February 03, 2014

തിരുശേഷിപ്പുകളും ഇസ്ലാമിക സമൂഹവും - ഒരു പഠനം

    പ്രവാചകന്മാരും മഹത്തുക്കളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകള്‍ സംരക്ഷിക്കുക, ആദരിക്കുക, അനുഗ്രഹത്തിന് വേണ്ടി  ഉപയോഗപ്പെടുത്തുക തുടങ്ങിയ വിഷയത്തില്‍ ഇസ്ലാമിക സമൂഹം  ഏതു രൂപത്തിലാണ് പ്രവര്‍ത്തിച്ചത് എന്ന പഠനം തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു.   വിശുദ്ധ വേദ ഗ്രന്ഥത്തിലും , പ്രവാചക വചനങ്ങളിലും,സഹാബികളുടെ ജീവിതത്തിലും ഇമാമീങ്ങളുടെ  പഠനങ്ങളിലും  ഈ വിഷയവുമായി ബന്ധപ്പെട്ടു കാണുന്ന എണ്ണമറ്റ  പരാമര്‍ശങ്ങള്‍ തന്നെയാവണം ഇത്തരം ഒരു  പഠനത്തിനാവശ്യമായ പ്രമാണങ്ങള്‍. ഈ വിഷയസംബന്തമായി പ്രമാണങ്ങള്‍  പരതുമ്പോള്‍ ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത രൂപത്തില്‍ വിഷയങ്ങള്‍ തെളിഞ്ഞു കിടക്കുന്നു എന്നുള്ളത് പലരെയും ആശ്ചര്യപ്പെടുത്തും എന്നുള്ളത് തീര്‍ച്ചയാണ്

.  

    വിശ്വാസത്തില്‍ ശാസ്ത്രവും യുക്തിയും മാനദണ്ഡമാക്കുന്നവര്‍, മതത്തെ ആധുനിക വല്‍ക്കരിക്കാന്‍ സാഹസപ്പെടുന്നവര്‍, ആത്മീയതയെന്ന മതത്തിന്‍റെ ആത്മാവ് എടുത്തുകളഞ്ഞു മതത്തെ മാര്‍ക്കെറ്റ് ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത്തരം ഒരു ചര്‍ച്ച തന്നെ അപഹാസ്യമായി തോന്നും. പ്രവാചകന്‍ വിട്ടേച്ചുപോയത് ചട്ടിയും കലവുമല്ല  എന്ന ടാഗും  പ്രവാചകന്‍റെ കാലത്ത് യൂറോപ്യന്‍ ക്ലോസ്സെറ്റ് ഉണ്ടായില്ലല്ലോ എന്ന പരിഹാസവും  ഇത്തരം ചിന്തകളുടെ  നിഴലുകള്‍ തന്നെയാണ്.മുസ്ലിം സമൂഹം എല്ലാ കാലത്തും  തിരുശേഷിപ്പുകള്‍ക്കു പ്രത്യേക ആദരവും ബഹുമാനവും  നല്‍കിയിരുന്നു മാത്രമല്ല അവ അധികാരത്തിന്‍റെയും അറിവിന്‍റെയും അഭിമാനത്തിന്‍റെയും  പ്രതീകങ്ങളായി  ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ചരിത്രം പറഞ്ഞു തരുന്നു. അറിവിന്‍റെ ഉപരിപ്ലവതയും വിശ്വാസത്തിലെ ബാലഹീനതയുമാവാം ഇത്തരം വിഷയത്തില്‍ പ്രമാണങ്ങള്‍ ചാടിക്കടക്കാനും ബോഡി വേസ്റ്റ് പ്രയോഗങ്ങളിലെക്കും പലരെയും  പ്രേരിപ്പിക്കുന്നത്.


 ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇസ്ലാമിക ചരിത്രത്തില്‍ നിന്നുമുള്ള  ചില പരാമര്‍ശങ്ങള്‍ വിശദീകരണങ്ങള്‍ ഒന്നും തന്നെ നല്‍കാതെ   ഇവിടെ ഉള്‍പ്പെടുത്തുന്നു. വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഈ വിഷയത്തിലെ പ്രമാണങ്ങള്‍. മതത്തെ യുക്തിയുടെ ഡെറ്റോള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അരോചകമായെക്കാവുന്ന ചര്‍ദ്ധിയും ഓക്കാനവും ഉണ്ടാക്കാവുന്ന പ്രമാണങ്ങളിലെ  പല പരാമര്‍ശങ്ങളും  മനപ്പൂര്‍വ്വം ഈ ലേഖനത്തില്‍ നിന്നും ഒഴിവാക്കുന്നു. അത്തരക്കാര്‍ക്ക്  മതത്തോടു അല്ലര്‍ജി തോന്നാതിരിക്കാനും കൂടുതല്‍ പരിഹാസ ചിന്തകളും പോസ്റ്റുകളും ആയി  ഇറങ്ങുന്നത് തടയാനും ഉദ്ദേശിച്ചു കൊണ്ട് തന്നെയാണ് അവ നീക്കം ചെയ്യുന്നത്. ക്ഷമിക്കണം 


(തുര്‍ക്കിയില്‍ തോപ്പ്കാപ്പി മ്യൂസിയത്തില്‍ സൂക്ഷിച്ച പ്രവാചകന്‍റെ കത്ത്.)


വിശുദ്ധ ഖുര്‍ആന്‍

ഇബ്രാഹീം പ്രവാചകന്‍ നിന്ന സ്ഥലം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക”(സൂറത്തുല്‍ ബകറ) 


മക്കയിലെ വിശാലമായ ഹറം പ്രദേശത്തു എന്ത് കൊണ്ടാണ് മഖാം ഇബ്രാഹീം എന്ന പ്രത്യേക സ്ഥലത്തിനു മാത്രം ഇത്ര  പ്രാധാന്യം ലഭിച്ചത് എന്നുള്ളത് ശ്രദ്ധിക്കേണ്ട വിഷയമാണ്.. പ്രമുഖ ഖുറാന്‍ വ്യാഖ്യാതാക്കള്‍ ഈ വചനത്തെ വിശദീകരിക്കുന്നുണ്ട്. മഖാം ഇബ്രാഹീം എന്നത്  കഅബയുടെ പുനര്‍നിര്‍മ്മാണ വേളയില്‍ ഇബ്രാഹീം നബി (അ) മുകള്‍ഭാഗത്ത് കല്ലുകള്‍ വെക്കാന്‍ വേണ്ടി കോണിയായി ഉപയോഗിച്ച കല്ലായിരുന്നുവെന്നും  ആ കല്ലില്‍ ഇബ്രാഹീം പ്രവാചകന്‍റെ കാലടികള്‍ മാഞ്ഞു പോകാത്ത രൂപത്തില്‍ അടയാളപ്പെടുകയും ചെയ്തു..

 "ഇബ്രാഹീം പ്രവാചകന്‍റെ കാല്‍പാദം പതിഞ്ഞ  കല്ല്‌ സൂക്ഷിച്ച സ്ഥലമാണ മഖാം ഇബ്രാഹീം. ഈ കല്ലില്‍ കയറി നിന്ന് കൊണ്ടാണ് ശതകങ്ങള്‍ക്ക് മുമ്പ് ഇബ്രാഹീം നബി കഅബയുടെ പുനര്‍ നിര്‍മ്മാണം നടത്തിയത്". (ജലാലൈന്‍)

അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ട ഒരു കല്ലിനു  വളരെ പ്രാധാന്യവും പവിത്രതയും ഉള്ളത് കൊണ്ട്  കൊണ്ട് തന്നെയാണ് കഅബാ പ്രതിക്ഷണം എന്ന അതിപ്രധാനപ്പെട്ട ചടങ്ങ് കഴിഞ്ഞ ശേഷം മഖാമു ഇബ്രാഹീമിന്‍റെ അരികില്‍ പോയി  രണ്ടു റകഅത്തു സുന്നത് നിസ്കരിക്കാന്‍ നിര്‍ദ്ധേഷിക്കപ്പെട്ടത്‌.ത്വവാഫിന്‍റെ പൂര്‍ണ്ണതക്ക് ഈ നിസ്കാരവും അവിടെ വെച്ചുള്ള പ്രാര്‍ത്ഥനയും ആവശ്യമാണ്‌. അവിടെ വെച്ച് നിസ്കരിച്ചു പ്രാര്‍ത്തിച്ചവരുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.


“തീര്‍ച്ചയായും മനുഷ്യരക്കായി ഉണ്ടാക്കിയ ആദ്യ ദേവാലയം മക്കയിലെത് തന്നെ. അത് അനുഗ്രഹീതമാണ്. ലോകാര്‍ക്കാകെ വഴികാട്ടിയും. അതില്‍ വ്യക്തമായ ദ്ര്ഷ്ടാന്തങ്ങള്‍ - (വിശിഷ്യാ) മഖാമു ഇബ്രാഹീം- ഉണ്ട്.”(ആല് ഇമ്രാന്‍)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)വിന്‍റെ പ്രമുഖ ശിഷ്യന്‍ മുജാഹിദ്(റ)പറയുന്നു.

 അബ്രഹാം പ്രവാചകന്‍റെ ഇരു പാദങ്ങളും ഒരു കല്ലില്‍ പതിയുക എന്നത് തന്നെ ഒരു വലിയ ദ്ര്ഷ്ടാന്തം തന്നെയാണ്.( ഇബ്ന്‍ ജരീര്‍, ഇബ്ന്‍ മുന്സീര്‍)

അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ട ഒരു കല്ല്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുക, അത് സഹസ്രാബ്ദങ്ങളായി സംരക്ഷിക്കപ്പെടുക മാത്രമല്ല  അത് സൂക്ഷിക്കപ്പെട്ട സ്ഥലത്തിനരികില്‍ പ്രാര്‍ഥനക്ക് നിര്‍ദ്ധേഷിക്കപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നത് മഹത്തുക്കള്മായി ബന്ധപ്പെട്ട ശേഷിപ്പുകളുടെ മഹത്വത്തെ തന്നെയാണ് എന്ന് വ്യക്തമാണ്.


“അവരോടു അവരുടെ പ്രവാചകന്‍ പറഞ്ഞു. താലൂത്തിന്‍റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്തു വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള മനശാന്തിയും മൂസായുടെയും ഹാരൂന്റെയും കുടുംബാംഗങ്ങള്‍ വിട്ടേച്ചു പോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അത് വഹിച്ചു കൊണ്ട് വരുന്നതാണ്.നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്'” (അല്‍ ബകറ)

ഈ പെട്ടിയില്‍ (Ark of the Covenant) മൂസ പ്രവാചകന്‍റെ ചെരുപ്പുകളും, ഹാരൂണ്‍ പ്രവാചകന്‍റെ തലപ്പാവും സുലൈമാന്‍ നബിയുടെ  മോതിരവും, വേദ ഗ്രന്ഥത്തിന്‍റെ ഏതാനും ലിഖിതങ്ങളും അതുപോലുള്ള മറ്റു തിരുശേഷിപ്പുകളുമാണ് അടങ്ങിയിരുന്നത്. ബനൂ ഇസ്രായേല്‍ സമുദായം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ഈ പെട്ടി  അവര്‍ മുന്നില്‍ സൂക്ഷിക്കുകയും അതിന്‍റെ മഹത്വത്തെ മുന്‍നിറുത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു . അത് കൊണ്ട് തന്നെ അവര്‍ യുദ്ധങ്ങളില്‍ വിജയം വരിക്കുകയും  ഈ പെട്ടിയെ  വളരെ ആദരവോടെ സൂക്ഷിക്കുകയും  പ്രയാസങ്ങളില്‍ നിന്ന് കരകയറാന്‍ അവര്‍  അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു വന്നു പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു.

“മൂസാ നബിയുടെ ചെരിപ്പും, ഹാരൂണ്‍ നബിയുടെ തലപ്പാവും ,ഇസ്രായേല്‍ ജനതയ്ക്ക് അല്ലാഹു ആകാശത്ത് നിന്നും ഇറക്കി കൊടുത്ത പ്രത്യേക ഭക്ഷണത്തിന്റെ ഏതാനും ഭാഗവും, അവരുടെ വേദ ഗ്രന്ഥത്തിന്‍റെ ഏതാനും ലിഖിതങ്ങലുമായിരുന്നു ഈ പെട്ടിയിലെ തിരുശേഷിപ്പുകള്‍” (ജലാലൈന്‍) 

“ബനീ ഇസ്രായേല്‍ സമൂഹം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ഈ പെട്ടി മുന്നില്‍ സൂക്ഷിക്കുകയും ഈ തിരു ശേഷിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ മഹാത്മ്യം കൊണ്ട് വിജയം നേടാന്‍ പ്രാര്‍ത്തിക്കുകയും ചെയ്തിരുന്നു.”(രൂഹുല്‍ ബയാന്‍) (ജലാലൈന്‍)

മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കേണ്ടതും ആദരിക്കേണ്ടതും   അനുഗ്രഹത്തിന് വേണ്ടി  ഉപയോഗിക്കേണ്ടതുമൊക്കെയാണ് എന്ന് തന്നെയാണ് മുകളില്‍ കൊടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത്. തിരുശേഷിപ്പുകളെ ആദരിക്കല്‍ ജീവിതത്തില്‍ വിജയം നേടാനും അനുഗ്രഹങ്ങള്‍ കൈവരിക്കാനും കാരണമാകും മാത്രമല്ല അവയെ നിന്ദിക്കലും അവഹേളിക്കലും പ്രയാസങ്ങളും അപകടങ്ങളും ക്ഷണിച്ചു വരുത്തുമെന്നും  മഹത്തുക്കള്‍ പഠിപ്പിക്കുന്നു.

ഇമാഖ ഈ തിരുശേഷിപ്പുകലടങ്ങിയ പെട്ടി പിന്നീട് ബനൂഇസ്രായേല്‍ വിഭാഗത്തില്‍ നിന്നും തട്ടിയെടുക്കുകയും അതിനെ മലമൂത്ര വിസര്‍ജ്ജനത്തിനു ഉപയോഗിക്കുന്ന സ്ഥലത്ത്  സൂക്ഷിച്ചു കൊണ്ട് അവഹേളിക്കുകയും അനാദരിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ രോഗവും മരണവും അവരെ പിടികൂടി. അഞ്ചു പ്രദേശങ്ങളും അവിടത്തെ ജനതയും ഒന്നടങ്കം ദുരന്തത്തിനിരയായി. ദുരന്തങ്ങള്‍ക്ക് കാരണം ഈ പെട്ടിയോടു കാണിച്ച അനാദരവാണെന്ന് തിരിച്ചറിഞ്ഞ സമൂഹം പിന്നീട് അതിനെ അത് സൂക്ഷിച്ച സ്ഥലത്ത് നിന്നും എടുത്തു പുതിയ സ്ഥലത്ത് ആദരവോടെ തന്നെ സംരക്ഷിച്ചു.(രൂഹുല്‍ ബയാന്‍)

“നിങ്ങള്‍ എന്‍റെ ഈ കുപ്പായവുമായി പോവുക. എന്നിട്ട് എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക. അപ്പോള്‍ അദ്ദേഹം കഴ്ച്ചയുള്ളവനായിത്തീരും.പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയും കൊണ്ട് എന്‍റെ അടുത്തു വരിക” (ഖുര്‍ആന്‍-യൂസുഫ് -93 )

കൈറോയില്‍ വെച്ച് പ്രവാചകന്‍ യൂസുഫ് തന്‍റെ സഹോദരന്മാരോട് പിതാവായ യാഖൂബ് നബിയെ പറ്റി അന്വേഷിച്ചു. അവര്‍ പറഞ്ഞു. പിതാവ് തന്‍റെ മകന്‍ യൂസുഫിനെ  നഷ്ടപ്പെട്ടതില്‍ അതീവ ദുഖിതനാണ്. പലപ്പോഴും അദ്ദേഹം  കരയുന്നു. അദ്ദേഹത്തിനു ഇപ്പോള്‍ കാഴ്ച ശക്തി തന്നെ നഷ്ടപ്പെട്ടു. ഇത് കേട്ടപ്പോള്‍ പ്രവാചകന്‍ യൂസുഫ് തന്‍റെ കുപ്പയമെടുത്തു സഹോദരമാര്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. നിങ്ങള്‍ തിരിച്ചു പോയി ഈ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്തിടുക. അദ്ദേഹത്തിന്‍റെ കാഴ്ച തിരിച്ചു കിട്ടും. സഹോദരന്മാര്‍ അപ്രകാരം ചെയ്തപ്പോള്‍ യഹ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടി. 

ഖുര്‍ആന്‍ പറയുന്നു: “പിന്നീട് ശുഭാവാര്‍ത്ത് അറിയിക്കുന്നയാള്‍ വന്നു. അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്തിട്ടുകൊടുത്തു. അദ്ദേഹം കാഴ്ചയുള്ളവനായി.” (യൂസുഫ്)

  യൂസുഫ് പ്രവാചകന്‍ തന്‍റെ സഹോദരന്മാര്‍ക്ക് നല്‍കിയ കുപ്പായം പ്രവാചകന്‍ അബ്രഹാമില്‍ നിന്നുള്ളതായിരുന്നു. അക്രമിയായ നമ്രൂദ് ഭരണാധികാരിയെ നേരിടുമ്പോള്‍ ഇബ്രാഹീം പ്രവാചകന്‍ ഉപയോഗിച്ചതും  ഈ കുപ്പായമായിരുന്നു. ഈ കുപ്പായമാണ് കൈമാറി യാഖൂബ് നബിയില്‍ എത്തിപ്പെട്ടത്. പിന്നീട് യാഖൂബ് നബി കണ്ണേറില്‍ നിന്നും മറ്റു പ്രയാസങ്ങളില്‍ നിന്നുമുള്ള ഒരു പ്രതിരോധമായി  ഈ കുപ്പായം യുസുഫ് നബിയുടെ കഴുത്തില്‍ പ്രത്യേക രൂപത്തില്‍ ധരിപ്പിച്ചിരുന്നു.ഇബ്രാഹീം നബിയെ തീയിലെക്കിട്ടപ്പോള്‍ ധരിച്ച അതെ കുപ്പായം യൂസുഫ് നബിയെ സഹോദരന്മാര്‍ കിണറ്റിലെറിഞ്ഞപ്പോള്‍  യുസുഫ് നബിയുടെ കഴുത്തിലുണ്ടായിരുന്നു. (ജലാലൈന്‍)

“ഇബ്രാഹീം നബിയുടെ ആ കുപ്പായം അദ്ദേഹത്തിന്‍റെ മരണ ശേഷം യഹ്ഖൂബ് നബിക്ക് ലഭിച്ചു. അദ്ദേഹം അതിനെ വെള്ളികൊണ്ട് പൊതിഞ്ഞു കണ്ണേരില്‍ നിന്നും സംരക്ഷണമായി യൂസുഫ് നബിയുടെ കഴുത്തില്‍ ധരിപ്പിച്ചു. പിന്നീട് യൂസുഫ് നബിയെ കിണറില്‍ എറിഞ്ഞപ്പോള്‍ ജിബ്രീല്‍ മാലാഖ വന്നു യൂസുഫ് നബിയെ ആ വസ്ത്രം ധരിപ്പിച്ചു.”  (തഫ്സ്സീര്‍ സാവി)

 

നബി തങ്ങളെ പ്രശംസിച്ച് കവിത ചൊല്ലിയത്തിനു നബി തങ്ങള്‍ സമ്മാനമായി നല്‍കിയ പുതപ്പു തോപ്പുകാപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന റൂമും സ്വര്‍ണ്ണ പെട്ടിയും.

ഹദീസുകള്‍ 

അനസ് (റ)പറയുന്നു: നബി (സ) ഒരു ക്ഷുരകനെ കൊണ്ട് തന്‍റെ വലതു ഭാഗത്തുള്ള മുടി കളയിപ്പിച്ചു  ശേഷം അബൂ ത്വല്‍ഹല്‍ അന്‍സാരി(റ)വിളിച്ചു വരുത്തി മുടി അദ്ദേഹത്തെ ഏല്‍പ്പിച്ചു.  ഇടതു ഭാഗത്തെ മുടി നീക്കം ചെയ്ത ശേഷവും അബൂ തല്‍ഹയെ  തന്നെ ഏല്‍പ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു.   (ബുഖാരി, മുസ്ലിം)

പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കലും ബാര്‍ക്കത്തെടുക്കളും അനുവദനീയമാണെന്ന് ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമ്മാമീങ്ങള്‍ വ്യക്തമാക്കുന്നു.

“അനസ് ബിന്‍ മാലിക് (റ)പറയുന്നു. പ്രവാചകന്‍ പ്രഭാത നമസ്കാരത്തിനു എത്തുമ്പോള്‍ മദീനക്കാര്‍ പാത്രത്തില്‍ വെള്ളവുമായി വരും, പ്രവാചകന്‍ തന്‍റെ മുന്നില്‍ വെച്ച പാത്രത്തില്‍ തന്‍റെ വിശുദ്ധ വിരലുകള്‍ മുക്കിയെടുക്കും” (മുസ്‌ലിം)

അനസ് (റ) പറയുന്നു: “ ഒരു ക്ഷുരകന്‍ പ്രവാചകന്‍റെ മുടി കളയുന്നത് ഞാന്‍ കണ്ടു. അവിടെ അനുചരന്മാര്‍ താഴേക്കു വീഴുന്ന മുടി തങ്ങളുടെ കയ്യില്‍ ലഭിക്കാന്‍ വേണ്ടി അവര്‍ പ്രവാചകന്‍റെ ചുറ്റുഭാഗത്തും തിരക്കുകൂട്ടുന്നുണ്ടായിരുന്നു.”   (സഹീഹു മുസ്‌ലിം )

ഇമാം മുസ്ലിം (റ) ഈ വിഷയത്തില്‍ ഒരു അധ്യായം തന്നെ മുസ്ലിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസുകള്‍ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ)പറയുന്നു. മഹത്തുക്കളുടെ തിരുശേഷിപ്പുകള്‍ ആദരവോടെ സംരക്ഷിക്കുകയും അത്കൊണ്ട് ബാര്‍ക്കത്തെടുക്കുകയും ചെയ്തിരുന്നു സഹാബികള്‍. ഒരു മുടി താഴേക്കു പോകുന്നെങ്കില്‍ അത് അവര്‍ വളരെ ആദരവോടു കൂടിത്തന്നെ സ്വന്തമാക്കിയിരുന്നു. (ശരഹ് മുസ്ലിം)മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും ആദരിക്കലും ബാര്‍ക്കത്തെടുക്കലും മതത്തില്‍ പുതുതായി തുടങ്ങിയ കാര്യങ്ങളല്ല എന്ന് സഹീയായ ഒരു പാട് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ഹസ്രത്ത്‌ അബു ജുഹൈഫ(റ)പറയുന്നു. “ നല്ല ചൂടുള്ള സമയത്ത് നബി തങ്ങള്‍ ഞങ്ങളിലേക്ക് വന്നു. വുളു എടുക്കാനുള്ള വെള്ളം കൊണ്ട് വന്നു. പ്രവാചകന്‍ വുളു എടുത്തു. ശേഷം സഹാബികള്‍ ആ വെള്ളമെടുത്തു അവരുടെ ശരീരത്തില്‍ പുരട്ടി.”  ബുഖാരി 

ഇമാം അഹ്മദ് ബിന്‍ മുഹമ്മദ്‌ ഖസ്തല്ലാനി പറയുന്നു: മഹത്തുക്കളുടെ തിരുശരീരം സ്പര്‍ശിച്ച ഏതു കൊണ്ടും ബര്‍ക്കത്തെടുക്കാമെന്ന് ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ തെളിയുന്നു., (ശരഹ് സഹിഹ് ബുഖാരി)

“നബി തങ്ങള്‍ വുളു എടുക്കുമ്പോള്‍ സഹാബികള്‍ പരസ്പരം വെള്ളത്തിനു വേണ്ടി തിക്കും തിരക്കും കൂട്ടുമായിരുന്നു.” (ബുഖാരി)

നബി തങ്ങള്‍ വുളു എടുക്കുമ്പോള്‍ ലഭിക്കുന്ന വെള്ളത്തിനു വേണ്ടി സഹാബികള്‍ വളരെ തിക്കും തിരക്കും കൂട്ടിയിരുന്നു എന്നറിയുമ്പോള്‍ എത്ര മാത്രം പ്രാധാന്യം ഈ വെള്ളത്തിന്‌ അവര്‍ നല്‍കിയിരുന്നു എന്ന് മനസ്സിലാവും. താഴേക്കു വെള്ളം വീഴാത്ത രൂപത്തില്‍ അവര്‍ അത് ശേഖരിച്ചിരുന്നു. ലഭിച്ചവര്‍ അവ തങ്ങളുടെ ശരീരത്തിലും മുഖത്തും  പുറത്തും. ലഭിക്കാത്തവര്‍ മറ്റുള്ളവരുടെ കയ്യിലെ നനവ് അവരുടെ ശരീരത്തില്‍ പുരട്ടിക്കും. പ്രവാചകന്‍ ഇത് ഒരിക്കല്‍ പോലും തടയാതിരുന്നത്‌ കൊണ്ട് തന്നെ പ്രവാചകന്‍റെ ശരീരം സ്പര്‍ശിച്ച എല്ലാം അനുഗ്രഹിക്കപ്പെട്ടതാനെന്നു തെളിയുന്നു.

ഉത്ബാന്‍ ബിന്‍ മാലിക് അന്‍സാരി(റ) ബദര്‍ യുദ്ധത്തില്‍ നബി തങ്ങളോടു കൂടെ പങ്കെടുത്ത സഹാബിയാണ്. കണ്ണിനു കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പ്രവാചകന്‍റെ സദസ്സില്‍ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ. നിങ്ങള്‍ ഈ എളിയവന്‍റെ വീട്ടിലേക്കു ഒന്ന് വന്നു അനുഗ്രഹിക്കണം എന്‍റെ വീട്ടില്‍ വെച്ച് നിസ്കരിക്കുകയും വേണം. എന്നാല്‍ ഞാന്‍ ആ സ്ഥലം  നിസ്കാരത്തിനു വേണ്ടി സ്ഥിരപ്പെടുത്തും.”  അദ്ദേഹം തുടരുന്നു: പിന്നീട ഒരിക്കല്‍ നബി തങ്ങള്‍ അബൂബക്കര്‍ സിദ്ദിക് തങ്ങളുടെ കൂടെ എന്‍റെ വീട്ടില്‍ വന്നു. ഉച്ച നേരമായിരുന്നു. വീട്ടില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. ഞാന്‍ അനുവാദം നല്‍കി. വീട്ടില്‍ പ്രവേശിച്ച പ്രവാചകന്‍ ചോദിച്ചു “ ഏതു ഭാഗത്ത് വെച്ച് ഞാന്‍ നിസ്കരിക്കാനാണ് നീ ഇഷ്ടപ്പെടുന്നത്?” ഞാന്‍ വീടിന്‍റെ ഒരു ഭാഗം കാണിച്ചു കൊടുത്ത്.നബി തങ്ങള്‍ അവിടെ നിന്ന് തക്ബീര്‍ കെട്ടി നിസ്കരിച്ചു. ഞങ്ങള്‍ പിറകില്‍ നിന്ന് നിസ്കരിച്ചു” (ബുഖാരി- മുസ്ലിം )

ഈ ഹദീസ് വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: “മഹത്തുക്കളെ കൊണ്ട് ബര്‍ക്കത്ത് എടുക്കാനും അവരുടെ  തിരുപാദം പതിഞ്ഞ സ്ഥലത്ത് നിസ്കരിക്കലും അവരോടു ബര്‍ക്കത്തിനു വേണ്ടി ആവശ്യപ്പെടലും അനുവദനീയമാണെന്ന് ഈ ഹദീസ് കൊണ്ട് തെളിയുന്നു”(ശരഹ് മുസ്‌ലിം)

അബ്ദുല്ലഹിബു ഉമര്‍ (റ)പറയുന്നു: “മുസ്ലിംകള്‍ വുളു ചെയ്യുന്ന സ്ഥലത്ത് നിന്നുള്ള വെള്ളം കുടിക്കാന്‍ വേണ്ടി നബി തങ്ങള്‍ ആവശ്യപ്പെടുമായിരുന്നു. ബാര്‍ക്കത്തിനു വേണ്ടിയായിരുന്നു പ്രവാചകന്‍ ഇങ്ങനെ ചെയ്തത്.(ത്വബ്രാനി

അബൂബക്കര്‍ സിദ്ദിക് (റ)വിന്‍റെ മകള്‍ അസ്മ(റ) പറയുന്നു. (നബി തങ്ങളുടെ മേല്‍കുപ്പായം കയ്യിലെടുത്ത്)  "ഇത് നബി തങ്ങളുടെ കുപ്പായമാണ്. നബി തങ്ങളുടെ ഭാര്യ ആയിഷാ ബീവിയുടെ സ്വത്തായിരുന്നു ഈ കുപ്പായം. അവളുടെ മരണശേഷം ഇത് ഞാനെടുത്തു. ഈ കുപ്പായം മുക്കിയ വെള്ളം ഞാന്‍ രോഗികള്‍ക്ക് മരുന്നായി  കുടിക്കാന്‍ നല്‍കും." (ബുഖാരി മുസ്‌ലിം)

അബൂ മൂസ (റ) പറയുന്നു: " നബി തങ്ങള്‍ ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു  അതില്‍ നിന്നും കൈകളും മുഖവും കഴുകി. ശേഷം കുറച്ചു വെള്ളം എടുത്തു വായിലാക്കി ആ പാത്രത്തിലെ വെള്ളത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. എന്നിട്ട് എന്നോടും ബിലാല്‍ (റ) വിനോടും അതില്‍ നിന്ന് കുടിക്കാനും കുറച്ചു വെള്ളം മുഖത്തും നെഞ്ചിലും ഒഴിക്കാനും പറഞ്ഞു"      (ബുഖാരി) 

അബു ജുഹൈഫ (റ) പറയുന്നു: " ഒരിക്കല്‍ പ്രവാചകന്‍ അല്‍ ബത്തയില്‍ എത്തുകയും ള്ഹ്ര്‍ അസര്‍ നിസ്കാരങ്ങള്‍ അവിടെ വെച്ച് നിര്‍വഹിച്ചു. നിസ്കാര ശേഷം ജനങ്ങള്‍ എഴുനേറ്റു വന്നു പ്രവാചകന്‍റെ കരങ്ങള്‍ ഗ്രഹിച്ചു അവരുടെ മുഖത്തു തടവി. ഞാനും പ്രവാചകന്‍റെ കൈകള്‍ പിടിച്ചു എന്‍റെ മുഖത്ത് വെച്ച്. ആ കൈകള്‍ ഐസ് പോലെ തണുത്തതും മസ്ക് പോലെ സുഗന്തമുള്ളതുമായിരുന്നു"    ബുഖാരി 

അസ്മ ബീവി (റ) പറയുന്നു; " അബുല്ലാഹിബിന്‍ സുബൈറിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഞാന്‍ മദീനയിലേക്ക് പാലായനം ചെയ്തത്. മദീനയില്‍ എത്തിയ ഉടനെ കുഞ്ഞിനെ പ്രസവിച്ചു.  ഞാന്‍ കുട്ടിയേയും എടുത്തു പ്രവാചകന്‍റെ അടുത്തേക്ക്‌ വന്നു.  കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം നബി തങ്ങള്‍ കാരക്ക കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ശേഷം നബി തങ്ങള്‍ ആ കാരക്ക വായിലിട്ടു ചവച്ച ശേഷം ഉമുനീര്‍ കുട്ടിയുടെ വായിലേക്ക് തുപ്പി. കുഞ്ഞിന്‍റെ വയറ്റിലേക്ക് ആദ്യം എത്തിയത് നബി തങ്ങളുടെ ഉമുനീരായിരുന്നു. മദീനയില്‍ എത്തിയ മുഹാജിരുകള്‍ക്ക് മദീനയില്‍ ജനിച്ച ആദ്യ കുട്ടിയായിരുന്നു അബ്ദുല്ലഹിബ്നു സുബൈര്‍ "   

   ബുഖാരിമക്കയിലും മദീനയിലും വെച്ച് പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ നബി തങ്ങളുടെ അടുത്തേക്ക്‌ കൊണ്ട് വരുന്ന പതിവുണ്ടായിരുന്നു. നബി തങ്ങളുടെ ഉമിനീര്‍ കുഞ്ഞുങ്ങളുടെ വായിലാക്കി കൊടുക്കും. ശേഷം രാത്രിയാകുന്നത് വരെ മുല കൊടുക്കരുത് എന്നും ആവശ്യപ്പെടും. (അബൂ ദാവൂദ് , അഹ്മദ, ബൈഹഖി)

അനസ് ബിന്‍ മാലിക് (റ) പറയുന്നു: " നബി തങ്ങള്‍ ഒരു ദിവസം ഉമ്മു സുലൈം ബീവിയുടെ വീട്ടില്‍ വന്നു. മഹതി ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. നബി തങ്ങള്‍ അവിടെയുള്ള കട്ടിലില്‍ കിടന്നു ഉറങ്ങി. മഹതി തിരിച്ചു വന്നപ്പോള്‍ നബി തങ്ങള്‍ വീട്ടില്‍ കിടക്കുന്നത് അറിയിക്കപ്പെട്ടു.  നബി തങ്ങള്‍ കട്ടിലില്‍ കിടക്കുന്നതും വിയര്‍പ്പു കണങ്ങള്‍  തോല്‍പായയിലേക്ക് ഇറ്റ്‌ വീഴുന്നതും മഹതിയുടെ ശ്രദ്ധയില്‍ പെട്ട്. ഉടനെ അവള്‍ ഒരു ബോട്ടില്‍ എടുത്തു സാവധാനം ആ വിയര്‍പ്പു തുള്ളികള്‍ കുപ്പിയിലാകി.  നബി തങ്ങള്‍ ഉറക്കില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ചോദിച്ചു. ഉമ്മു സുലൈം നീ എന്താണ് ചെയ്യുന്നത്.  അവള്‍ പറഞ്ഞു:  അല്ലാഹുവിന്‍റെ പ്രവാചകരെ ഞങ്ങളുടെ കുട്ടികള്‍ക്ക് ഇതില്‍നിന്നും ബര്‍ക്കത്തെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ശേഖരിക്കുന്നത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : നീ ശരിയായ  കാര്യമാണ് ചെയ്തത്."     മുസ്‌ലിം  "ഇത് ഏറ്റവും നല്ല സുഗന്ധമാണ് എന്നും പറഞ്ഞതായി കാണാം"

ഉമ്മു സുലൈം (റ)  പായയില്‍ നിന്ന് ശേഖരിച്ച വിയര്‍പ്പു തുള്ളികളും മുടിയും സുഗന്ധ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്നു. തുമാമ (റ) പറയുന്നു.  അനസ് ബിന്‍ മാലിക് (റ) മരിക്കുന്നതിനു മുംബ് ആ കുപ്പിയില്‍ സൂക്ഷിച്ച സുഗന്ധത്തില്‍ നിന്നും അല്പം തന്‍റെ മയ്യിത്ത്കുളിപ്പിച്ചതിനു ശേഷം തന്‍റെ ശരീരത്തില്‍ പുരട്ടണമെന്നു ആവശ്യപ്പെടുകയും അപ്രകാരം ചെയ്യുകയും ചെയ്തു.    ബുഖാരി.

ഇമാം ഇബ്ന്‍ ഹാജര്‍ അസ്ഖലാനി (റ) പറയുന്നു: " നബി തങ്ങളുടെ നാസദ്വാരത്തിലെ നനവ്‌, ശരീരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുടി തുടങ്ങിയവ വിശുദ്ധമാണ്. മഹത്തുക്കളുടെ ഇത്തരം വിശുദ്ധ ശേഷിപ്പുകളില്‍ നിന്നും അനുഗ്രഹം നേടല്‍ അനുവദനീയമാണ്." ഫത്ഹുല്‍ ബാരി. 

ഉത്മാനുബിന്‍ അബ്ദുള്ള (റ)പറയുന്നു:  എന്‍റെ കുടുംബം എന്നെ ഉമ്മു സലമ ബീവിയുടെ വീട്ടിലേക്കു ഒരു കപ്പു വെള്ളവുമായി പറഞ്ഞയച്ചു. ബീവി നബി യുടെ മുടി  ഒരു വെള്ളി പാത്രത്തില്‍ സൂക്ഷിച്ചിരുന്നു. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റോ ബാധിച്ചാല്‍ ഉമ്മു സലമ ബീവിയുടെ വീടിലേക്ക്‌ ഒരു പാത്രവുമായി പോകും . മഹതി ആ മുടി വെള്ളത്തില്‍ മുക്കി അവര്‍ക്ക് കൊടുക്കും..ഞാന്‍ അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ നബിയുടെ കേശം കണ്ടു..    ബുഖാരി. 

ഖാലിദ് ബിന്‍ വലീദ് (റ) പ്രവാചകന്‍റെ  ഏതാനും തിരു കേശങ്ങള്‍ തന്‍റെ  തൊപ്പിയില്‍ സൂക്ഷിച്ചിരുന്നു. ഡമാസ്കസിനു വേണ്ടിയുള്ള  യുദ്ധ വേളയില്‍ ഈ തൊപ്പി അദ്ദേഹത്തിന്‍റെ  തലയില്‍ നിന്നും താഴെ വീണു പോയി. അദ്ദേഹം ആ തൊപ്പി തിരിച്ചു കിട്ടാന്‍ വേണ്ടി ശക്തമായ യുദ്ധം തന്നെ നടത്തി. ഒരു പാട് സഹാബികള്‍ ശഹീദായ ആ യുദ്ധവേളയില്‍   ഒരു തൊപ്പി തിരിച്ചു കിട്ടാന്‍ വേണ്ടി  മാത്രം ഇത്ര ശക്തമായ പോരാട്ടം നടത്തിയതിനെ പറ്റി  ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " ഞാന്‍ യുദ്ധം നടത്തിയത് ആ തൊപ്പിക്കു വേണ്ടിയല്ല മറിച്ചു ആ തൊപ്പിയില്‍ സൂക്ഷിച്ച വിശുദ്ധ കേശങ്ങള്‍ക്ക്  വേണ്ടിയാണ്. അതിന്‍റെ അനുഗ്രഹം എന്‍റെ കൂടെ ഉണ്ടാവണം അത് അവിശ്വാസികളുടെ കയ്യില്‍ പെടാന്‍ പാടില്ല "

ഖാലിദ് ബിന്‍ വലീദ് (റ) ഈ തൊപ്പി ധരിച്ചു പങ്കെടുത്ത യുദ്ധങ്ങളില്‍ വിജയം വരിച്ചിരുന്നു എന്ന് ചരിത്രം.അബൂബക്ക്രാര്‍ (റ)പറയുന്നു. ഖാലിദ്‌ ബിന്‍ വലീദ് (റ)നബി തങ്ങളുടെ മുന്‍ഭാഗത്തെ മുടി ആവശ്യപ്പെടുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിനു അത് ലഭിച്ചു. അദ്ദേഹം അത് കണ്ണിനു മുകളില്‍ വെക്കുകയും ചുംബിക്കുകയും ചെയ്തു. 

അബൂ മഖ്ദൂറ(റ) നബി തങ്ങളുടെ ബാങ്ക് വിളിക്കുന്ന സഹാബിയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ സാഫിയ ബിന്‍ത് നജ്ദ(റ) പറയുന്നു: " അബൂ മഖ്ദൂറ(റ) വിന്‍റെ തലയില്‍ നീളത്തിലുള്ള മുടിയുണ്ടായിരുന്നു. അദ്ദേഹം ഇരുന്നാല്‍ മുന്‍ഭാഗത്തുള്ള മുടി നിലത്തു തട്ടും. ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു എന്ത് കൊണ്ടാണ് നിങ്ങള്‍ മുടി മുറിക്കാത്തത്. അദ്ദേഹം പറഞ്ഞു: " അല്ലാഹുവിന്‍റെ പ്രവാചകരുടെ വിശുദ്ധ കരങ്ങള്‍ പതിഞ്ഞ ആ മുടികള്‍ എന്‍റെ തലയില്‍ നിന്നും വേര്‍പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല " ശിഫ ഷരീഫ്

ഹസ്രത്ത്‌ ബിഷ (റ) പറയുന്നു: " നബി തങ്ങള്‍ ഒരു ദിവസം എന്‍റെ വീട്ടില്‍ വന്നു.വീടിന്‍റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്ന ബോട്ടിലില്‍ നിന്നും പ്രവാചകന്‍ വെള്ളം കുടിച്ചു. ശേഷം ആ പാത്രത്തിന്റെ ആ ഭാഗം ഞാന്‍ മുറിച്ചെടുത്തു സൂക്ഷിച്ചു" തിര്‍മിദി

ഇബ്ന്‍ സിരിന്‍ (റ) പറയുന്നു " ഞാന്‍ ഉബൈദ് (റ)വിനോട്‌ പറഞ്ഞു " അനസ് (റ) വഴി അല്ലെങ്കില്‍ കുടുംബക്കാര്‍ വഴി  ലഭിച്ച പ്രവാചകന്‍റെ തിരു കേശങ്ങള്‍ എന്‍റെ കൈവശം ഉണ്ട്. അപ്പോള്‍ ഉബൈദ് (റ) പറഞ്ഞു: " എന്‍റെ കൈവശം പ്രവാചകന്‍റെ ഒരു കേശം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ ലോകവും അതിലുള്ള മുഴുവന്‍ വസ്തുക്കളെക്കാളും എനിക്ക് പ്രിയപ്പെട്ടത് ആതായിരിക്കും "   ബുഖാരി 

അബ്ദുല്ലാഹിബിന്‍ അനസ് (റ) യുദ്ധം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ നബി തങ്ങള്‍ ഒരു വടി സമ്മാനിച്ചു. എന്നിട്ട പറഞ്ഞു. ഇത് അന്ത്യ നാളില്‍ ഞാനും നീയും തമ്മിലുള്ള ഒരു അടയാളമായിരിക്കും. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ വടിയും അദ്ദേഹത്തിന്‍റെ കൂടെ ഖബറില്‍ വെച്ച്. (അഹ്മദ)

ഖാളി ഇയാള(റ) തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു. ഉസ്മാന്‍ (റ) കൈവശം വെച്ച നബി തങ്ങളുടെ വടി ജിഹ്ജാ അല ഗിഫാരി എന്ന എതിരാളി പിടിച്ചു വാങ്ങുകയും ശേഷം മുട്ടിന്‍കാലില്‍ വെച്ച് അത് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  ഇത് കണ്ട സഹാബികള്‍ ശബ്ദം വെച്ച്.  അതോടെ അദ്ദേഹത്തിന്‍റെ ആ കാലിനു ഗുരുതരമായ രോഗം ബാധിച്ചു. കാല്‍ മുറിച്ചു മാറ്റിയെങ്കിലും അദ്ദേഹത്തിന്‍റെ ദുരിതം അവസാനിച്ചില്ല. അധികം വൈകാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഹജ്ജാജ് ബിന്‍ ഹസ്സന്‍ (റ)പറയുന്നു. ഞങ്ങള്‍ അനസ് (റ)വിന്‍റെ വീട്ടില്‍ പോയി. അദ്ദേഹം നബി തങ്ങള്‍ ഉപയോഗിച്ച കപ്പ്‌ കൊണ്ട് വന്നു. അതില്‍ വെള്ളം നിറച്ചു ഞങ്ങള്‍ കുടിച്ചു ശേഷം ബാര്‍ക്കത്തിനു വേണ്ടി മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ച്.  - അഹ്മദ , 


ഇബ്ന്‍ കസീര്‍. ആസിം (റ)പറയുന്നു. ഞാന്‍ ആ കപ്പ്‌ കാണുകയും അതില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്ത. (ബുഖാരി)

നബി തങ്ങള്‍ നഖം വെട്ടുകയും എന്നിട്ട് ഈ നഖങ്ങള്‍ സഹാബാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു എന്ന് സഹീയായ പരമ്പരയോടെ ഇമാം അഹ്മദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.

'അബ്ദുല്ലഹിബിന്‍ ഉമര്‍ (റ) നിസ്കരിക്കാന്‍ വേണ്ടി വാഹനത്തില്‍ നിന്നും ഇറങ്ങി.  അദ്ദേഹം അവിടെയുള്ള ഒരാളോട് നബി തങ്ങള്‍ നിസ്കരിച്ച സ്ഥലത്തെ പറ്റി അന്വേഷിച്ചു. നബി തങ്ങള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി നിസ്കരിച്ച ആ സ്ഥലം കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം ആ സ്ഥലത്ത് പോയി തന്‍റെ കൈകള്‍ ആ സ്ഥലത്ത് വെക്കുകയും ശേഷം ആ കൈകള്‍ കൊണ്ട് സ്വന്തം മുഖത്ത് തടവുകായും ചെയ്തു "   നൂറും ഇമാന്‍

 ഇമാം മാലിക് (റ) തന്‍റെ ജീവിതം മുഴുക്കെ മദീനയില്‍ ജീവിച്ച ഇമാമാണ്.  അസുഖം ബാധിച്ച ബുദ്ധിമുട്ടായ കാലത്തോഴികെ  ബാക്കി എല്ലായിപ്പോഴും മല മൂത്ര വിസര്‍ജ്ജനം നടത്താന്‍ വേണ്ടി അദ്ദേഹം മദീനയുടെ പരിധിക്കു പുറത്തു പോകുമായിരുന്നു. മദീനയുടെ മണ്ണിന്‍റെ വിശുദ്ധിയില്‍ വിശ്വസിച്ച അദ്ദേഹം  ചെരുപ്പ് ധരിക്കാതെ വാഹനപ്പുറത്ത്‌ കയറാതെ മദീനയില്‍ തന്നെ ജീവിച്ചു. അദ്ദേഹം പറയുമായിരുന്നു.'നബി തങ്ങളുടെ കാലടികള്‍ പതിഞ്ഞ മണല്‍തരികള്‍ക്ക്‌ മുകളിലൂടെ നബി തങ്ങള്‍ കിടക്കുന്ന ഈ മണ്ണിലൂടെ  കുതിരയുടെ കുളമ്പടികള്‍ പതിപ്പിച്ചു യാത്ര ചെയ്യുന്നതു എത്ര മാത്രം ലജ്ജാകരമാണ്.

 'അല്ലാമ ഖാഴി ഇമാസ് (റ) പറയുന്നു;  പ്രവാചക ബഹുമാനത്തിന്‍റെ ഒരു രൂപം ഇതാണ് -പ്രവാചകനുമായി ബന്ധപ്പെട്ട എതു സ്ഥലവും വസ്തുക്കളും  - പ്രവാചകന്‍റെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണ്,മക്ക , മദീന, പ്രവാചകന്‍റെ വിശുദ്ധ ഭവനം,നബി തങ്ങള്‍ പലപ്പോഴും സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍ ,പ്രവാചകന്‍റെ വിശുദ്ധ കരങ്ങള്‍ പതിഞ്ഞ വസ്തുക്കള്‍ - എല്ലാം ആദരിക്കണം.    ശിഫാ ശരീഫ്  

നബി തങ്ങള്‍ ഹുദൈബിയ്യ  ഉടമ്പടി നടത്തിയ സ്ഥലത്തെ ചരിത്ര പ്രാധാന്യമുള്ള മരം പിന്നീട് വിശ്വാസികള്‍ പലപ്പോഴും സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹം ഈ മരം മുറിച്ചു കളഞ്ഞു എന്ന് ഹദീസില്‍ കാണുന്നു. പക്ഷെ ഇത് ചെയ്തത്  ബിംബാരാധനയിലേക്ക്‌ ജനങ്ങള്‍ നീങ്ങുമോ   എന്ന് പേടിച്ചത് കൊണ്ടാണ് എന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. അത് ശരിയല്ല എന്നാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. ഒന്നാമതായി സഹാബികള്‍ ആ സ്ഥലം സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്യാറുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.  സഹാബികളും താബിഉകളും ബിംബാരാധനയിലേക്ക്‌ പോകുമെന്ന ആശങ്ക  ഉമര്‍ (റ)വിനു ഉണ്ടാവാനിടയില്ല .  ബുഖാരിയില്‍ കാണാം. ഈ വിഷയം ഉണ്ടാവാന്‍ കാരണം ഉമര്‍ (റ) ഭരണകാലത്ത് ജനങ്ങള്‍ ആ സ്ഥലത്ത് വന്നപ്പോള്‍ ഏതായിരുന്നു ആ മരം എന്നാ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. പലരും പല മരങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള സഹാബികള്‍ പലരും ഇപ്പോള്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന മരമല്ല അത് എന്ന് ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല അവര്‍ക്ക് യഥാര്‍ത്ഥ മരം കാണിക്കാനും കഴിഞ്ഞില്ല. ആ മരം അജ്ഞേയമായ രൂപത്തില്‍ അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. 

ഹുദൈബിയ്യ സന്ധി കഴിഞ്ഞ ശേഷം സഹാബികളും താബിഉകളും ആ മരം അന്വേഷിച്ചു ഹുദൈബിയയില്‍ എത്തിയിരുന്നു എന്നും അവിടെ വെച്ച് അവര്‍ പ്രാര്‍ത്തിക്കരുണ്ടായിരുന്നു എന്നുമാണ്  ഈ സംഭവം പഠിപ്പിക്കുന്നത്. നബി തങ്ങളുടെ പാത അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച നബി തങ്ങളുടെ മുദ്ര മോതിരം മറ്റെന്തിനെക്കാളും ബഹുമാനപൂര്‍വ്വം സൂക്ഷിക്കുകയും   ബദര്‍ യുദ്ധത്തില്‍ നബി തങ്ങള്‍ ഉപയോഗിച്ച കുന്തം ആദരവോടെ അഭിമാനത്തോടെ സംരക്ഷിക്കുകയും ചെയ്ത ഉമര്‍(റ)  അത്തരത്തിലുള്ള ഒരു ആശങ്കകൊണ്ടാണ് ആ മരം മുറിച്ചു കളഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് മുറിക്കാന്‍ കാരണം യഥാര്‍ത്ഥ മരം കാണിച്ചു കൊടുക്കാന്‍ അവിടെയുള്ള ആളുകള്‍ക്ക് സാധിച്ചില്ല മാത്രമല്ല ജനങ്ങള്‍ ആദരിച്ചിരുന്ന മരം പ്രസ്തുത മരമല്ല എന്ന് സഹാബികള്‍ ഉറപ്പിച്ചു പറയുകയും ചെയ്തു. 

 ഇബ്ന്‍ ഉമര്‍ (റ)പറയുന്നു: ഹുദൈബിയ്യ സന്ധിക്ക് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ അതേ സ്ഥലത്ത് എത്തിയപ്പോള്‍ ഇതു മരച്ചുവട്ടില്‍ വെച്ചാണ് നബി തങ്ങള്‍ സന്ധി ചെയ്തത് എന്നാ വിഷയത്തില്‍ ഞങ്ങളില്‍  രണ്ടു പേര്‍ പോലും ഏകാഭിപ്രായത്തില്‍ എത്തിയില്ല.  ഒരു വര്‍ഷത്തിനു ശേഷം തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉമര്‍ (റ)വിന്‍റെ ഭരണകാലത്ത് നേരിട്ട പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. 

ഇബ്ന്‍ ഉമര്‍ (റ) നബി തങ്ങള്‍ നടന്ന അതീ സ്ഥലത്ത് കൂടെ നടക്കുകയും കഅബയിലും യാത്രയിലും നബി തങ്ങള്‍ നിസ്കരിച്ച അതെ സ്ഥലത്ത് വെച്ച് തന്നെ നമസ്കരിക്കുകയും ചെയ്തിരുന്നു. നബി തങ്ങള്‍ നിസ്കരിച്ച സ്ഥലത്തെ മരം ഉണങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി ഇബ്ന്‍ ഉമര്‍ (റ) വെള്ളമൊഴിച്ച് കൊടുക്കാരുണ്ടായിരുന്നു.(സുനന്‍)

ദാവൂദ് ഇബ്ന്‍ സാലിഹ് (റ) പറയുന്നു. ഖലീഫ മര്‍വാന്‍ ഒരു ദിവസം ഒരാള്‍ നബി തങ്ങളുടെ ഖബറിന് മുകളില്‍ മുഖം അമര്‍ത്തി നില്‍ക്കുന്നത് കണ്ടു. ഉടനെ അദ്ദേഹം ചോദിച്ചു "നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ"  ശേഷം അദ്ദേഹം അടുത്ത് വന്നപ്പോള്‍ അത് അബൂ അയ്യൂബുല്‍ അന്‍സാരി (റ) ആണെന്ന് മനസ്സിലായി. ഉടനെ അദ്ദേഹം മറുപടി കൊടുത്ത്. " എനിക്കറിയാം, ഞാന്‍ നബി തങ്ങളുടെ അടുത്താണ് വന്നത് അല്ലാതെ ഒരു കല്ലിന്‍റെ അരികിലല്ല." (Ibn Hibban in his Sahih, Ahmad (5:422), Tabarani in his Mu`jam al-kabir (4:189) and his Awsat according to Haythami in al-Zawa'id (5:245), al-Hakim in his Mustadrak (4:515); both the latter and al-Dhahabi said it was sahih. It is also cited by al-Subki in Shifa' al-siqam (p. 126), Ibn Taymiyya in al-Muntaqa (2:261f.), and Haythami in al-Zawa'id (4:2).)

അബൂ ബുര്‍ദ (റ)പറയുന്നു. ഞാന്‍ മദീനയില്‍ വന്നപ്പോള്‍ ഞാന്‍ അബ്ദുല്ലാഹിബിന്‍ സലാം (റ)നെ കണ്ടുമുട്ടി. അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. റൊട്ടിയും ഈത്തപ്പഴവും കഴിക്കാം. മാത്രമല്ല നബി തങ്ങള്‍ പ്രവേശിച്ച അനുഗ്രഹീത ഭവനത്തിലേക്ക്‌ നിങ്ങള്‍ക്ക് പ്രവേശിക്കുകയും ചെയ്യാം " ബുഖാരി.


സ്വഹാബി വര്യന്‍ മു’ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു. ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. (തരീഖുല്‍ ഖുലഫ-ഇമാം സുയൂതി (റ))


“നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബറിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീട്ടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല”.(റൂഹുല്‍ ബയാന്‍-ഇമാം ഇസ്മാഹീല്‍ ഹിക്കി(റ)


ഇബ്ന്‍ തൈമിയ്യയുടെ മയ്യത്ത് കുളിപ്പിക്കുന്ന വെള്ളത്തില്‍ ബര്‍ക്കത്ത് ലഭിക്കാന്‍ വേണ്ടി തലപ്പാവും ടവ്വലും അവിടെ ഒരുമിച്ചു കൂടിയ വിശ്വാസികള്‍ മുക്കിയെടുത്തിരുന്നുവെന്നു ഇബ്ന്‍കതീര്‍ രേഖപ്പെടുത്തുന്നു.


    തുടരും ...   തിരുശേഷിപ്പുകള്‍ ഇസ്ലാമിക ചരിത്രത്തിലൂടെ 


(ഓണ്‍ ലൈന്‍ വായനക്കാര്‍ക്ക് ഇത്ര ദീര്‍ഘിച്ച ലേഖനങ്ങള്‍ സമര്‍പ്പിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ ഈ വിഷയവുമായി പഠനത്തിനിറങ്ങിയപ്പോള്‍ ഒരു പാട് പുസ്തകങ്ങള്‍ തന്നെ എഴുതാനുള്ള വിഷയങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞു.തിരു ശേഷിപ്പ്കളുടെ ചരിത്രത്തിലൂടെ ഒരു ചരിത്ര സഞ്ചാരം ശേഷം പ്രസിദ്ധീകരിക്കുന്നതാണ് (ഇന്‍ഷാ അല്ലാഹ്). ഈ വിഷയത്തില്‍ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ ചൂണ്ടിക്കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു, മുകളില്‍ കൊടുത്ത ചില ചിത്രങ്ങള്‍ ഇവിടെനിന്നു എടുത്തതാണ് -ലേഖനത്തിന്‍റെ ചില ഭാഗങ്ങള്‍ സ്വതന്ത്ര വിവര്‍ത്തനമാണ്. )



8 comments :

  1. പ്രവാചകന്‍ വിട്ടേച്ചുപോയത് ചട്ടിയും കലവുമല്ല എന്ന ടാഗും പ്രവാചകന്‍റെ കാലത്ത് യൂറോപ്യന്‍ ക്ലോസ്സെറ്റ് ഉണ്ടായില്ലല്ലോ എന്ന പരിഹാസവും ഇത്തരം ചിന്തകളുടെ നിഴലുകള്‍ തന്നെയാണ്.മുസ്ലിം സമൂഹം എല്ലാ കാലത്തും തിരുശേഷിപ്പുകള്‍ക്കു പ്രത്യേക ആദരവും ബഹുമാനവും നല്‍കിയിരുന്നു മാത്രമല്ല അവ അധികാരത്തിന്‍റെയും അറിവിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകങ്ങളായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ചരിത്രം പറഞ്ഞു തരുന്നു. അറിവിന്‍റെ ഉപരിപ്ലവതയും വിശ്വാസത്തിലെ ബാലഹീനതയുമാവാം ഇത്തരം വിഷയത്തില്‍ പ്രമാണങ്ങള്‍ ചാടിക്കടക്കാനും ബോഡി വേസ്റ്റ് പ്രയോഗങ്ങളിലെക്കും ഇത്തരക്കാരെ നയിക്കുന്നത്.

    ReplyDelete
  2. മാഷാ അല്ലാഹ്...!എത്ര ഉപകാര പ്രദമായ അറിവാണിത് !തിരു നബി [സ.വ ]യെ കുറിച്ചുള്ള ഓരോ അറിവും ആ പുണ്യ പ്രവാച്കരിലേക്കുള്ള സ്നേഹം കൂട്ടുകയേയുള്ളൂ ....ഇനിയും ഇതിന്റെ ബാക്കിക്കായി കാത്തിരിക്കുന്നു .അല്ലാഹു നിങ്ങളെയും കുടുംപത്തെയും അനുഗ്രഹിക്കട്ടെ !ആമീന്‍

    ReplyDelete
  3. ഹുദൈബിയ്യ സന്ധി കഴിഞ്ഞ ശേഷം സഹാബികളും താബിഉകളും ആ മരം അന്വേഷിച്ചു ഹുദൈബിയയില്‍ എത്തിയിരുന്നു എന്നും അവിടെ വെച്ച് അവര്‍ പ്രാര്‍ത്തിക്കരുണ്ടായിരുന്നു എന്നുമാണ് ഈ സംഭവം പഠിപ്പിക്കുന്നത്. നബി തങ്ങളുടെ പാത അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച നബി തങ്ങളുടെ മുദ്ര മോതിരം മറ്റെന്തിനെക്കാളും ബഹുമാനപൂര്‍വ്വം സൂക്ഷിക്കുകയും ബദര്‍ യുദ്ധത്തില്‍ നബി തങ്ങള്‍ ഉപയോഗിച്ച കുന്തം ആദരവോടെ അഭിമാനത്തോടെ സംരക്ഷിക്കുകയും ചെയ്ത ഉമര്‍(റ) അത്തരത്തിലുള്ള ഒരു ആശങ്കകൊണ്ടാണ് ആ മരം മുറിച്ചു കളഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് മുറിക്കാന്‍ കാരണം യഥാര്‍ത്ഥ മരം കാണിച്ചു കൊടുക്കാന്‍ അവിടെയുള്ള ആളുകള്‍ക്ക് സാധിച്ചില്ല മാത്രമല്ല ജനങ്ങള്‍ ആദരിച്ചിരുന്ന മരം പ്രസ്തുത മരമല്ല എന്ന് സഹാബികള്‍ ഉറപ്പിച്ചു പറയുകയും ചെയ്തു.
    ഇബ്ന്‍ ഉമര്‍ (റ)പറയുന്നു: ഹുദൈബിയ്യ സന്ധിക്ക് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ അതേ സ്ഥലത്ത് എത്തിയപ്പോള്‍ ഇതു മരച്ചുവട്ടില്‍ വെച്ചാണ് നബി തങ്ങള്‍ സന്ധി ചെയ്തത് എന്നാ വിഷയത്തില്‍ ഞങ്ങളില്‍ രണ്ടു പേര്‍ പോലും ഏകാഭിപ്രായത്തില്‍ എത്തിയില്ല. ഒരു വര്‍ഷത്തിനു ശേഷം തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉമര്‍ (റ)വിന്‍റെ ഭരണകാലത്ത് നേരിട്ട പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ.
    ഇബ്ന്‍ ഉമര്‍ (റ) നബി തങ്ങള്‍ നടന്ന അതീ സ്ഥലത്ത് കൂടെ നടക്കുകയും കഅബയിലും യാത്രയിലും നബി തങ്ങള്‍ നിസ്കരിച്ച അതെ സ്ഥലത്ത് വെച്ച് തന്നെ നമസ്കരിക്കുകയും ചെയ്തിരുന്നു. നബി തങ്ങള്‍ നിസ്കരിച്ച സ്ഥലത്തെ മരം ഉണങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി ഇബ്ന്‍ ഉമര്‍ (റ) വെള്ളമൊഴിച്ച് കൊടുക്കാരുണ്ടായിരുന്നു.(സുനന്‍)

    ReplyDelete
  4. മുഹമ്മദ്‌ അസ്കര്‍ മാന്നാര്‍February 4, 2014 at 7:57 PM

    ഇതിന്‍റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു.നന്മകള്‍

    ReplyDelete
  5. നിങ്ങള്‍ക് എന്ത് പറ്റി സഹോദരന്മാരെ ?
    ഇസ്ലാം എന്താണ് എന്ന് ശരിക്ക് പഠിക്കൂ ആദ്യം ....

    ReplyDelete
    Replies
    1. എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്. ഈ പറഞ്ഞതൊന്നും ഇസ്ലാമിലുല്ലതല്ലേ..

      Delete
  6. നബി തങ്ങള്‍ ഹുദൈബിയ്യ ഉടമ്പടി നടത്തിയ സ്ഥലത്തെ ചരിത്ര പ്രാധാന്യമുള്ള മരം പിന്നീട് വിശ്വാസികള്‍ പലപ്പോഴും സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹം ഈ മരം മുറിച്ചു കളഞ്ഞു എന്ന് ഹദീസില്‍ കാണുന്നു. പക്ഷെ ഇത് ചെയ്തത് ബിംബാരാധനയിലേക്ക്‌ ജനങ്ങള്‍ നീങ്ങുമോ എന്ന് പേടിച്ചത് കൊണ്ടാണ് എന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. അത് ശരിയല്ല എന്നാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. ഒന്നാമതായി സഹാബികള്‍ ആ സ്ഥലം സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്യാറുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. സഹാബികളും താബിഉകളും ബിംബാരാധനയിലേക്ക്‌ പോകുമെന്ന ആശങ്ക ഉമര്‍ (റ)വിനു ഉണ്ടാവാനിടയില്ല . ബുഖാരിയില്‍ കാണാം. ഈ വിഷയം ഉണ്ടാവാന്‍ കാരണം ഉമര്‍ (റ) ഭരണകാലത്ത് ജനങ്ങള്‍ ആ സ്ഥലത്ത് വന്നപ്പോള്‍ ഏതായിരുന്നു ആ മരം എന്നാ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. പലരും പല മരങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള സഹാബികള്‍ പലരും ഇപ്പോള്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന മരമല്ല അത് എന്ന് ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല അവര്‍ക്ക് യഥാര്‍ത്ഥ മരം കാണിക്കാനും കഴിഞ്ഞില്ല. ആ മരം അജ്ഞേയമായ രൂപത്തില്‍ അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.
    ഹുദൈബിയ്യ സന്ധി കഴിഞ്ഞ ശേഷം സഹാബികളും താബിഉകളും ആ മരം അന്വേഷിച്ചു ഹുദൈബിയയില്‍ എത്തിയിരുന്നു എന്നും അവിടെ വെച്ച് അവര്‍ പ്രാര്‍ത്തിക്കരുണ്ടായിരുന്നു എന്നുമാണ് ഈ സംഭവം പഠിപ്പിക്കുന്നത്. നബി തങ്ങളുടെ പാത അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച നബി തങ്ങളുടെ മുദ്ര മോതിരം മറ്റെന്തിനെക്കാളും ബഹുമാനപൂര്‍വ്വം സൂക്ഷിക്കുകയും ബദര്‍ യുദ്ധത്തില്‍ നബി തങ്ങള്‍ ഉപയോഗിച്ച കുന്തം ആദരവോടെ അഭിമാനത്തോടെ സംരക്ഷിക്കുകയും ചെയ്ത ഉമര്‍(റ) അത്തരത്തിലുള്ള ഒരു ആശങ്കകൊണ്ടാണ് ആ മരം മുറിച്ചു കളഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് മുറിക്കാന്‍ കാരണം യഥാര്‍ത്ഥ മരം കാണിച്ചു കൊടുക്കാന്‍ അവിടെയുള്ള ആളുകള്‍ക്ക് സാധിച്ചില്ല മാത്രമല്ല ജനങ്ങള്‍ ആദരിച്ചിരുന്ന മരം പ്രസ്തുത മരമല്ല എന്ന് സഹാബികള്‍ ഉറപ്പിച്ചു പറയുകയും ചെയ്തു.
    ഇബ്ന്‍ ഉമര്‍ (റ)പറയുന്നു: ഹുദൈബിയ്യ സന്ധിക്ക് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ അതേ സ്ഥലത്ത് എത്തിയപ്പോള്‍ ഇതു മരച്ചുവട്ടില്‍ വെച്ചാണ് നബി തങ്ങള്‍ സന്ധി ചെയ്തത് എന്നാ വിഷയത്തില്‍ ഞങ്ങളില്‍ രണ്ടു പേര്‍ പോലും ഏകാഭിപ്രായത്തില്‍ എത്തിയില്ല. ഒരു വര്‍ഷത്തിനു ശേഷം തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉമര്‍ (റ)വിന്‍റെ ഭരണകാലത്ത് നേരിട്ട പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ.

    ReplyDelete

Leave your comments: