്ടം ആരംഭിച്ചു.  വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഘപരിവാരികള്‍ക്കെതിരെ പ്രധിഷേധിച്ച്  വെടിയേറ്റ്‌ വീണ ഈ സമുദായം ഈ നാടകം കണ്ട് ഞെട്ടിത്തരിച്ചു. ഒരു പാട് സമുദായ സംഘടനകളും നേതാക്കളും ഉണ്ടായിട്ടും ഒരാള്‍ പോലും ഈ തെമ്മാടിതത്തിനെതിരെ ശബ്ദം ഉയര്‍ത്തിയില്ല. സമുദായ പാര്‍ട്ടിക്കാര്‍ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ മത്സരിച്ചു.  ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഏറെ പ്രചാരമുള്ള സമുദായ പത്രം കലക്ക് വെള്ളത്തില്‍ മീന്‍ പിടിച്ചു പാരമ്പര്യം നിലനിര്‍ത്തി.. അക്രമികളെ വെള്ളപൂശി എഡിറ്റോറിയല്‍  എഴുതി.
മണ്ണാര്‍ക്കാട് വെട്ടേറ്റു മരിച്ച സഹോദരങ്ങളില്‍ ഒരുവന്‍ 

  ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സംഘടനാ ഭ്രാന്ത് പിടിച്ച ഏതാനും ചെറുപ്പക്കാര്‍ മണ്ണാര്‍ക്കാട് രണ്ടു സഹോദരന്മാരെ  അതിക്രൂരമായി വെട്ടിക്കൊന്നു.കൊലപാതകത്തിന് കാരണം അവര്‍ എതിര്‍സംഘടനയില്‍ പെട്ടവരായിപ്പോയി, മാത്രമല്ല  സംഘടനാ പിരിവുകള്‍  മഹല്ല്പള്ളിയില്‍ വെച്ച് നടത്തരുത് എന്നാവശ്യപ്പെട്ടു കോടതി വിധി സമ്പാദിച്ചിരുന്നു  അവര്‍. അതില്‍ ഒരു സഹോദരന്‍റെ ശരീരത്തില്‍ മുപ്പത്തിയഞ്ചോളം വെട്ടുകളുണ്ടായിരുന്നുവത്രേ. . ടി പി ചന്ദ്രശേഖരന്‍റെ വെട്ടുകളുടെ എണ്ണം വെണ്ടക്ക നിരത്തി ആഘോഷിച്ച സമുദായ പത്രങ്ങള്‍ ഉള്‍വലിഞ്ഞു. അക്രമികളെ ന്യായീകരിക്കാന്‍ നേതാക്കളെത്തി. സമുദായ നേതാവ് വളരെ വൈകി  ഒരു ന്യൂട്രല്‍  പ്രസ്താവനയിലൂടെ  കൈ കഴുകി വിശുദ്ധനായി.. ഫേസ്ബുക്ക് പോരാളികള്‍ കൊല്ലപ്പെട്ടവരുടെ ചരിത്രം ചികഞ്ഞു.അവര്‍ കമ്മ്യൂണിസ്റ്റ് ബന്ധമുള്ളവരാണെന്ന് കണ്ടെത്തി അത്  കൊണ്ട് കൊല്ലപ്പെടെണ്ടവര്‍ തന്നെ എന്ന ന്യായം നിരത്തി . പിന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഘര്‍ഷത്തില്‍  ഒരു വ്യക്തി കൊല്ലപ്പെട്ടാപ്പോള്‍ ഇവരും അവിടെ  ഉണ്ടായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു  എന്ന കണ്ടെത്തല്‍ നടത്തി പ്രതികള്‍ക്ക് വേണ്ടി ശബ്ദിച്ചു..പക്ഷെ  കൊല നടത്തിയ കുറ്റവാളികളുടെ  ചരിത്രം, പാര്‍ട്ടി, സംഘടന, ഇവ ചികയാന്‍ ആരെയും കണ്ടില്ല. ഈ ചെറുപ്പക്കാരെ ഇത്ര ക്രൂരരാക്കിയത് ആരാണെന്ന് ആരും ചര്‍ച്ച ചെയ്തില്ല.  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരിക്കടുത്ത പ്രദേശത്തു  ഒരു വയോവൃദ്ധന്‍ അടിയേറ്റു വീണു മരണപ്പെട്ടു. കാരണം എല്ലാ വിഭാഗവും  കൂടി നടത്തുന്ന മദ്രസ്സയിലെ പരിപാടിയില്‍ സംഘടനാ ഗാനം വെക്കാതെ ഖുര്‍ആന്‍ വെക്കണം എന്ന് ആവശ്യപ്പെട്ടതാനത്രേ. ഇതൊക്കെയാണ്  ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സംഘടനകളുടെ ഇസ്ലാമിക പ്രബോധനം. സംഘടനകള്‍ സമുദായത്തിന് നല്‍കിയ വലിയ വലിയ നന്മകളെപ്പോലും നിഷ്പ്രഭാമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നമ്മുടെ നേതാക്കള്‍ക്ക് ഒരു ഞെട്ടല്‍ പോലും അനുഭവപ്പെടുനില്ല എന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നു.
ഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ സ്വഭാവം 

ആദര്‍ശ പ്രഭാഷണങ്ങള്‍ ഇന്ന് നടക്കുന്നില്ല. ആദര്‍ശത്തില്‍ ചവിട്ടി തുടങ്ങുന്ന പ്രഭാഷണം പരദൂഷനത്തിലും വ്യക്തിഹത്യയിലും ആരോപണത്തിലും  തെറിപ്രയോഗങ്ങളിലുമാണ് അവസാനിക്കുന്നത്. ഇത് അവിടം കൊണ്ടും അവസാനിക്കുന്നില്ല റെക്കോര്ഡ് ചെയ്തു യു ടുബില്‍ കയറ്റി ഫേസ് ബുക്കില്‍ ലിങ്ക് കൊടുത്ത് സകല  സമുദായക്കാരെയും കേള്‍പ്പിക്കും. അങ്ങിനെ ഈ സമുദായത്തിന്‍റെ മാനം എല്ലാ സംഘടനകളും കൂടി പറിച്ചു ചീന്തി ആഘോഷിക്കും. സച്ചരിതരായ മഹത്തുക്കള്‍ ത്യാഗം വരിച്ചു എത്തിച്ചു തന്ന മതത്തെക്കാളും വലുതാണല്ലോ സംഘടനകളുടെയും അവയുടെ നേതാക്കളുടെയും മാനം. സ്വന്തം സംഘടനയില്‍ ഉള്‍പ്പെടുന്ന പണ്ഡിതന്മാരെയും സയ്യിടന്മാരെയും മഹത്തുക്കളാക്കാനും എതിര്‍ ചേരിയില്‍ ഉള്‍പ്പെട്ടവരെ മോശക്കാരാക്കാനും ഗവേഷണം നടത്തുന്നവരാണ് ഫേസ് ബുക്ക് പോരാളികള്‍. ഇതില്‍ കൂടി ലഭിക്കുന്ന ലൈക്കുകളാണ് അവരുടെ ആസ്തി.ഈ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ പുതിയ പുതിയ ഉത്പന്നങ്ങളുമായി അവര്‍ ദിവസവും ഇറങ്ങും.മറ്റുള്ളവരെ മോശക്കാരാക്കിയാല്‍ ഉയരുന്നതാണ് തങ്ങളുടെ നേതാക്കളുടെ  മഹത്വമാകുമെന്ന വിവരക്കേട്  ആരാണാവോ ഇവര്‍ക്ക് തിരുത്തിക്കൊടുക്കുക.പണ്ടിതന്മാരോടും സയ്യിടന്മാരോടും സമുദായം പുലര്‍ത്തുന്ന ആദരവിനെയും ബഹുമാനത്തേയും നശിപ്പിക്കാന്‍ നടക്കുന്ന ഇവരെ തിരുത്താന്‍ സംഘടനകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വരും തലമുറ വിശ്വാസങ്ങളോട് വിമുഖത കാണിച്ചാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് നിങ്ങള്‍ക്കു ഒഴിഞ്ഞു മാറാന്‍ കഴിയില്ല.




നിങ്ങളുടെ അറിവിനെയും നേതൃത്വത്തെയും സേവനങ്ങളെയും  ആദരിക്കുന്നു. മുകളില്‍ കൊടുത്ത തീവ്ര അസഹിഷ്ണുതയും  അക്രമങ്ങളും സമുദായത്തിനും സംഘടനകള്‍ക്കും എന്ത് നേട്ടമാണ് ഇത് വരെ ഉണ്ടാക്കിയിട്ടുള്ളത്  എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ? എത്രമാത്രം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും ഊഹങ്ങളും ആരോപനങ്ങലുമാണ് അങ്ങാടിയില്‍ വെച്ച് പരസ്യമായി സംഘടനകള്‍ പരസ്പരം തൊടുത്തു വിടുന്നത്.സംഘടനകള്‍ക്ക് വേണ്ടിയാകുമ്പോള്‍ എല്ലാം ഹലാലാവുന്ന, ന്യായീകരിക്കപ്പെടുന്ന അവസ്ഥ എന്ത് കൊണ്ട് ഉണ്ടാവുന്നു ഇവിടെ?

നേതാക്കളേ, നിങ്ങളുടെ വെല്ലുവിളികള്‍ കേട്ട് ആവേശം കൊള്ളുന്ന പരിഹാസങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന ഒരു ന്യൂനപക്ഷത്തിനപ്പുരത്തെക്ക് എന്ത് കൊണ്ട് നിങ്ങളുടെ ചിന്തകള്‍ ഉയരുന്നില്ല. ഇവയൊക്കെ ശ്രവിക്കുന്ന ഇതര മതസ്ഥര്‍ ഇസ്ലാമിനെ പറ്റി ഉണ്ടാക്കിയെട്ക്കുന്ന കാഴ്ചപ്പാട് എന്താവും എന്ന ചിന്ത നിങ്ങളെ എപ്പോഴെങ്കിലും ആലോസരപ്പെടുത്തിയിട്ടുണ്ടോ?. അതിനുമപ്പുറം വളര്‍ന്നു വരുന്ന പുതിയ തലമുറ ഈ ഈ  നാടകങ്ങള്‍ കണ്ടു സംഘടനകളില്‍ നിന്നും മതവിഷയങ്ങളില്‍ നിന്നും അകന്നു പോകുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ടോ ആവോ. പണ്ഡിതന്മാരെയും സയ്യിടന്മാരെയും അവമതിക്കുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്നു  വരുന്നുവെങ്കില്‍ അതിനു കാരണക്കാര്‍ നിങ്ങളാനെങ്കില്‍  പിന്നെ എന്തിനാണ് ഈ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.


ഫേസ്ബുക്കില്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് ഏതാനും വ്യക്തികള്‍ ആണെന്നാണ് മറുപടി എങ്കില്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് ഔദ്യോഗികമായി കാര്യങ്ങള്‍ വിശധീകരിക്കാന്‍ സ്വന്തമായി പേജുകള്‍ തുടങ്ങിക്കൂടാ.

നേതാക്കളുടെ പേരില്‍  ഫേസ്ബുക്കില്‍ ഉള്ള  പേജുകള്‍ക്ക് നിങ്ങള്‍ ഉത്തരവാതിയല്ലെങ്കില്‍ എത്രയും പെട്ടെന്ന് അവ പൂട്ടിക്കാന്‍  നടപടികള്‍  സ്വീകരിക്കുക. ഇല്ലെങ്കില്‍ ഭാവിയില്‍ അപകടം വരുത്തും എന്നറിയുക.


വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് പ്രകോപന പോസ്റ്റ്കള്‍ നടത്തുന്നവര്‍ സംഘടനക്കാരല്ലെങ്കില്‍  അത് പരസ്യമായി  പ്രഖ്യാപിക്കുക.


കമ്മന്‍റമാനിയയും ലൈക്ക്മാനിയയും പിടികൂടിയ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ഉപദേശിക്കുക. 


വ്യാജ പ്രൊഫൈലുകളില്‍ എത്തി ഫിത്‌ന നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ പഠിപ്പിക്കുക.


കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്നവരെ തിരിച്ചറിയുക. പല പോസ്റ്റുകളും തയ്യാറാക്കി പരസ്പരം തല്ലിക്കുന്നവര്‍ ഈ സമുദായത്തിന്‍റെ ഭിന്നിപ്പിന്‍റെ ആഴം കൂട്ടാന്‍ നടക്കുന്നവരും അത് ആഘോഷിക്കുന്നവരുമാണെന്ന് തിരിച്ചറിയുക.

നൂറു ശതമാനം സത്യമുള്ള വാര്‍ത്തകള്‍ പോലും  പോസ്റ്റുമ്പോള്‍ അവ അത്യാവശ്യമാണോ എന്ന് പല വട്ടം ആലോചിക്കാന്‍ പഠിപ്പിക്കുക.


വ്യക്തികളെ അവഹെളിക്കുനതും പണ്ടിതന്മാരെയും നേതാക്കളെയും മോശക്കാരാക്കുനതുമായ പോസ്റ്റുകള്‍  പാടെ ഒഴിവാക്കുക.


മറ്റു സംഘടനകളോട്  മാന്യമായി പ്രതികരിക്കാന്‍ പരിശീലിപ്പിക്കുക.

സംഘടനാ ക്ലാസ്സുകളില്‍ ഫേസ്ബുക്ക് ഏറ്റിക്കറ്റ്(etiquette=മര്യാദ ) പഠിപ്പിക്കാന്‍  ശ്രമിക്കുക.


ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും  സഹിഷ്ണുതയുടെയും മഹത്വത്തെ പറ്റി പറയുന്നവര്‍ ആ വലിയ നന്മക്കു  വേണ്ടി ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് ഐക്യപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുക. സമുദായത്തിലെ ഐക്യത്തിന് വേണ്ടിയുള്ള ഒരു ചെറിയ ശ്രമം പോലും ഉന്നതമായ നന്മയായി വരും തലമുറ നിങ്ങളെ സ്മരിക്കും തീര്‍ച്ച.   ഇതുപോലെ  സ്വയം പരിഹാസ്യരാവുന്ന സമുദായത്തെ അവഹേളിക്കുന്ന പോരാട്ടവുമായി മുന്നേറാനാണ് ഭാവമെങ്കില്‍ വരും തലമുറ  നിങ്ങളെ എത്ര കണ്ടു ഉള്‍ക്കൊള്ള്മെന്നു കണ്ടറിയേണ്ടതുണ്ട് .

(പക്വത എത്താത്ത സമുദായ സംഘടനക്കാര്‍  ഫേസ്ബുക്ക് പോലോത്ത വിശാലമായ മീഡിയ കാന്‍വാസ്സിനെ മനസ്സിലാക്കാതെ  അതിന്‍റെ ആഴവും പരപ്പും ഉള്‍കൊള്ളാതെ   നടത്തുന്ന ഇടപെടലുകളും  ഈ വൈകിയ വേളയില്‍ പോലും അവരെ തിരുത്താന്‍ ശ്രമിക്കാത്ത സംഘടനാ  നേതാക്കളുടെ  നിസ്സഗതയോടുമുള്ള  പ്രധിഷേധമാണ്  ഇവിടെ പ്രകടിപ്പിച്ചത്. ഈ അടുത്ത കാലത്ത് നടന്ന ഗുരുതരമായ ഏതാനും ചില വിഷയങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്,തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം )

5 comments :

  1. അസ്സലാമു അലൈക്കും
    ഇനി ഇതൊന്നും നേരെ ആകും എന്ന് എനിക്കു തോന്നുന്നില്ല ..കാരണം റസൂല്‍ പറഞ്ഞത് ശരിയാകണമെങ്കില്‍ ഇതൊക്കെ ഇവിടെ വേണമല്ലോ ! ഇതൊക്കെ ഖിയാമത്ത് നാളിന്‍റെ അടയാളങ്ങളില്‍ ഒന്ന് മാത്രം!!!!!!അള്ളാഹു ഞമ്മളെ എല്ലാവരെയും കാക്കട്ടെ !ആമീ...

    ReplyDelete
    Replies
    1. മുഹമ്മദ്‌ കെ പിDecember 21, 2013 at 9:02 PM

      ഇതൊക്കെ നേരെയാക്കാനല്ലെങ്കില്‍ നേരെയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ സംഘടനകള്‍ ഇവിടെ

      Delete
  2. സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദുല്‍ അസീസ് സഖാഫി
    മസ്‌കത്ത്: സോഷ്യല്‍ മീഡിയ ആക്ടവിസം സജീവമായ കാലത്ത് അവിടെ നടക്കുന്ന ചീത്ത സംസ്‌കാരങ്ങള്‍ക്കെതിരെ സമൂഹം കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമിതി ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. നന്മകളുണ്ടെങ്കിലും തിന്മകളുടെ കൂമ്പാരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രവഹിക്കുന്നു. ‘ആം ആദ്മി’ കാലത്ത് വ്യവസ്ഥാപിത ആശയങ്ങളോടുള്ള വിയോജിപ്പുകള്‍ക്ക് സംഘടിത രൂപം പ്രാപിക്കുന്നത് സോഷ്യല്‍ മീഡികളിലാണ്. ഔചിത്യ ബോധമില്ലാതെയും സാങ്കേതിക കുരുക്കുകള്‍ അറിയാതെയും അഴുക്കുകളുടെ പ്രചാരകരാകാനും വാഹകരാകാനും കാരണമാകുന്നുണ്ടെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മസ്‌കത്തിലെത്തിയ അദ്ദേഹം സിറാജിനോട് സംസാരിച്ചു.
    മതപരവും സാമുദായികവും സംഘടനാപരവുമായ പോസ്റ്റുകളും കമന്‍ഡുകളും ധാരാളമായി ഫെയ്‌സ്ബുക്ക് ഉള്‍പെടെയുള്ള ന്യൂ മീഡിയികളില്‍ പ്രചരിക്കുന്നു. വസ്തുതാന്വേഷണങ്ങളുടെ അടിസ്ഥാനമുള്ളവയല്ല പലതും. കാണുന്ന പോസ്റ്ററുകളും പ്രഭാഷണങ്ങളും ആശയങ്ങളുമെല്ലാം ‘ഷെയര്‍’ ചെയ്യുന്നതില്‍നിന്ന് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണം. സംഘടനാ സന്ദേശങ്ങള്‍ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും വരുന്നവയാണ്. ചില പ്രാദേശിക സന്ദര്‍ഭങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളും പ്രചരിപ്പിക്കേണ്ടവയല്ല. സംഘടനാ നിലപാടുകള്‍ സംഘടനാ വക്താക്കളാണ് വിശദീകരിക്കുക. സംഘടനയുമായി ബന്ധപ്പെട്ട സ്വന്തം അഭിപ്രായങ്ങള്‍ പൊതുമധ്യത്തില്‍ പോസ്റ്റു ചെയ്യുന്നതും അച്ചടക്കവിരുദ്ധമാണ്.
    http://www.sirajlive.com/2013/12/21/75338.html
    Story Dated: December 21, 2013 2:35 pm

    ReplyDelete
  3. ellaam shariyaavatte..athra maathram pratheekshhikkaam..

    ReplyDelete
  4. സോഷ്യല്‍ മീഡിയ ആക്ടിവിസങ്ങളില്‍ കരുതല്‍ വേണം: അബ്ദുല്‍ അസീസ് സഖാഫി മമ്പാട് .............................................http://www.sirajlive.com/2013/12/21/75338.html

    ReplyDelete

Leave your comments: