May 05, 2014

കടുവയും വികലാംഗനായ കുറുക്കനും -സൂഫി കഥ.



ഒരു ദിവസം വിറക് ശേഖരിക്കാന്‍ കാട്ടിലെത്തിയപ്പോഴാനു അയാള്‍ ആ കുറുക്കനെ ശ്രദ്ധിച്ചത്. മുന്‍വശത്തെ രണ്ടു കാലുകളും നഷ്ടപ്പെട്ട പാവം കുറുക്കനെ കണ്ടപ്പോള്‍ അദ്ദേഹം ചിന്തിച്ചു. 'കഷ്ടം തന്നെ. എങ്ങിനെയാവും ഈ കൊടും കാട്ടില്‍ ഇവന് ഭക്ഷണം ലഭിക്കുന്നത്.'

പല ദിവസവും ഇതേ കുറുക്കനെ നല്ല ആരോഗ്യവാനായി കാട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ അദ്ദേഹം തീരുമാനിച്ചു. ഇവന്‍ ഈ അവസ്ഥയില്‍ ഇരയെപ്പിടിക്കുന്നത് എങ്ങിനെയാണെന്ന് ഒന്ന് മനസ്സിലാക്കണം.

ഒരു ദിവസം അയാള്‍ മരങ്ങള്‍ക്കിടയില്‍ കുറുക്കനെ നിരീക്ഷിക്കാന്‍ വേണ്ടി ഒളിച്ചിരുന്നു.

അപ്പോഴാണ്‌ ദൂരെ നിന്നും ഇരയുമായി നടന്നു വരുന്ന ഒരു കടുവയെ അദ്ദേഹം ശ്രദ്ധിച്ചത്.

കുറുക്കന്‍റെ അരികിലെത്തിയ കടുവ തന്‍റെ കയ്യിലുള്ള ഇരയുടെ പകുതി ഭാഗം കുറുക്കന് നല്‍കി കാട്ടില്‍ മറഞ്ഞു. കുറുക്കന്‍ അത് മുഴുവന്‍ അകത്താക്കി..

പല ദിവസങ്ങളില്‍ ഇതേ രംഗം ആവര്‍ത്തിച്ചു. ഈ അത്ഭുതം കണ്ട അയാള്‍ ചിന്തിച്ചു.

“ ദൈവം എത്ര ഉദാരനാണ്. ഈ പാവത്തിന് അതിനാവശ്യമുള്ള ഭക്ഷണം സമയത്ത് അരികിലെത്തിച്ചു കൊടുക്കുന്നു. മഹാ കാരുണ്യവാന്‍ തന്നെ.. തികച്ചും ഒരു വിശ്വാസിയായ അയാള്‍ തീരുമാനിച്ചു. ഞാനും ഇത് പോലെ ദൈവത്തിന്‍റെ കാരുണ്യം പ്രതീക്ഷിച്ചു ജോലിക്ക് പോകാതെ ഇവിടെ ഇരിക്കും. ദൈവം എനിക്കും ഭക്ഷണമെത്തിച്ചു തരും.'

കാരുണ്യവാനായ ദൈവത്തില്‍ വിശ്വസിച്ച അയാള്‍ പ്രതീക്ഷ കൈവിട്ടില്ല. ഈ കുറുക്കന് ഭക്ഷണം എത്തിക്കുന്ന ദൈവം തീര്‍ച്ചയായും ദൈവ ഭക്തനായ എന്നെ കൈവിടില്ല. അയാള്‍ കാത്തിരുന്നു.

ദിവസങ്ങള്‍ കടന്നു പോയി. ഒരു അത്ഭുതവും സംഭവിച്ചില്ല. ആരോഗ്യം ക്ഷയിച്ച അയാള്‍ തീര്‍ത്തും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.

ആ സമയം ആ വഴിയിലൂടെ നടന്നു പോകുകയായിരുന്ന സൂഫി ഷെയ്ഖ്‌ ആ രംഗം കണ്ടു. അദ്ദേഹം അവശനായ ആ പാവത്തിനെ എഴുന്നേല്‍പ്പിച്ചു നിറുത്തിയിട്ടു പറഞ്ഞു.

“ നിങ്ങള്‍ ആ ജീവികളില്‍ നിന്നും ശരിയായ പാഠം പഠിച്ചില്ല. അതാണ്‌ നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത്. വികലാംഗനായ ആ കുറുക്കനെയല്ല നിങ്ങള്‍ അനുകരിക്കേണ്ടിയിരുന്നത്.. മറിച്ചു ആരോഗ്യവാനായ കടുവയെയായിരുന്നു.”



No comments :

Post a Comment

Leave your comments: