October 25, 2013

മദീനയുടെ ഇമാം അഥവാ ഇമാം മാലിക് ബിന്‍ അനസ് (റ)

          രിക്കുമ്പോള്‍ അത് പ്രവാചകന്‍ കിടക്കുന്ന പവിത്ര  മണ്ണില്‍ വെച്ച് തന്നെയാവണം എന്ന് ഇത്രയധികം  കൊതിച്ചു പോയ വേറെയാരുണ്ട് ചരിത്രത്തില്‍. മദീനയിലെ മണല്‍ തരികളെയും  മരങ്ങളെയും  കെട്ടിടങ്ങളെ പോലും തൊട്ടു മുത്താന്‍ ഇഷ്ടപ്പെട്ട ആ മഹാ മനീഷി മക്കയിലേക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മാത്രം ഒരിക്കല്‍ മദീന വിട്ടു പുറത്തു പോയി. കര്‍മങ്ങള്‍ കഴിഞ്ഞു ഉടനെ തിരികെ പോന്നു. പലപ്പോഴും അമവീ അബ്ബാസീ ഖലീഫമാര്‍ വന്നു ക്ഷണിച്ചിട്ടു പോലും പിന്നീട് ഒരിക്കലും   മദീന വിട്ടു പുറത്തു പോയില്ല. പ്രവാചകന്‍റെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ നഗ്നപാദനായി തന്നെ സഞ്ചരിച്ചു. മദീനയുടെ മണ്ണിന്‍റെ വിശുദ്ധിയില്‍ വിശ്വസിച്ച ഇമാം മാലിക്(റ) ആ മണ്ണിലൂടെ വാഹനപ്പുറത്തേറി യാത്ര ചെയ്യാന്‍ തയ്യാറായില്ല. പ്രായാധിക്യം ശരീരത്തെ തളര്‍ത്തിയ ഘട്ടത്തില്‍ പോലും ഈ പതിവ് ലഘിച്ചില്ല. പ്രവാചകന്‍റെ വിശുദ്ധ കരങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ടാകാമെന്ന ചിന്തയില്‍ മദീനയിലെ വഴികളില്‍ കാണുന്ന  കെട്ടിടങ്ങളെ അദ്ദേഹം ചുംബിച്ചു നിര്‍വൃതി അടഞ്ഞു.

    മാം ഷാഫി (റ) ഒരിക്കല്‍ പറഞ്ഞു. 'ഇമാം മാലിക് (റ)വിന്‍റെ വീടിന്‍റെ മുന്നില്‍ വില കൂടിയ ഭംഗിയുള്ള കുതിരകളെ സൂക്ഷിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവ നല്ല കുതിരകളാണെന്നു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞു. അവ ഇനി മുതല്‍ എന്‍റെ സമ്മാനമായി നിങ്ങള്‍ക്കുള്ളതാണ്. അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ അതില്‍ ഒന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ തന്നെ സൂക്ഷിക്കണം. അതിനു ഇമാം മാലിക് (റ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: "നബി തങ്ങള്‍ കിടക്കുന്ന ഈ മണ്ണില്‍ കൂടി കുതിരപ്പുറത്തു കയറി അതിന്‍റെ കുളമ്പടികള്‍ പ്രവാചകന്‍റെ പാദം പതിഞ്ഞ വല്ല മണല്‍ത്തരിയിലും പതിപ്പിച്ചു യാത്ര ചെയ്യുന്നത് എത്ര മര്യാദക്കേടാണ് "
       രിക്കല്‍ മദീനയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഹദീസ്‌ (collection of traditions) പഠിപ്പിക്കുന്ന സമയത്ത് എവിടെ നിന്നോ കയറി വന്ന ഒരു തേള്‍ ഇമാം മാലിക് (റ)വിന്‍റെ വസ്ത്രത്തിനുള്ളില്‍ കയറിക്കൂടി പല തവണ അദ്ദേഹത്തെ കൊത്തി വേദനിപ്പിച്ചു. വിഷം ശരീരത്തില്‍ കയറി മുഖം വിവര്‍ണ്ണമായി. പക്ഷെ ഇമാം ആ ക്ലാസ് കഴിയുന്നത് വരെ അവിടെ നിന്ന് എഴുന്നേല്‍ക്കാനോ അതിനെ നീക്കം ചെയ്യാനോ ശ്രമിച്ചില്ല. ഹദീസ് പഠനം കഴിഞ്ഞു റൂമില്‍ നിന്നും കുട്ടികള്‍ മുഴുവന്‍ പുറത്തു പോയതിനു ശേഷം അദ്ദേം ആ തേളിനെ നീക്കം ചെയ്തു.  ഇതിനെ പറ്റി അബ്ദുല്ലാഹിബ്നു മുബാറക് ചോദിച്ചപ്പോള്‍ ഇമാം മറുപടി പറഞ്ഞു: പ്രവാചകന്‍റെ വിശുദ്ദ വചനങ്ങള്‍  പറഞ്ഞു കൊടുക്കുമ്പോള്‍ ഒരു തേള്‍ കടികാരണം അത് തടസ്സപ്പെട്ടുപ്പോകുന്നത് അനാദരവായിപ്പോകുമോ എന്ന് പേടിച്ചത് കൊണ്ടാണ് ഞാന്‍ എഴുന്നേറ്റു തേളിനെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാതിരുന്നത്.
       *                    *                       *                      *                       *   
ഒരു ഗുരുവിന്‍റെ  അടുത്തേക്ക്‌ വിജ്ഞാനം നേടാന്‍ പുറപ്പെടുമ്പോള്‍ ഉമ്മ മാലിക് തങ്ങളോടു പറഞ്ഞു : " മകനേ  നീ വിജ്ഞാനം പഠിക്കുന്നതിനു മുമ്പ് അദ്ദേഹത്തില്‍ നിന്നും പെരുമാറ്റ രീതി പഠിക്കുക."
" Learn from your teacher his manners before you learn from him his knowledge "
     *                    *                       *                      *                       *   
   അഹമദ്, തിര്‍മിദി, നസായി, ഹാകിം ( collections of traditions ) തുടങ്ങിയവര്‍ അബു ഹുറൈറ(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: " വൈകാതെ ജനങ്ങള്‍ മത വിജ്ഞാനം നേടാന്‍ ഒട്ടകപ്പുറത്തേറി സഞ്ചരിക്കും. അന്ന് മദീനയിലുള്ള ഒരു പണ്ഡിതനെക്കാളും വലിയ ഒരാളെയും അവര്‍ കണ്ടെത്തുകയില്ല"
സുഫിയാന്‍ ബിന്‍ ഉയൈന (റ) പറയുന്നു ഈ പറയപ്പെട്ട പണ്ഡിതന്‍ ഇമാം മാലിക് (റ) അല്ലാത്തെ മറ്റാരുമല്ല. ഈ അഭിപ്രായം തന്നെയാണ് ഈ ഹദീസിനെ പറ്റി  മറ്റു പണ്ഡിതന്മാര്‍ക്കുമുള്ളത്.
     *                    *                       *                      *                       *   
  മദീനയിലെ ഒരു കുലീന പണ്ഡിത തറവാട്ടിലാണ് ഇമാം മാലിക് (റ) എ ഡി 711ല്‍ (ഹിജ്റ വര്‍ഷം 93ല്‍) ജനിച്ചത്. ഉപ്പയും വലിയുപ്പയും സഹാബികളില്‍ (companions of prophet) നിന്നും നേരിട്ട് ഇസ്ലാം പഠിച്ച  വലിയ പണ്ഡിതരും ഭക്തരുമായിരുന്നു. ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ച അദ്ദേഹം മുന്നൂറില്‍ പരം താബിഉകളെ(Immediate descendants of the companions of Holy Prophet) കാണുകയും അവരില്‍ നിന്ന് അറിവ് സമ്പാദിക്കുകയും ചെയ്തു. മദീനയില്‍ ഉള്ള വലിയ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു നീണ്ട വര്‍ഷങ്ങള്‍ വിജ്ഞാനത്തിനു വേണ്ടി സമര്‍പ്പിച്ചു. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. ഇന്ന് മുസ്ലിം ലോകം അനുകരിക്കുന്ന പ്രധാന ഖുര്‍ആന്‍ പാരായണ രീതിയുടെ ഇമാം ഇമാം നാഫി ബിന്‍ അബൂനുഐമ്(റ)വിന്‍റെ ശിഷ്യത്വം സ്വീകരിച്ചു അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു.ശേഷം അദ്ദേഹത്തില്‍ നിന്നും ഇജാസത്ത് (മറ്റുള്ളവരെ പഠിപ്പിക്കാനുള്ള അനുവാദം) സമ്പാദിച്ചു.

    അറിവിലും ഓര്‍മ ശക്തിയിലും ഇമാം ഹിജാസിലെ ഏറ്റവും പ്രഗല്‍പനെന്ന ഖ്യാതി നേടി.പാണ്ഡിത്യത്തില്‍ താബിഈങ്ങള്‍ക്ക് ശേഷം ഇമാം മാലിക് തങ്ങള്‍ക്കു തുല്യരായി  ആരും തന്നെ മദീനയില്‍ ഉണ്ടായിട്ടില്ല എന്ന് ഇമാം ഷാഫി, സഹബീ (zahabi) തുടങ്ങിയ ഇമാമീങ്ങള്‍  രേഖപ്പെടുത്തുന്നു.. ഇമാം മാലിക് തങ്ങളുടെ ഏറ്റവും വലിയ ഗുരു രണ്ടാം ഖലീഫ ഉമര്‍(റ)വിന്‍റെ മകനും മദീനയിലെ  വലിയ ഹദീസ് ഖുര്‍ആന്‍പണ്ഡിതനുമായിരുന്ന ഇബ്നു ഉമര്‍ (റ) വിന്‍റെ ജോലിക്കാരനായിരുന്ന നാഫിഹ് (റ)ആയിരുന്നു. അദ്ധേഹത്തില്‍ നിന്നും പന്ത്രണ്ടു വര്‍ഷത്തോളം ഇമാം വിജ്ഞാനം കരസ്ഥമാക്കി.(നാഫിഹ് ബിന്‍ അബീ നുഐയിം, അത് പോലെ നാഫിഹ് ഇബ്ന്‍സര്‍ജിസ്(റ)ഈ രണ്ടു പണ്ഡിതരും മാലിക് തങ്ങളുടെ ഗുരുക്കന്മാരാണ്)

    അതീവ ബുദ്ധിശക്തിയും ഓര്‍മ ശക്തിയും അറിവിനോടുള്ള അഭിനിവേശവും മൂലം മാലിക് (റ) വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാനത്തിന്‍റെ വിവിധ മേഖലകളില്‍ അവഗാഹം നേടി. പതിനേഴാമത്തെ വയസ്സില്‍ മദീനയില്‍ അധ്യാപകനായും ജനങ്ങള്‍ക് ഫത്വവ നല്‍കുന്ന മുഫ്ത്തിയായും പ്രവര്‍ത്തിക്കാന്‍ ഗുരുക്കന്മാര്‍ ഇമാം മാലിക് (റ)വിനു അനുവാദം നല്‍കി. പിന്നീട് നീണ്ട അറുപത്  വര്‍ഷക്കാലം മദീനയിലെ മുഫ്ത്തിയായിരുന്നു അദ്ദേഹം.

    ഖുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം(Islamic jurisprudence)  തുടങ്ങിയ വിജ്ഞാന മേഖലയില്‍ അറിവ് പകര്‍ന്നു കൊണ്ട് ഇമാം മാലിക് തങ്ങള്‍ മദീനയില്‍ ജീവിച്ചു. കര്‍മ്മ ശാസ്ത്ര വിധികളില്‍ മദീനയിലെ വിശ്വാസികളുടെ ചര്യകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു പഠന രീതി അദ്ദേഹം സ്വീകരിച്ചു. ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ മദീനയിലെ വിശ്വാസികള്‍ തുടരുന്ന കര്‍മ്മരീതി ഒരു പ്രധാന അറിവിന്‍റെ ഉറവിടമായി ഇമാം കണ്ടെത്തി. ഇതിനു കാരണം മദീന പ്രവാചകന്‍റെയും അനുചരന്മാരുടെയും കാലത്ത് നിന്നും ഒരു പാട് ദൂരം സഞ്ചരിച്ചിട്ടുണ്ടായിരുന്നില്ല. പ്രവാചകനില്‍ നിന്നും ഉത്തമ അനുചരന്മാരില്‍ നിന്നും നേരിട്ട്  മതം പഠിച്ച തലമുറയില്‍ നിന്നാണ് മദീനക്കാര്‍ അറിവ് നേടിയത്. മാത്രവുമല്ല മദീന അക്കാലത്ത്ഒരു രാഷ്ട്രീയ ഭരണ സംഘര്‍ഷങ്ങളുടെ വേദിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ മദീനയിലെ വിശ്വാസികള്‍ ഒരു ചര്യ തുടരുന്നുവെങ്കില്‍ അത് ഖുര്‍ആനിനും ഹദീസിനും എതിരാകാതിരുന്നാല്‍ അതിനെ മത  നിയമത്തിന്‍റെ  ഉറവിടമായി സ്വീകരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.


   പ്രവാചക വചനങ്ങളോട് ഇമാം കാണിച്ച സൂക്ഷ്മതയും ആദരവും ചരിത്രത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.ഹദീസുകള്‍ പഠിപ്പിക്കുന്നതിന് വേണ്ടി മാത്രം തയ്യാറാക്കി വെച്ച വളരെ വൃത്തിയുള്ള   സുഗന്ധം പൂശിയ, മനോഹരമായ ഒരു റൂം തന്നെ അദ്ധേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്നു. കുളിച്ചു ശരീരം ശുദ്ധമാക്കി വുളൂ  എടുത്തു വന്ന ശേഷം മാത്രമേ ഇമാം ഹദീസ് പറഞ്ഞു കൊടുക്കുകയോ ഫത്വവ നല്‍കുകയോ ചെയ്തിരുന്നുള്ളൂ. വില കൂടിയ വെളുത്ത  ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ചു  അവയില്‍ സുഗന്ധം പൂശി താടിയും മുടിയും ഭംഗിയാക്കി   പ്രൌഡിയോട് കൂടിയായിരുന്നു  അദ്ദേഹം ക്ലാസ് റൂമിലേക്ക്‌ പ്രവേശിചിരുന്നത്.  ഇടയ്ക്കിടയ്ക്ക് അദ്ദേഹം വസ്ത്രങ്ങള്‍ മാറി പുതിയത് ധരിക്കും . ഇമാമിന്‍റെ   ശിരോവസ്ത്രത്തിന്‍റെ ഒരു അറ്റം താടിയുടെ താഴ്ഭാഗത്തേക്കും  മറ്റേ തല പിറകില്‍ രണ്ടു ചുമലുകല്‍ക്കിടയിലും തൂങ്ങിക്കിടന്നിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ലഭ്യമായ മികച്ച തരം ഊദ് പുകച്ച് ക്ലാസ് തീരുന്നത് വരെ അവിടെ സുഗന്ധം നില നിര്‍ത്തും. തറയില്‍ നല്ല ഭംഗിയുള്ള കാര്‍പ്പെറ്റ് വിരിച്ചു  റൂമിനെ മനോഹരമാക്കി. ഇമാം ക്ലാസ്റൂ മിലേക്ക്‌ കടന്നു വരുമ്പോള്‍  പണ്ഡിതന്മാരും നേതാക്കളും രാജാക്കന്മാരും ഉള്‍പ്പെട്ട  ശിഷ്യര്‍  പൂര്‍ണ നിശബ്ദത പാലിച്ചു കൊണ്ട്  ഗുരുവിനെ ആദരിച്ചു. പ്രവാചകന്‍റെ നാമം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമാകുന്നത് അവര്‍ ശ്രദ്ധിച്ചു. നടന്നു കൊണ്ടിരിക്കേ അദ്ദേഹം ഹദീസുകള്‍ പറയാന്‍ തയ്യാറായില്ല. എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യുന്ന സമയത്ത് ആരെങ്കിലും വല്ല ഹദീസും ചോദിച്ചാല്‍ ഉടനെ അദ്ദേഹം അനുയോജ്യമായ സ്ഥലത്ത് ഇരുന്നതിനു ശേഷം ചോദ്യകര്‍ത്താവിനെ ഇരുത്തി അദ്ദേഹത്തെ കൊണ്ട് അംഗ ശുദ്ധി വരുത്തി വരാന്‍ ആവശ്യപ്പെട്ട ശേഷം മാത്രമേ ഹദീസിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ.

   ഇമാം മാലിക് (റ) അറിവും അധ്യാപനവും മുസ്ലിം ലോകത്ത് മുഴുക്കെ പ്രസിദ്ധമായി.അദ്ദേഹത്തില്‍ നിന്നും  അറിവിന്‍റെ മധു നുകരാന്‍ ലോകത്തിന്‍റെ  പല ഭാഗത്ത് നിന്നും ആളുകള്‍ മദീനയിലേക്ക് ഒഴുകിയെത്തി.അവരില്‍ ഭരണ കര്‍ത്താക്കളും പണ്ഡിതന്മാരും നേതാക്കളും സൂഫി വര്യന്മാരും ഉണ്ടായിരുന്നു.
     മന്‍സൂര്‍ 
     ഹാരൂണ്‍
     മഅമൂന്‍ 
     മെഹ്ദി     തുടങ്ങിയ രാജാക്കന്മാരും 
ഇമാം അബു ഹനീഫ (റ)
ഇമാം ഷാഫി (റ)
സുഫിയാന്‍ സൂരി(റ)
ഖാസി മുഹമെദ് യൂസുഫ്(റ)
യഹയ ബിന്‍ സഈദുല്‍ അന്‍സാരി(റ)
ഇബ്രാഹിം ഇബിന്‍ അദഹം (റ)
സുന്നൂന്‍ മിസ്റി  (റ) തുടങ്ങി ആയിരത്തി അഞ്ഞൂറില്‍ പരം ഉന്നതിയില്‍ എത്തിയ പണിതരും ആത്മ ജ്ഞാനികളും  അവരില്‍ പെടും.

ഹദീസ് പഠന സമയത്ത് ഒരു തരത്തിലുള്ള അച്ചടക്ക രാഹിത്യവും അദ്ദേഹം അനുവദിച്ചില്ല. ഒരിക്കല്‍ ഹദീസ് പഠന ക്ലാസ്സില്‍ അല്പം ശബ്ദം ഉയര്‍ത്തിയതിന് അബ്ബാസിദ് ഖലീഫ മന്‍സൂറിനെ ഇമാം ശാസിച്ചിരുന്നു.

   ത വിധികള്‍ നല്‍കുന്ന വിഷയത്തില്‍ ഇമാം കാണിച്ച സൂക്ഷ്മതയും ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. "ലാ ഹൌല വാലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് "(There is neither power nor ability save by Allah ) എന്ന് പറയാതെ അദ്ദേഹം ഒരു ഫത്വവയും നല്കിയിരുനില്ല. മദീനയിലെ പ്രഗല്‍പരായ എഴുപത് പണ്ഡിതര്‍ അംഗീകാരം നല്‍കിയ ശേഷമാണ് ഇമാം ഫത് വ നല്‍കാന്‍ ആരംഭിച്ചത്. അറിയാത്ത വിഷയം വന്നാല്‍ ഉടനെ യാതൊരു ശങ്കക്കും ഇടം നല്‍കാതെ എനിക്ക് അറിയില്ല എന്ന് അദ്ദേഹം തീര്‍ത്തു പറയും.

ഒരിക്കല്‍ ഒരു വ്യക്തി ഇമാമിനോടെ നാല്‍പതു ചോദ്യങ്ങള്‍ ചോദിച്ചു അതില്‍ മുപ്പത്തി രണ്ടു ചോദ്യങ്ങള്‍ക്കും എനിക്ക് അറിയില്ല എന്ന മറുപടിയാണ് ഇമാം നല്‍കിയത്.  പണ്ഡിതര്‍ക്കിടയിലെ തിളക്കമുള്ള നക്ഷത്രമാണ് ഇമാം മാലിക് എന്നു ഇമാം ഷാഫി (റ)പറഞ്ഞത് ഇത്തരുണത്തില്‍  ഓര്‍ക്കുക .

ഒരിക്കല്‍ മഗ്രിബ് (North West Africa ) ദേശത്ത് നിന്നും ഒരു വ്യക്തി ആറു മാസത്തിലധികം യാത്ര ചെയ്തു  ആ നാട്ട്കാരെ കുഴക്കിയ ഒരു  സംശയത്തിനു പരിഹാരം തേടി  മാലിക് തങ്ങളുടെ അടുത്തു വന്നു. മാസങ്ങള്‍ നീണ്ട യാത്രയെ പറ്റിയും അതിലെ ബുദ്ധിമുട്ടുകളെപറ്റിയും   പറഞ്ഞ ശേഷം  അദ്ദേഹം ചോദ്യത്തിലേക്ക് കടന്നു. ചോദ്യം ശ്രവിച്ച ഇമാം ഏതാനും നിമിഷത്തെ നിശബ്ദതക്കു ശേഷം പറഞ്ഞു. " ഇതിനുള്ള ഉത്തരം എനിക്കറിയില്ല "
ഈ ഉത്തരം കേട്ട് സ്തബ്ദനായ അയാള്‍ വീണ്ടും ചോദിച്ചു;

"എന്‍റെ നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്ത് മറുപടി പറയും. അവരാണ് എന്നെ നിങ്ങളുടെ അടുത്തേക്ക്‌ പറഞ്ഞയച്ചത് "

"മാലിക്കിന് ഈ ചോദ്യത്തിനുള്ള മറുപടി അറിയില്ല എന്ന് അവരോടു പറയുക " ഇതായിരുന്നു ഇമാം മാലിക്(റ) വിന്‍റെ മറുപടി.

ഇമാം മാലിക് (റ) ഒരിക്കല്‍ പറഞ്ഞു: " ആരെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അയാള്‍ താന്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ നില്‍ക്കുകയാണെന്നും എങ്ങിനെയാണ് പരലോകത്ത് രക്ഷപ്പെടുക എന്നും ചിന്തിച്ചതിനു ശേഷം മാത്രം ഉത്തരം പറയാന്‍ തുനിയുക."

(ഈ ഫോട്ടോ ഡൌണ്‍ ലോഡ് / സേവ് ചെയ്യരുത്. വേറെ പോസ്റ്റില്‍ ഉപയോഗിക്കരുത് )

ഇമാം മാലിക് (റ) തയ്യാറാക്കിയ മുവത്തയുടെ  പാപിറസ് കൈയെഴുത്തുപ്രതി

വിയന്നയില്‍ സ്ഥിതി ചെയ്യുന്ന ആസ്ത്രേലിയന്‍ ദേശീയ ഗ്രന്ഥ ശാലയില്‍ മുവത്തയുടെ പാപിരാസ് കയ്യെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട്.

മുവത്ത്വ 
ഇമാം മാലി (റ)വിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് മുവത്വ. ഹദീസ്, കര്‍മ്മശാസ്ത്രം,  തുടങ്ങിയ വിഷയങ്ങള്‍ വിവരിക്കുന്ന ഇസ്ലാമിക ലോകത്തെ ആദ്യത്തെ ആധികാരിക ഗ്രന്ഥമായി ഇതിനെ കാണാം. നാല്‍പതു വര്‍ഷത്തെ പഠന ഗവേഷണങ്ങളുടെ സമാഹാരമായ  ഈ ഗ്രന്ഥം മദീനയിലെ ഉത്തമ സമൂഹത്തിന്‍റെ മത വിധികളും ചര്യകളും വിജ്ഞാനവും സമാഹരിക്കുന്നു. ഈ ഗ്രന്ഥം രചിച്ച ശേഷം മദീനയിലെ  എഴുപത് പ്രമുഖ പണ്ഡിതരെ കാണിച്ചു.  അവര്‍ എല്ലാവരും അതിനു പൂര്‍ണ അംഗീകാരം നല്‍കി. അത് കൊണ്ടാണ് ഇമാം മാലിക് (റ) തന്‍റെ  ഗ്രന്ഥത്തിന് മുവത്വ (The Approved/ The Well-trodden ) എന്ന് പേര്‍ നല്‍കിയത്.  ഗ്രന്ഥം പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല്പത്തു വര്‍ഷമെടുത്തു. മാലിക് തങ്ങള്‍ സമാഹരിച്ച പതിനായിരത്തില്‍ പരം ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത  1720   ഹദീസുകളാണ് മുവത്ത്വയില്‍ ഉള്‍പ്പെടുത്തിയത്.

മദീനക്കാര്‍ നിവേദനം ചെയ്ത ഹദീസുകള്‍ ഏറ്റവും കൂടുതല്‍ പഠിച്ച പണ്ഡിതന്‍ എന്ന ഖ്യാതി മാലിക് തങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. ഉമര്‍ (റ) ഇബ്ന്‍ ഉമര്‍ (റ) ആയിഷ (റ) തുടങ്ങിയ ഒട്ടനവധി സഹാബികളുടെയും അവരുടെ ശിഷ്യന്മാരുടെയും അറിവും  ചരിത്രവും ഫത്വകളും ഇത്രമാത്രം പഠിക്കുകയും സമാഹരിക്കുകയും ചെയ്താ മറ്റൊരു പണ്ഡിതനെ കണ്ടെത്താന്‍ കഴിയില്ല.
ഇമാം ബുഖാരി (റ) പറയുന്നു " ഏറ്റവും ശക്തമായ ഹദീസ് ശൃംഖല - മാലിക് - നാഫിഹ് - ഇബ്നു ഉമര്‍ -ശൃംഖലയാണ്. ഹദീസ് പണ്ഡിതര്‍ ഇതിനെ " സുവര്‍ണ്ണ ശൃംഖല (Golden Chain ) എന്ന് വിളിക്കുന്നു. ഈ ശൃംഖലയിലുള്ള എണ്‍പതോളം ഹദീസുകള്‍ മുവത്വയില്‍ ഉണ്ട്. വളരെ സൂക്ഷ്മതയും അതീവ ശ്രദ്ധയും  നല്‍കി മാത്രമേ ഇമാം ഹദീസുകള്‍ ഉദ്ധരിച്ചിരുന്നുള്ളൂ. ഇമാം ഷാഫിതങ്ങള്‍ പറയുന്നു " വല്ല ഹദീസിന്‍റെ വിഷയത്തിലും സംശയം വന്നാല്‍ മാലിക് (റ) ആ ഹദീസിന്‍റെ പൂര്‍ണമായും ഒഴിവാക്കും."

അറിവിലും സത്യസന്ധതയിലും ഭക്തിലും  ഓര്‍മ ശക്തിയിലും പ്രസിദ്ധരായവരില്‍ നിന്ന് മാത്രമേ ഇമാം ഹദീസ് സ്വീകരിചിരുന്നുളൂ. ഇമാം നവവി തങ്ങള്‍ പറയുന്നു: "മാലിക് (റ)വിന്‍റെ 900 അധ്യാപകരില്‍ 300 പേര്‍ താബിഈങ്ങളില്‍ പെട്ടവരും ബാക്കി 600 പേര് താബിഉതാബിഈങ്ങളില്‍ പെട്ടവരും ആയിരുന്നു . 

ഇമാം ഷാഫി (റ) പറയുന്നു:  " അല്ലാഹുവിന്‍റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇമാം മാലിക് (റ)വിന്‍റെ മുവത്വയെക്കാളും ആധികാരികമായ ഒരു ഗ്രന്ഥവും  ഭൂമിയിലില്ല "

(ഇമാം ഷാഫി (റ)വിന്‍റെ വഫാതിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇമാം ബുഖാരി ഇമാം മുസ്‌ലിം തുടങ്ങിയവരുടെ ഹദീസ്ബു സമാഹാരങ്ങള്‍  രചിക്കുന്നതും അവ വിശ്വ പ്രസിദ്ധമാവുന്നതും എന്ന് മനസ്സിലാക്കുക.)മദീനയിലെ ജന്നത്തുല്‍ ബക്കീഇല്‍സ്ഥിതി ചെയ്യുന്ന ഇമാം മാലിക് (റ) വിന്‍റെയും ഉസ്താദ് ഇമാം നാഫിഹ് (റ)വിന്‍റെയും ഖബറുകള്‍.

ഹിജ്റ വര്‍ഷം179  റബീഉല്‍ അവ്വല്‍  14  തിങ്കളാഴ്ച  മദീനയുടെ ഇമാം ഇമാം മാലിക് (റ) ഈ ലോകത്തോട് വിട ചൊല്ലി. 
ചില വചനങ്ങള്‍; 
   "പ്രവാചക ചര്യ നോഹയുടെ പേടകം പോലെയാണ് ആര് അതില്‍ കയറുന്നുവോ അവന്‍ രക്ഷപ്പെടും ആര് കയറാതെ മാറി നില്‍ക്കുന്നുവോ അവന്‍ നശിക്കും " ഇമാം മാലിക് (റ) 
"The Sunnah is the ark of Nuh. Whoever boards it is saved, and whoever remains away perishes.”

(ഞാന്‍ ഒരു മതപണ്ഡിതനല്ല. ഒരു ചരിത്ര വിധ്യാര്‍ത്ഥി എന്ന ആങ്കിളില്‍ നിന്നാണ് ഈ വിഷയത്തെ സമീപിച്ചത്. ഈ ലേഖനത്തില്‍ വല്ല തെറ്റുകളും കണ്ടെത്തുന്നെങ്കില്‍  അറിവുള്ളവര്‍ അത് ശ്രദ്ധയില്‍ പെടുത്തി തരണമെന്ന് അപേക്ഷിക്കുന്നു. )
(മുകളില്‍ കൊടുത്ത ചിത്രം ഇമാം മാലിക് (റ)വിന്‍റെതു അല്ല എന്ന് സൂചിപ്പിക്കുന്നു.)

                  ബന്ധപ്പെട്ട പോസ്റ്റുകള്‍ 

                  മുസ്‌ലിം ലീഗിന്‍റെ ഓണ്‍ലൈന്‍ സ്വത്വ പ്രതിസന്ധി.

                  സുഫി കഥകള്‍

7 comments :

 1. ഷാഫി സി കെOctober 25, 2013 at 1:02 AM

  നല്ല ലേഖനം .എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
 2. muhammed Anas kottoor.October 25, 2013 at 1:04 AM

  ലേഖകന്‍ ഇനിയും ചരിത്രത്തിലേക്ക് ഇറങ്ങി കൂടുതല്‍ മുത്തുകള്‍ കണ്ടെത്തണം.

  ReplyDelete
 3. Very nice study n thoughtful writing. ..congratulations.

  ReplyDelete
 4. Very nice study n thoughtful writing. ..congratulations.

  ReplyDelete
 5. great article...i appreciate.

  ReplyDelete

Leave your comments: