February 16, 2014

ഒരു ബുദ്ധിമാനായ രാജാവിന്‍റെ കഥ.

     വിചിത്രമായ നിയമങ്ങളുള്ള ഒരു രാജ്യത്തിന്‍റെയും അവിടെ ജീവിച്ച നിര്‍ഭാഗ്യവാന്മാരായ കുറെ  രാജാക്കന്മാരുടെയും കഥയാണിത്. ഈ രാജ്യത്ത് രാജാവാകുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് പ്രജകള്‍ക്കു മുന്നില്‍ വെച്ചു ഒരു സ്പെഷ്യല്‍ കരാറില്‍ ഒപ്പിടുക എന്നുള്ളതാണ്. ഒരു വര്‍ഷമാണ്‌ ഒരു രാജാവിന്‍റെ കാലാവധി. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പ്രജകള്‍ മുഴുവന്‍ ഒരുമിച്ചു കൂടി രാജാവിന് ഒരു ഗംഭീര യാത്രയയപ്പ് നല്‍കും. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ആനപ്പുറത്തേറി രാജാവ് പട്ടണം മുഴുവന്‍ ചുറ്റി പ്രജകളോട് കരഞ്ഞു കൊണ്ട് യാത്ര പറയും. ആ രാജ്യം ഭരിച്ച മുഴുവന്‍ രാജാക്കന്മാരും അതീവ ദുഃഖത്തോടെയാണ്  ഈ ചടങ്ങില്‍ പങ്കെടുക്കാരുള്ളത്.  ഈ ചടങ്ങ് കഴിഞ്ഞാല്‍ എല്ലാവരും കൂടി രാജാവിനെ ഒരു ബോട്ടില്‍ കയറ്റി അങ്ങ് ദൂരെയുള്ള മനുഷ്യവാസമില്ലാത്ത വന്യ ജീവികള്‍ നിറഞ്ഞ ഇരുണ്ട ഒരു ദ്വീപില്‍ കൊണ്ട് പോയി ഉപേക്ഷിക്കും. ശിഷ്ട കാലം രാജാവിന്‍റെ  ജീവിതം ഈ ദ്വീപില്‍ അവസാനിക്കും. ഈ കൊടും കാട്ടില്‍ ഉപേക്ഷിച്ചു ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും രാജാവ് ഏതെങ്കിലും ജീവികള്‍ക്ക് ഇരയായി  മാറിയിട്ടുണ്ടാവും.



    കാലാവധി പൂര്‍ത്തിയാക്കിയ ഒരു രാജാവിനെ ഈ വന്യ ദ്വീപില്‍  ഉപേക്ഷിച്ചു കൊണ്ട് മടങ്ങുന്ന സമയത്താണ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ആ സംഘം  കടലില്‍ ഒരു തകര്‍ന്നു കിടക്കുന്ന  ബോട്ട് കണ്ടത്. ബോട്ടിന്‍റെ പൊളിഞ്ഞ ഒരു  പലകയില്‍ അള്ളിപ്പിടിച്ചു കഴിയുന്ന പാതി ജീവന്‍ പോയ ഒരു യുവാവ് അവരുടെ ശ്രദ്ധയില്‍ പെട്ടു. പുതിയ രാജാവിനെ തിരയുന്ന ഈ സംഘം ഉടനെ തന്നെ  ഒരു തീരുമാനമെടുത്തു. നമുക്ക് ഈ യുവാവിനെ രക്ഷപ്പെടുത്തി അടുത്ത രാജാവാക്കിയെടുക്കാം. കടലില്‍ നിന്നും ഈ യുവാവിനെ രക്ഷപ്പെടുത്തി അവര്‍ കൊട്ടാരത്തിലെത്തിച്ചു. യുവാവിനോട് അവര്‍ ഒരു വര്‍ഷത്തേക്ക് അവരുടെ ജാവാകാന്‍ ആവശ്യപ്പെട്ടു. യുവാവ് ആദ്യം അവരുടെ അഭ്യര്‍ത്ഥന നിരസിച്ചു. പക്ഷെ പിന്നീട് അദ്ദേഹം രാജാവാകാന്‍ സമ്മതം പ്രകടിപ്പിച്ചു. രാജാവിനുള്ള പരമ്പരാഗത കരാറില്‍ അദ്ദേഹം ഒപ്പ് വെച്ചതോടെ അദ്ദേഹം അവരുടെ പുതിയ രാജാവായി മാറി.


   രാജാവായി ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഒരു വര്‍ഷം കഴിഞ്ഞാലുള്ള തന്‍റെ അവസ്ഥയെപറ്റിയുള്ള ചിന്തകള്‍അദ്ദേഹത്തെ വേട്ടയാടി തുടങ്ങി. കരാറില്‍ ഒപ്പ് വെച്ച സ്ഥിതിക്ക് ഇനി ഇവിടെ നിന്നും രക്ഷപ്പെടാനും വഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം ഒരു ദിവസം കൊട്ടാരത്തിലെ മന്ത്രിമാരെ വിളിച്ചു കൂട്ടി പറഞ്ഞു.  എനിക്ക് ഒരു വര്‍ഷമാണ്‌ ഇവിടെ ഭരിക്കാനുള്ള സമയം. ഒരു വര്‍ഷം കഴിഞ്ഞാല്‍ എന്നെ നിങ്ങള്‍ മനുഷ്യ വാസമില്ലാത്ത ആ കൊടും ദ്വീപില്‍  കൊണ്ട് പോയി ഉപേക്ഷിക്കും. പക്ഷെ അതിനു മുമ്പ് നിങ്ങളെന്നെ ആ പ്രദേശമൊന്നു കാണിച്ചു തരണം.  അവര്‍ സമ്മതിച്ചു. രാജാവും മന്ത്രിമാരും ഒരു ബോട്ടില്‍ കയറി വിദൂരത്തുള്ള ആ ദ്വീപിലെത്തി. രാജാവ് ഒറ്റക്ക് തന്നെ ആ കാട്ടിലൂടെ അല്‍പം ഉള്ളിലേക്ക് സഞ്ചരിച്ചു. ഏതാനും ദൂരം സഞ്ചരിച്ചപ്പോള്‍ തന്നെ ഭയാനകമായ വന്യ ജീവികളുടെ അലര്‍ച്ച അദ്ദേഹത്തിന്‍റെ ചെവിയിലെത്തി. മാത്രമല്ല കുറെ മനുഷ്യ അസ്ഥികൂടങ്ങള്‍ അദ്ദേഹത്തിന്‍റെ കാലില്‍ തടഞ്ഞു. ഇതെല്ലാം ഇവിടെ ഉപേക്ഷിക്കപ്പെട്ട പഴയ രാജാക്കന്മാരുടെ അസ്ഥികൂടങ്ങളാനെന്നു അദ്ദേഹം ഭയത്തോടെ മനസ്സിലാക്കി.

രാജാവും സംഘവും ഉടനെതന്നെ രാജ്യത്തേക്ക് തിരിച്ചു പോയി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാജാവ് രാജ്യത്ത് നിന്നും ശക്തരായ ആയിരത്തോളം യുവാക്കളെ സംഘടിപ്പിച്ചു ആയുധങ്ങളുമായി ആ ദ്വീപിലെത്തിച്ചു. ആ ദ്വീപിലെ അപകടകാരികളായ ജീവികളെ മുഴുവന്‍ നശിപ്പിക്കാനും തിങ്ങി നില്‍ക്കുന്ന വനപ്രദേശം വെട്ടിത്തെളിക്കാനും  നിര്‍ദ്ദേശം നല്‍കി. ഒരു മാസം കൊണ്ട് തന്നെ അവര്‍ അപകടകാരികളായ ജീവികളെ മുഴുവന്‍ നശിപ്പിച്ചു. തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ മുഴുക്കെ മുറിച്ചു  അവിടെ സൂര്യപ്രകാശമെത്തിച്ചു. രണ്ടാം മാസം രാജാവ് അവിടം സന്ദര്‍ശിച്ചു  പൂന്തോട്ടങ്ങളും താമസിക്കാന്‍ പറ്റുന്ന വീടുകളും ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാജ്യത്ത് നിന്ന് ആട് കോഴി, പശുക്കള്‍ തുടങ്ങി ഉപകാരപ്രദമായ അനേകം ജീവികളെ രാജാവ് അവിടെയെത്തിച്ചു. കപ്പലുകള്‍ക്ക് അടുപ്പിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കി. അങ്ങിനെ ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ  ആ ദ്വീപിനെ  മനോഹരമായ ഒരു പ്രദേശമാക്കി മാറ്റിയെടുത്തു.

  രാജാവ് വളരെ ലളിതമായ് ജീവിതം നയിച്ചു. തന്‍റെ വരുമാനം മുഴുവന്‍ അദ്ദേഹം ഈ ദ്വീപിലെത്തിച്ചു ഭാവിക്ക് വേണ്ടി സുരക്ഷിതമാക്കി വെച്ചു.

  ഏകദേശം ഒന്‍പത് മാസമായപ്പോള്‍ രാജാവ് മന്ത്രിമാരെയും ഉധ്യോഗസ്ഥരെയും വിളിച്ചു കൂട്ടി പറഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ഏതായാലും എനിക്ക് ഇവിടം വിട്ടു പോകണം. ഇപ്പോള്‍ ഒന്‍പത മാസം പൂര്‍ത്തിയായി. എനിക്ക് ഇപ്പോള്‍ തന്നെ അങ്ങോട്ട്‌ പോകാന്‍ താല്പര്യമുണ്ട്. നിങ്ങള്‍ സമ്മതം തരണം. പക്ഷെ അവര്‍ സമ്മതിച്ചില്ല. അവര്‍ പറഞ്ഞു. കരാര്‍ പ്രകാരം നിങ്ങള്‍ ഇനിയും മൂന്നു മാസം കൂടി ഇവിടെ ഭരണം നടത്തേണ്ടതുണ്ട്. അത് പൂര്‍ത്തിയായാല്‍ ഞങ്ങള്‍ തന്നെ നിങ്ങളെ  ദ്വീപില്‍ കൊണ്ട് പോയി തള്ളും.

  രാജാവിന്‍റെ ഒരു വര്‍ഷത്തെ ഭരണകാലം പൂര്‍ത്തിയായി. ജനങ്ങള്‍ അദ്ദേഹത്തെ വിലകൂടിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അലങ്കരിച്ച ആനപ്പുറത്തു കയറ്റി പട്ടണം ചുറ്റാന്‍ പുറപ്പെട്ടു. തന്‍റെ അവസാനത്തെ യാത്ര പറയാന്‍ വരുന്ന രാജാവിനെ കാണാന്‍ പതിവ് പോലെ ദുഃഖത്തോടെ പ്രജകള്‍   ഒരുമിച്ചു കൂടി. പക്ഷെ രാജാവിന്‍റെ സന്തോഷവും പ്രസന്നതയും നിറഞ്ഞ മുഖം കണ്ട പ്രജകള്‍ അമ്പരന്നു. 

അവര്‍ ചോദിച്ചു.  " എല്ലാ രാജാക്കന്മാരും കരഞ്ഞു കൊണ്ടാണ് യാത്ര പറയാന്‍ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്ര സന്തോഷത്തോടെ നിങ്ങള്‍ ഈ നാടിനോട് വിട ചൊല്ലുന്നത്.?

 രാജാവ് പറഞ്ഞു: 
" ബുദ്ധിമാന്മാര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ..നിങ്ങള്‍ ഒരു ചെറിയ കുഞ്ഞായി ഈ ഭൂമിയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ കരഞ്ഞു കൊണ്ടേയിരുന്നു. നിങ്ങള്ക്ക് ചുറ്റുമുള്ള എല്ലാവരും അത് കണ്ടു സന്തോഷത്തോടെ ചിരിച്ചു. ഇനി നിങ്ങള്‍ ഇവിടെ  നിന്ന് വിടപറയുമ്പോള്‍  സന്തോഷത്തോടെ ചിരിക്കുകയും എല്ലാവരും ദുഃഖത്തോടെ കരയുകയും ചെയ്യണം. ആ രൂപത്തിലാണ് നമ്മള്‍ ജീവിക്കേണ്ടത്. എന്‍റെ ജീവിതം ആ ലക്ഷ്യത്തോടെയായിരുന്നു. എല്ലാ രാജാക്കന്മാരും അവരുടെ കാലാവധി മുഴുവന്‍ ആര്‍ഭാടത്തില്‍ മുഴുകി ജീവിച്ചപ്പോള്‍ ഞാന്‍ എ
ന്‍റെ  ഭാവിയെപറ്റി ചിന്തിക്കുകയും അതിനു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയുമായിരുന്നു. ക്രൂര ജന്തുക്കള്‍ നിറഞ്ഞ ഭീകരമായ ആ കൊടുംകാടിനെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ പറ്റുന്ന ഒരു  സ്വര്‍ഗ്ഗരാജ്യമാക്കി  മാറ്റിയെടുക്കാന്‍ വേണ്ടി  കഠിനമായി അധ്വാനിക്കുകയായിരുന്നു ഇത്രയും കാലം.അത് കൊണ്ട് തന്നെ ഈ യാത്രയയപ്പ് വേളയില്‍ ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.".



“When you were born you were crying and everyone else was smiling. Live your life so at the end, your're the one who is smiling and everyone else is crying.
يا ابن آدم أنت الذي ولدتك أمك باكياً      . والناس حولك يضحكون سروراً
فاعمل لنفسك أن تكون إذا بكوا      .. في يوم موتك ضاحكاً مسروراً

(പഴയ വായനയില്‍ എവിടെ നിന്നോ തടഞ്ഞത്.)

1 comment :

  1. രാജാവിന്‍റെ ഒരു വര്‍ഷത്തെ ഭരണകാലം പൂര്‍ത്തിയായി. ജനങ്ങള്‍ അദ്ദേഹത്തെ വിലകൂടിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അലങ്കരിച്ച ആനപ്പുറത്തു കയറ്റി പട്ടണം ചുറ്റാന്‍ പുറപ്പെട്ടു. തന്‍റെ അവസാനത്തെ യാത്ര പറയാന്‍ വരുന്ന രാജാവിനെ കാണാന്‍ പതിവ് പോലെ ദുഃഖത്തോടെ പ്രജകള്‍ ഒരുമിച്ചു കൂടി. പക്ഷെ രാജാവിന്‍റെ സന്തോഷവും പ്രസന്നതയും നിറഞ്ഞ മുഖം കണ്ട പ്രജകള്‍ അമ്പരന്നു.

    അവര്‍ ചോദിച്ചു. " എല്ലാ രാജാക്കന്മാരും കരഞ്ഞു കൊണ്ടാണ് യാത്ര പറയാന്‍ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്ര സന്തോഷത്തോടെ നിങ്ങള്‍ ഈ നാടിനോട് വിട ചൊല്ലുന്നത്.?

    ReplyDelete

Leave your comments: