October 18, 2013

മുല്ലാ കഥകള്‍

   പണം കടം കിട്ടാത്ത മുല്ല.
റൊട്ടി വാങ്ങാന്‍ മാര്‍ക്കറ്റില്‍   എത്തിയപ്പോഴാണ് അയാളെ മുല്ല കണ്ടു മുട്ടിയത്.
ഒരു  പരിചയവും ഇല്ല എന്നാലും മുല്ല സംഭാഷണം തുടങ്ങി.

“സഹോദരാ ..കച്ചവടം  ഒക്കെ എങ്ങിനെ പോകുന്നു ?”

“ നന്നായി നടക്കുന്നു.”

"കുടുംബം ..?
"അവരും വീട്ടില്‍ സുഖമായി കഴിയുന്നു."

“ ഓഹോ..എങ്കില്‍   ഒരു പത്തു ദിനാര്‍ കടം തന്നു കൂടെ.”

“ നിങ്ങള്ക്ക് കടം തരാം മാത്രമുള്ള പരിചയം നമ്മള്‍ തമ്മില്‍ ഉണ്ടായിട്ടില്ലല്ലോ.. “
“ശരിയാണ് ഞാന്‍ മുമ്പ് താമസിച്ച നാട്ടിലുള്ളവര്‍ എനിക്ക് കടം തരാതിരിക്കാന്‍ പറയുന്ന കാരണം  അവര്‍ക്ക് എന്നെ നല്ല പരിചയം ഉണ്ട് എന്നതാണ്.. അത് കൊണ്ടാണ് ഞാന്‍  ആ നാട് വിട്ടത് . ഇവിടെ  നിങ്ങള്‍ പറയുന്നു എന്നെ തീരെ പരിചയം ഇല്ല അത്  കൊണ്ട് കടം തരാന്‍ പറ്റില്ല എന്ന്.  ഇതെന്തു ന്യായം. .”
 Image

                                                     പ്രതികാരം.
വാതിലില്‍ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടാണ് മുല്ല ഉണര്‍ന്നത്. വാതില്‍ തുറന്ന മുല്ല കണ്ടത് സ്വന്തം മകള്‍ ശരീരത്തില്‍ മുറിവുകളുമായി പുറത്തിരുന്നു കരയുന്നതാണ്.
“ എന്ത് പറ്റി , അവന്‍  നിന്നെ വീണ്ടും അടിച്ചോ ?”

“ അതെ, എന്നെ ഇന്നലെയും അടിച്ചു.”

ഉടനെ അകത്തു പോയ മുല്ല  ഒരു വടിയുമായി വന്നു മകള്‍ക്കിട്ടു നല്ല അടി കൊടുത്തു   എന്നിട്ട് നേരെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പോയി പറഞ്ഞു.

“ നിങ്ങള്‍ എന്‍റെ മകളെ തല്ലിയതിന് ഞാന്‍ പ്രതികാരം ചെയ്തു. ഞാന്‍ നിങ്ങളെ ഭാര്യയെ പൊതിരെ തല്ലി "

                                                              കൂടുതല്‍ ഉപകാരം 

കോഫീ ഷോപ്പില്‍ വന്ന മുല്ല ചര്‍ച്ച ആരംഭിച്ചു.
“ചന്ദ്രനാണ് സൂര്യനേക്കാളും കൂടുതല്‍ ഉപകാരം ചെയ്യുന്നത്.”
“അതെങ്ങിനെ ശരിയാവും മുല്ല ?”
“നമുക്ക് വെളിച്ചം കൂടുതല്‍ ആവശ്യം വരുന്നത് രാത്രിയല്ലേ..”


                                                             വിശുദ്ധ വീട്.
മുല്ല നാസിരുദ്ധീന്‍ ഒരു പഴയ പൊളിഞ്ഞു വീഴാറായ വാടക വീട്ടിലായിരുന്നു താമസം. കാറ്റടിച്ചാല്‍ മുകളില്‍ നിന്ന് പൊട്ടുന്നതിന്‍റെയും ഇളകുന്നതിന്റെയും ശബ്ദം കേള്‍ക്കും.
ഒരു ദിവസം മുതലാളി വാടക വാങ്ങാല്‍ വന്നു.
മുല്ല ഈ ശബ്ദത്തിന്‍റെ കാര്യം മുതലാളിയോട് സൂചിപ്പിച്ചു.
“ഓഹോ അതാണോ കാര്യം. പേടിക്കാനൊന്നുമില്ല. ഈ പഴയ വീട് സര്‍വ്വ ശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്ന ശബ്ദമാണ് നിങ്ങള്‍ കേള്‍ക്കുന്നത്. “
“ വീട് അല്ലാഹുവിനെ സ്തുതിക്കുന്നതിനെ എനിക്ക് പേടിയില്ല..പക്ഷെ എപ്പോഴെങ്കിലും ഒന്ന് മുട്ട് കുത്തി സര്‍വ്വ ശക്തനെ ആരാധിക്കണം എന്ന് വീടിനു തോന്നിപ്പോകുമോ എന്നതാണ് എന്‍റെ  ഭയം.”

                                                           നഷ്ടപ്പെട്ട കഴുത
മുല്ലയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കൊണ്ടാണ് അങ്ങാടി ഉണര്‍ന്നത്.
ദൂരെ നിന്നും ഓടിക്കിതച്ചു വന്ന മുല്ല പ്രഖ്യാപിച്ചു.
“ എന്‍റെ  പ്രിയപ്പെട്ട കഴുതയെ ഇന്നലെ മുതല്‍ കാണാനില്ല. ആരെങ്കിലും അതിനെ കണ്ടെത്തി എന്‍റെ അടുത്തു കൊണ്ട് വന്നാല്‍ ഞാന്‍ ആ കഴുതയെ അവനു സമ്മാനമായി നല്‍കും.”

“നിങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ മുല്ലാ...” കൂടി നിന്നവര്‍ ചോദിച്ചു.
“നിങ്ങള്‍ക്കറിയില്ല. നഷ്ടപ്പെട്ട സാധനം തിരിച്ചു കിട്ടുമ്പോള്‍ ലഭിക്കുന്ന സന്തോഷം. നിങ്ങള്‍ അതിന്‍റെ  ഉടമസ്ഥനായാല്‍ അത്രയും സന്തോഷം ഒരിക്കല്‍ പോലും നിങ്ങള്‍ക്ക്  ലഭിക്കില്ല.

                                                    അക്കരേക്കുള്ള വഴി. 
മുല്ല ഒരു പുഴക്കരയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ അക്കരനിന്നു ഒരാള്‍ വിളിച്ചു ചോദിച്ചത്. “ ഹലോ മുല്ലാ..എങ്ങിനെ എനിക്ക് അക്കരേക്ക് പോകാന്‍  സാധിക്കും.”

“ പേടിക്കേണ്ട..നിങ്ങള്‍ ഇപ്പോള്‍ അക്കരെയാനുള്ളത്. “

                                                     പുലിയെ ഓടിച്ച മുല്ല 

ഒരു ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മുല്ല കുറെ  കല്ലുകള്‍ ശേഖരിച്ചു നാല്   ഭാഗത്തേക്കും എറിയാന്‍ തുടങ്ങി. മുല്ലയുടെ ഏറു കണ്ടു അയല്‍വാസികള്‍ ഓടിക്കൂടി.

" മുല്ലാ താങ്കള്‍ എന്താണ് ഈ കാണിക്കുന്നത് ?"

"ഓ ഒന്നൂല്ല, ഞാന്‍  പുലികളെ ഓടിക്കുകയാണ് "

" അതിനു ഇവിടെ എവിടെയും പുലികളെ കാണുന്നില്ലല്ലോ ?"

" എന്‍റെ കല്ലേര്‍ വെറുതെയല്ല എന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസ്സിലായില്ലേ."

1 comment :

Leave your comments: