April 17, 2015

വിശുദ്ധ കഅബയുടെ താക്കോല്‍ -ഒരു ചരിത്രം.


അറേബ്യയില്‍ ഇസ്ലാമിക പ്രബോധന കാലം ആരംഭിക്കുന്നതിന്‍റെ വളരെ മുമ്പ് തന്നെ കഅബയുടെ സംരക്ഷണം അല്‍-ശൈബ കുടുംബത്തിന്‍റെ കയ്യിലായിരുന്നു. കഅബയുടെ പരിപാലകന്‍ ‘സാദിന്‍’ എന്നാണു അറിയപ്പെടുന്നതു. പ്രവാചകന്‍ അബ്രഹാമിന്‍റെ കാലം മുതല്‍ തുടരുന്നു പോരുന്നതാണ് ഈ സമ്പ്രദായം. പുരാതനകാലത്ത് സാദിന്‍ മക്കയുടെ ഭരണാധികാരികൂടിയായിരുന്നു. പില്‍കാലത്ത് ഈ അധികാരങ്ങള്‍ വ്യത്യസ്ത ഗോത്രക്കാര്‍ക്കിടയില്‍ വിഭജിക്കപ്പെടുയും സാദിന്‍റെ അധികാരം കഅബയുടെ സംരക്ഷണം മാത്രമാവുകയും ചെയ്തു. പ്രവാചകന്‍ മക്കയില്‍ ഇസ്ലാമിക പ്രബോധനം ആരംഭിച്ച കാലത്ത് അല്‍-ശൈബ കുടുംബത്തിലെ കാരണവരായ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയുടെ സൂക്ഷിപ്പിലായിരുന്നു കഅബയുടെ താക്കോല്‍ ഉണ്ടായിരുന്നത്..
കഅബയുടെ സൂക്ഷിപ്പുകാരന്‍ എന്ന അധികാരവും പദവിയും അല്‍-ശൈബ കുടുംബത്തെ അറബികള്‍ക്കിടയില്‍ വളരെ ആദരണീയരാക്കി.
മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റ പോകുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബി കഅബാ ദേവാലയത്തില്‍ കയറി ഒന്ന് പ്രാര്‍ത്ഥന നടത്തണം എന്ന ലക്ഷ്യത്തോടെ ദേവാലയത്തിനു മുന്നിലെത്തി . അകത്തേക്ക്പ്ര വേശിക്കാന്‍ ശ്രമിച്ച പ്രവാചകനെ അല്‍-ശൈബ ഗോത്രത്തലവന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹ തടഞ്ഞു നിര്‍ത്തി.
“നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം ?”
“എനിക്ക് അകത്തു കയറി കയറി ഒന്ന് പ്രാര്‍ത്ഥന നടത്തണം .”
“സാധ്യമല്ല, തിരിച്ചു പോയിക്കൊള്ളൂ.”
“ശരി ഞാന്‍ തിരിച്ചു പോകാം..പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക . ഈ കഅബയുടെ താക്കോല്‍ എന്‍റെ കയ്യില്‍ എത്തിച്ചേര്‍ന്നു അത് ആര്‍ക്കു കൈമാറണമെന്ന് ഞാന്‍ തീരുമാനിക്കുന്ന ഒരു ദിവസമുണ്ടാകും...അന്ന് നമ്മുക്ക് കാണാം..”
ഇത് കേട്ടപ്പോള്‍ ഉസ്മാന്‍ ബിന്‍ തല്‍ഹാക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം പറഞ്ഞു..
“ഓഹോ..അങ്ങിനെ ഒരു ദിവസമുണ്ടെങ്കില്‍ അന്ന് ഖുറൈശികള്‍ അപമാനഭാരത്തല്‍ തലകുനിക്കുന്ന ദിവസമാകും..”
“ ഒരിക്കലുമല്ല..അന്ന് ഖുറൈശികള്‍ അഭിമാനാത്താല്‍ തലഉയര്‍ത്തി നില്‍ക്കുന്ന ദിവസമായിരിക്കും അത്.”
ചിരിയും പരിഹാസവുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്നും പ്രവാചകന്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിയാത്ത ഖേദത്തോടെ മടങ്ങിപ്പോയി.
കാലം കുറെ കടന്നു പോയി. മക്ക വിട്ടു മദീനയിലേക്ക് പോയ പ്രവാചകനും സംഘവും വലിയ വിജയത്തോടെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു. മക്കയിലെ ഓരോ മണല്‍ത്തരിയും പ്രവാചകന്‍റെ കാല്‍ക്കീഴിലായി. കൊല്ലാന്‍ പ്രതിജ്ഞ എടുത്ത ആ ജനത മുഴുക്കെ ആ മഹാമനുഷ്യന്‍റെ കാരുണ്യത്തിന്‌ മുന്നില്‍ നമ്രശിരസ്കരായി.
മക്കയുടെ അധിപനായി തിരിച്ചെത്തിയ പ്രവാചകന്‍ നേരെ പോയത് വിശുദ്ധ ദേവാലയമായ കഅബയിലെക്കാണ്. പണ്ട് കഴിയാതെ പോയ ആ പ്രാര്‍ത്ഥന നിര്‍വഹിക്കണം.. പക്ഷെ പ്രവാചകന്‍ എത്തുന്നതിനു മുമ്പേ അവിശ്വാസിയായ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹാ വാതില്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.
നബി തങ്ങള്‍ താക്കോല്‍ വാങ്ങിക്കൊണ്ടു വരാന്‍ അലി.(റ)വിനെ പറഞ്ഞയച്ചു. പക്ഷെ താക്കോല്‍ കൊടുക്കാന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹ തയ്യാറായില്ല. പക്ഷെ അലി(റ) അദ്ദേഹത്തില്‍ നിന്നും ബലപ്രയോഗത്തിലൂടെ താക്കോല്‍ പിടിച്ചു വാങ്ങി നബി തങ്ങള്‍ക്കു കഅബയുടെ വാതില്‍ തുറന്നു കൊടുത്തു. ശേഷം കഅബക്കുള്ളില്‍ കയറി പ്രവാചകനും സംഘവും പ്രാര്‍ത്ഥന നടത്തി.
ഇപ്പോള്‍ നബി തങ്ങളുടെ കൈവശം എത്തിച്ചേര്‍ന്ന കഅബയുടെ താക്കോല്‍ സൂക്ഷിക്കുന്ന പദവിയും അതിന്‍റെ മഹത്വവും സ്വന്തമാക്കാന്‍ അവിടെ കൂടിയ അനുചരന്മാര്‍ പലരും ആഗ്രഹിച്ചു. അറേബ്യയിലെ ഏറ്റവും ഉന്നതമായ ഈ പദവി സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിച്ചു പോകാതിരിക്കുക?
പ്രവാചകരുടെ പിതൃസഹോദരന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് (റ) മുന്നോട്ടു വന്ന് തന്‍റെ ആ ആഗ്രഹം പ്രകടിപ്പിച്ചു. “തങ്ങളെ ആ താക്കോല്‍ എന്നെ ഏല്‍പ്പിച്ചാല്‍ ഞാനത് ഉത്തരവാദിത്വത്തോടെ സംരക്ഷിച്ചു കൊള്ളാം. എന്‍റെ പിന്മുറക്കാര്‍ ആ പതിവ് തുടരുകായും ചെയ്യും..”. പ്രമുഖനായ അലി(റ) ഇതേ ആവശ്യം ഉന്നയിച്ചു. പക്ഷെ പ്രവാചകന്‍ ഒന്നും പറഞ്ഞില്ല.
അപ്പോഴേക്കും ജിബ്രീല്‍ മാലാഖ മുഖേന കഅബക്കുള്ളില്‍ വെച്ച് ആ വിശുദ്ധ സന്ദേശം അവതരിച്ചു. (കഅബ ദേവാലയത്തിനുള്ളില്‍ വെച്ച് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ ഏക വചനമാണിത്.)
“അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാനെങ്കില്‍ നീതി പൂര്‍വ്വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാനുന്നവനുമാണ്.” (4:58)
ഈ വചനം ഉറക്കെ ഓതിയ ശേഷം പ്രവാചകന്‍ കഅബയുടെ താക്കോല്‍ അലി(റ)വിന്‍റെ കൈവശം കൊടുത്തിട്ട് ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയെ തിരിച്ചേല്‍പ്പിക്കാന്‍ പറഞ്ഞു. അലി(റ) ഉടനെത്തന്നെ ആ താക്കോല്‍ കൂട്ടം ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയുടെ കൈവശം തിരികെകൊടുക്കുകയും താക്കോല്‍ പിടിച്ചു വാങ്ങിയതിനു ക്ഷമാപണം നടത്തുകയും ചെയ്തു. അലി(റ)ന്‍റെ ഈ മാറ്റം അവിശ്വസനിയതയോടെ നോക്കി നിന്ന ഉസ്മാനോട് അലി(റ) നബി തങ്ങള്‍ക്കു ലഭിച്ച അല്ലാഹുവിന്‍റെ നിര്‍ദ്ദേശം ഓതിക്കെള്‍പ്പിച്ചു. മക്കയുടെ അധിപനായ പ്രവാചകനാണ്‌ താക്കോല്‍ തനിക്കു തിരിചെല്‍പ്പിച്ചത് എന്ന് മനസ്സിലാക്കിയ ഉസ്മാന്‍ ഉടനെ തന്നെ വിശ്വാസിയായി മാറി.
ശേഷം പ്രവാചകന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയെ അടുത്തു വിളിച്ചു പറഞ്ഞു.
“ ഇത് വാഗ്ദാന പാലനത്തിന്‍റെ ദിനമാണ്. കഅബയുടെ താക്കോല്‍ താങ്കള്‍ തന്നെ സൂക്ഷിച്ചു കൊള്ളുക. നിങ്ങളുടെ പിന്മുറക്കാര്‍ അവസാനകാലം വരെ അത് തുടര്‍ന്ന് പോകും. അധര്‍മ്മിയും അക്രമിയല്ലാതെ അത് നിങ്ങളില്‍ നിന്നും പിടിചെടുക്കുകയില്ല.”
പ്രവാചകന്‍ തന്നോട് മധുരമായി പ്രതികാരം വീട്ടുകയാണെന്ന് ഉസ്മാന്‍ ഇബ്ന്‍ തല്‍ഹാ (റ) അപ്പോള്‍ ഓര്‍ത്ത്‌ കാണണം.
നൂറ്റാണ്ടുകള്‍ ഒരുപാട് കടന്നു പോയി. രാജാക്കന്മാരും ഭരണാധികാരികളും ഖലീഫമാരും ഏകാധിപതികളും മാറി മാറി അറേബ്യ ഭരിച്ചു. പക്ഷെ വിശുദ്ധ ദേവാലയത്തിനുള്ളില്‍ കയറണമെങ്കില്‍ അവര്‍ക്കൊക്കെ അല്‍-ശൈബ കുടുംബത്തിനു മുന്നില്‍ വന്ന് തലകുനിക്കണം. ഉസ്മാന് ഇബ്ന്‍ ശൈബയുടെ പിന്മുറക്കാരുടെ സമ്മതം വേണം. അവര്‍ ചെന്ന് വാതില്‍ തുറന്നു കൊടുക്കണം.ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതു തുടരുന്നു.
(പാരമ്പര്യമായി വിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിക്കുന്ന അല്‍-ശൈബി കുടുംബ തലവന്‍ ഷെയ്ഖ്‌ അബ്ദുല്‍ ഖാദര്‍ ത്വാഹ അല്‍-ശൈബി കഴിഞ്ഞ ദിവസം മരണപ്പെട്ടു. അദ്ദേഹം കഴിഞ്ഞ വര്‍ഷം മക്കയുടെ അമീര്‍ ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരനില്‍ നിന്നും കഅബക്ക് വേണ്ടി ഉണ്ടാക്കിയ പുതിയ താക്കോല്‍ ഏറ്റു വാങ്ങുന്നതാണ് ചിത്രത്തില്‍.കാണുന്നത്..)

No comments :

Post a Comment

Leave your comments: