April 17, 2015

ഹുദൈബിയ്യയിലെക്കൊരു യാത്ര...


രണ്ടുണങ്ങിയ അറേബ്യന്‍ മണല്‍പരപ്പിലൂടെ ആത്മദാഹത്തിനു തീര്‍ത്ഥജലം അന്വേഷിച്ചു വിശുദ്ധിയുടെ  മരുപ്പച്ച കണ്ടെത്താന്‍ കാലാന്തരങ്ങളിലൂടെ  നിരവധി   സാര്‍ത്ഥവാഹക സംഘങ്ങള്‍ കടന്നു പോയിട്ടുണ്ട്. ഏകദേശം  ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബിയും ആയിരത്തി നാനൂറു അനുയായികളും കൂടി മക്കയിലെ വിശുദ്ധ ഗേഹത്തെ ലക്‌ഷ്യം വെച്ച്  നടത്തിയ സംഭവബഹുലമായ ഒരു  യാത്രയുടെ ഓര്‍മ്മകളാണ് ഹുദൈബിയ്യ അയവിറക്കുന്നത്. കാലങ്ങള്‍ ഒരു പാട് കടന്നു പോയാലും അറേബ്യന്‍ ഊഷരതയില്‍ ഹുദൈബിയ്യയുടെ വഴികള്‍ തിളക്കമുള്ളതായി തന്നെ അവശേഷിക്കും.

നാല്‍പതാമത്തെ വയസ്സിലാണ് മുഹമ്മദ്‌ നബിക്ക് ദൈവിക വെളിപാടുകള്‍ ലഭിച്ചു തുടങ്ങിയത്. അബ്രഹാമിനും മോസസിനും ജീസസിനും ശേഷം ദൈവിക മതത്തിന്‍റെ അന്ത്യദൂതനായി മുഹമ്മദ്‌ നബി മക്കയില്‍ പ്രബോധനം ആരംഭിക്കുന്നു. മക്കയിലെ ഏറ്റവും പ്രമുഖ ഗോത്രമായ ഖുറൈശികള്‍ അതിശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. ഗോത്രപ്രമുഖരുടെ സംരക്ഷണം ലഭ്യമല്ലാത്ത വിശ്വാസികള്‍ക്ക് കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നു. പലരും സ്വന്തംവീടുകളില്‍ തളക്കപ്പെട്ടു. പലരും രഹസ്യമായി വിശ്വാസം നിലനിറുത്തി. അല്ലാത്തവര്‍ ഓരോരുത്തരായി നാടും വീടും സ്വത്തും കുടുംബത്തെയും ഉപേക്ഷിച്ചു അബ്സീനിയായിലേക്കും(എത്യോപ്യ) യസ്രിബിലേക്കും(മദീന) വിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്ഷപ്പെട്ടു. ഇതിനെയാണ് ഹിജ്റ എന്ന് പറയുന്നത്.മുഹമ്മദു നബിയുടെ കുടുംബമായ  ‘ബനൂഹാഷിം’ കുടുമ്പത്തിന്‍റെ തലവനായിരുന്ന അബൂതാലിബ് മരണപ്പെട്ടതോടെ മക്കയില്‍ പ്രവാചകന് ലഭ്യമായിരുന്ന അവസാന സംരക്ഷകനും  നഷ്ടപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ കൂട്ടുകാരന്‍ അബൂബക്കറിനെയും കൂട്ടി വധിക്കാന്‍ വളഞ്ഞു നില്‍ക്കുന്ന  ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ പ്രവാചകനും കൂട്ടുകാരനും കൂടി അത്സാഹസികമായി മദീനയിലേക്ക് പാലായനം ചെയ്തു.

പ്രവാചകനും സംഘവും മദീനയില്‍ എത്തിചെര്‍ന്നിട്ടു സംഭവബഹുലമായ ആറു വര്‍ഷങ്ങള്‍ കടന്നു പോയി. ബദര്‍, ഉഹദ്, ഖന്തക്ക് തുടങ്ങിയ യുദ്ധങ്ങള്‍ ഈ കാലയളവില്‍ സംഭവിച്ചു. ഒരു ദിവസം മുഹമ്മദ്‌ നബി തന്‍റെ ചുറ്റും ഇരിക്കുന്ന ശിഷ്യന്മാരോട് തലേദിവസം താന്‍ കണ്ട ഒരു  സ്വപ്നത്തെ കുറിച്ച് ആവേശത്തോടെ സംസാരിച്ചു.. ആചാര വേഷത്തില്‍ മക്കയിലേക്ക് പോകുന്നതും കഅബ പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം മുടി നീക്കം ചെയ്യുന്നതുമാണ് സ്വപനത്തില്‍ ദര്‍ശിച്ചത്.. മക്കയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തുവാനുള്ള തന്‍റെ നീണ്ട കാലത്തെ അഭിലാഷത്തിന് അല്ലാഹുവില്‍ നിന്നുള്ള പച്ചക്കൊടിയാണ് ഈ സ്വപനമെന്നു പ്രവാചകന്‍ മനസ്സിലാക്കി.

ആറു വര്‍ഷത്തോളമായി സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ചു വന്ന അനുയായികള്‍ അതീവആഹ്ലാദത്തോടെയാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്. മക്കയെ ഒന്ന് കാണുവാനുള്ള മോഹം ഉള്ളില്‍ അടക്കി കഴിയുന്നവരാണ് ജന്മനാട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചു വന്ന മുഹാജിരീങ്ങള്‍. മദീനയിലെങ്ങും ആഹ്ലാദം അലയടിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മക്കയിലേക്ക് പുറപ്പെടാന്‍ എല്ലാവരും തയ്യാറായി..ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ഒരു തീര്‍ത്ഥ യാത്രക്ക് വേണ്ടി എല്ലാവരും തയ്യാറെടുത്തു.അന്‍സാരികളും മുഹാജിരീങ്ങളും കൂടാതെ പരിസരത്തെ ഗോത്രങ്ങളില്‍ നിന്നുള്ള വിശ്വാസികളായ  പലരും മുന്നോട്ട് വന്നു. എല്ലാവര്ക്കും ഒരേ ലക്ഷ്യം ഒരേ ആവേശം.വിശുദ്ധ കഅബ പ്രതിക്ഷിണം നടത്തി ഉംറ നിര്‍വഹിക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി മക്കയെ നിലനിറുത്തുന്നത് കഅബയെന്ന വിശുദ്ധ ദേവാലയമാണ്. അതിനു ചുറ്റുമാണ് അവുടെ ജീവിതം മുളക്കുന്നതും തളിര്‍ക്കുന്നതും. അറേബ്യന്‍ ജനത അഭിമാനത്തോടെ ആദരിക്കുന്നതും സംരക്ഷിക്കുകയും ചെയ്യുന്ന ആ വിശുദ്ധ ദേവാലയമാണ് ഇവരും ആഗ്രഹിക്കുന്നത്.

യുദ്ധങ്ങള്‍ മക്കയിലെ ഖുറൈഷികളെ ഒരു പാട്  തളര്‍ത്തിയിട്ടുണ്ട്. പ്രമുഖര്‍ പലരും യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു. എന്നിട്ടും വിശ്വാസികള്‍ക്ക് നേരെയുള്ള അവരുടെ അക്രമം അവസാനിച്ചിട്ടില്ല. യാസരും സുമയ്യയും മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ കിടന്നു അതികഠിനമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി വിശുദ്ധ മരണം വരിച്ചു. മക്കയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത നിരവധി വിശ്വാസികള്‍ ഇപ്പോഴും ഇരുമ്പ് ചങ്ങലകളില്‍ ബന്ധിച്ചു വീട്ടു തടവിങ്കലിലാണ്. അത് കൊണ്ട് തന്നെ സുഖപ്രദമായ ഒരു മക്കാ പ്രവേശനത്തില്‍ ചില ആശങ്കകള്‍ അവര്‍ ചര്‍ച്ചചെയ്യാതിരുന്നില്ല.


       (പ്രവാചകനും സംഘവും വെള്ളം ശേഖരിച്ച കിണര്‍)
   (ഫോട്ടോയില്‍ ഉള്ള വ്യക്തി ആരെന്നു അറിയില്ല.കടപ്പാട് ഗൂഗിള്‍)
സമാധാനത്തോടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് പ്രവാചകന്‍ ആഗ്രഹിക്കുന്നത്. ഒരു ഏറ്റുമുട്ടലിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാന്‍ വേണ്ടി പ്രവാചകന്‍ ചില തീരുമാനങ്ങള്‍ കൈകൊണ്ടു.. അബ്രഹാം പ്രവാചകന്‍റെ കാലം മുതല്‍ അറബികള്‍ക്കിടയില്‍ നിലവിലുള്ളതാണ് നാല് ‘വിശുദ്ധ മാസങ്ങള്‍’ എന്നുള്ള സങ്കല്‍പം. യുദ്ധവും രക്തം ചിന്തലും ഈ വിശുദ്ധ മാസങ്ങളില്‍ കടുത്ത പാപമാണ് എന്നുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ രൂഢമൂലമാണ്. സ്വന്തം പിതാവിനെ വകവരുത്തിയവനെ കണ്ടുമുട്ടുന്നത്  വിശുദ്ധ മാസത്തിലാനെങ്കില്‍ പ്രതികാരം ചെയ്യാന്‍ ഏറ്റവും കഠിനഹൃദയമുള്ള അറബിപോലും തയ്യാറാവില്ല.. ഈ വിശുദ്ധ വിശുദ്ധ മാസങ്ങളില്‍  കഅബദേവാലയത്തിലേക്ക് പ്രാര്‍ത്ഥനക്ക് വരുന്നവരെ തടയുകയോ ആക്രമിക്കുകയോ തിരിച്ചയക്കുകയോ ചെയ്ത സംഭവം മക്കയിലെ  ഖുറൈഷികളുടെ ചരിത്രത്തില്‍ ഇതവരെ സംഭവിച്ചിട്ടില്ല. (ദുല്‍ഖഅദു, ദുല്‍ഹിജ്ജ്, മുഹറം,റജബ് ഇവയാണ് നാല് വിശുദ്ധ മാസങ്ങള്‍)
അത് കൊണ്ട് തന്നെ വിശുദ്ധ മാസം തുടങ്ങുന്ന ‘ദുല്‍ഖഅദ’ ഒന്നാം തിയ്യതിയാണ് പ്രവാചകന്‍ മക്കയിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത്. ഒരു യുദ്ധത്തിനു വേണ്ടിയുള്ള ആയുധങ്ങള്‍ അവര്‍ കൂടെ കരുതിയിരുന്നില്ല. മരുഭൂമിയിലൂടെ യാത്രപോകുന്നവര്‍ സാധാരണ കൂടെ സൂക്ഷിക്കുന്ന സ്വരക്ഷക്കു വേണ്ടിയുള്ള വാളുകള്‍ മാത്രമാണ് അവര്‍ കയ്യില്‍ സൂക്ഷിച്ചത്.. ഉംറ നിര്‍വഹിക്കാനുള്ള വേഷത്തില്‍ വിശുദ്ധ മാസത്തില്‍ വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്നതിലൂടെ പ്രവാചകന്‍ ഖുറൈശികള്‍ക്ക് വ്യക്തമായ സന്ദേശമാണ് കൈമാറിയത്. ഞങ്ങള്‍ വരുന്നത് സമാധാനത്തിനും ആരാധനക്കും വേണ്ടിമാത്രമാണ്..യുദ്ധത്തിണോ രക്തചൊരിച്ചിലിനോ വേണ്ടിയല്ല. അത് കൊണ്ട് ഞങ്ങളെ തടയരുത്.
ബദറില്‍  313ല്‍ തുടങ്ങി ഉഹദില്‍ 700ല്‍ എത്തിയ മുസ്ലിം സംഖ്യ ഖന്തക്കില്‍ ആയിരത്തിലേക്ക് ഉയര്‍ന്നിരുന്നു.ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്ക് ശേഷം മക്കയിലേക്ക് പോകാന്‍ ആയിരത്തി നാനൂറു വിശ്വാസികള്‍ തയ്യാറായി നില്‍ക്കുന്നു. മദീനക്ക് ചുറ്റുമുള്ള ചില ഗ്രാമീണ അറബികള്‍ സ്വത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രയാസങ്ങള്‍ പറഞ്ഞു യാത്രയില്‍ നിന്ന് വിട്ടുനിന്ന്. അവരെ തുറന്നു കാണിച്ചു കൊണ്ട് ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ ഇറങ്ങി. ‘അവരുടെ ഹ്രദയത്തില്‍ ഉള്ളതായിരുന്നില്ല അവര്‍ പുറത്ത് പറഞ്ഞിരുന്നത്. പ്രവാചകനും കൂട്ടരും മക്കയില്‍ നിന്ന് ജീവനോടെ തിരിച്ചു വരില്ല എന്നുള്ളതായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍.’ അത് കൊണ്ട് തന്നെ സഹാബികള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കുന്നത്തിനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി.(1-സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കപ്പെട്ട പത്ത് പേര്‍, 2-ബദര്‍ പോരാളികള്‍, 3-ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവര്‍)

എഴുപത് ഒട്ടകങ്ങളെ ആദരവോടെ പ്രത്യേകം അലങ്കരിച്ചു ആരാധനയുടെ ഭാഗമായി അറുത്തു മക്കയിലെ പാവങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി യാത്രസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു സംഘത്തെ തടസ്സപ്പെടുത്താന്‍ ഖുറൈശികള്‍ തയ്യാറാവില്ല എന്നുള്ള ധാരണ വിശ്വാസികള്‍ പുലര്‍ത്തിയിരുന്നു. മാത്രമല്ല ഇത്തരം ഒരു വിശുദ്ധ സംഘത്തെ തടഞ്ഞാല്‍ അത് ഖുരിഷികള്‍ക്കിടയിലും അവരെ പിന്തുണക്കുന്ന മറ്റു അറബ് ഗോത്രക്കാര്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉയരാനും കാരണമാകും.

ഇബ്ന്‍ സഫവാന്‍ അല്‍ഖുഴായി എന്ന അനുചരനെ പ്രവാചകന്‍ പ്രത്യേകം തിരഞ്ഞെടുത്തു മക്കയിലെ ഖുരിഷികളുടെ പ്രതികരണം അറിയാന്‍ വേണ്ടി അവിടേക്ക് പറഞ്ഞയച്ചു. അന്‍സാരികളിലും മുഹാജിരീങ്ങളിലും പെടാത്തെ ഒരു ന്യൂട്രല്‍ ഗോത്രത്തില്‍ പെട്ട സഹാബിയാണ് ഇബ്ന്‍ സഫവാന്‍. അത് കൊണ്ട് തന്നെ അദ്ധഹത്തിന്‍റെ വിശ്വാസവും ലക്ഷ്യവും ഖുറൈശികള്‍ തിരിച്ചറിയില്ല എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇബ്ന്‍സഫവാന്‍ വിവരങ്ങളുമായി തിരിച്ചു വന്നു. ഈ സമയം പ്രവാചകനും സംഘവും അസ്ഫാന്‍ എന്ന പ്രദേശത്തു എത്തിച്ചേര്‍ന്നിരുന്നു. മക്കയില്‍ ഖുറൈശികള്‍ ഒരു യുദ്ധത്തിനു വേണ്ടി തയ്യാറെടുക്കുന്ന വിവരമാണ് പ്രവാചകന് ലഭിച്ചത്. ശക്തി കൂട്ടികാണിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും വരെ അവര്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്ത് വിലകൊടുത്തും പ്രവാചകനെയും സംഘത്തെയും മക്കയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് ഖുരിഷികള്‍ ഉള്ളത്. ഖുരൈഷികളുടെ ഏറ്റവും ശക്തനായ പോരാളിയായ ഖാലിദ് ബിന്‍വലീദിനെ മദീനയില്‍ നിന്നും മക്കയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തി പ്രദേശത്തു ഒരു വലിയ സൈന്യത്തോടൊപ്പം തയ്യാറാക്കി നിറുത്തിയിട്ടുണ്ട്‌.
മക്കയില്‍ നിന്നുള്ള നിരാശാജനകമായ വാര്‍ത്ത ശ്രവിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:
“എന്തിനു ഖുറൈശികള്‍ നമ്മുടെ ഈ യാത്ര തടസ്സപ്പെടുത്തണം. ഞാനും ഒരു ഖുറൈഷിയാണ്. എന്‍റെ വിജയം ഖുരൈഷികളുടെ വിജയം കൂടിയല്ലേ..അല്ലാഹുവാണ് സത്യം അവര്‍ ആക്രമിക്കുകയാനെങ്കില്‍ ഞാന്‍ വിജയം വരെ അവരോടു പോരാടും.”
       
ശേഷം ഒരു തണല്‍ പ്രദേശത്തു എല്ലാവരും വിശ്രമത്തിന് വേണ്ടി ഒരുമിച്ചു കൂടി. പ്രവാചകന്‍ എല്ലാവരെയും അവിടെ വെച്ച് അഭിസംബോധന നടത്തി. ശേഷം അബൂബക്കര്‍ സിദ്ധീഖ് തങ്ങളോടു ഇനി എങ്ങിനെ മുന്നോട്ട് പോകണം എന്നുള്ള വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞു. സിദ്ധീഖ് (റ) പറഞ്ഞു.
“നമ്മള്‍ മദീനയില്‍ നിന്ന് യാത്ര പുറപ്പെട്ടത്‌ മക്കയിലെ അല്ലാഹുവിന്‍റെ വിശുദ്ധ ദേവാലയം ലക്ഷ്യമാക്കിയാണ്. അത്കൊണ്ട് നമ്മള്‍ നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുക. അവര്‍ നമ്മെ ആക്രമിക്കുകയാനെങ്കില്‍ മാത്രം നമ്മള്‍  പ്രധിരോധത്തിനു തയ്യാറായാല്‍ മതി.” അബൂബക്കര്‍ തങ്ങളുടെ ശാന്തമായ നിര്‍ദേശം പ്രവാചകന്‍ അംഗീകരിച്ചു.
അഫ്സാനില്‍ വെച്ച് ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി ‘സ്വലാത്തുല്‍ ഖൌഫ്’ (നിസ്കാരം) നിര്‍വഹിച്ചു.(ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം) ഏതു സമയവും ഏതു ദിശയില്‍ നിന്നും ആക്രമം സംഭവിക്കാം എന്നുള്ളത് കൊണ്ടാണ് അവിടെ വെച്ച് പ്രത്യേക രീതിയിലുള്ള നിസ്കാരം നിര്‍വഹിച്ചത്.

(ഖുദൈബിയ്യയില്‍ പ്രവാചകന്‍ തമ്പടിച്ച സ്ഥലം സൂചിപ്പിക്കുന്ന പഴയ കെട്ടിടം.)
ഖാലിദ് ബിന്‍ വലീദ് മക്കയിലേക്കുള്ള വഴിയില്‍ തമ്പടിച്ചിരിക്കുന്നത് കൊണ്ട് തന്നെ ആ വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ശേഷം പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു ദുര്‍ഘടമായ മറ്റൊരുപാദയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ സംഘത്തില്‍ തന്നെയുള്ള വിദഗ്തനായ ഒരു ഗൈഡിന്‍റെ സഹായത്തോടെ അവര്‍ യാത്ര തുടര്‍ന്നു. അതികഠിനമായ പ്രയാസങ്ങള്‍ സഹിച്ചു മുന്നോട്ട് പോകവെ പ്രവാചകന്‍ അവരോടു പറഞ്ഞു.. “ ഈ താഴ്വാരത്ത് കൂടെ കടന്നു പോകുന്നവരുടെ പാപങ്ങള്‍ മുഴുവനും ശുദ്ധീകരിക്കപ്പെടും..ചുവന്ന ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരാളുടെത് ഒഴികെ.” ഇത് കേട്ടപ്പോള്‍ സഹാബികള്‍ ചുവന്ന ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നവന് വേണ്ടി തിരച്ചില്‍ തുടങ്ങി. അവസാനം സംഘത്തിന്‍റെ ഏറ്റവും പിറകിലായി ഒരാളെ കണ്ടെത്തി..ആയാല്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.. “എന്‍റെ ചുവന്ന ഒട്ടകത്തെ കാണുന്നില്ല..നിങ്ങളില്‍ ആരെങ്കിലും അതിനെ കണ്ടിട്ടുണ്ടോ ?” ചിലര്‍ ഇദ്ദേഹത്തോട് ചോദിച്ചു..എന്ത് കൊണ്ട് താങ്കള്‍ക്ക് പ്രവാചകരുടെ അടുത്തു പോയി പറഞ്ഞു കൂടാ..താങ്കളുടെ പാപങ്ങള്‍ മുഴുവന്‍ അതിലൂടെ ഇല്ലാതെയായി പോകില്ലേ.. അദ്ദേഹം പറഞ്ഞു: “ പ്രവാചാകനെ പോയി കാണുന്നതിലും വലുത് എനിക്ക് എന്‍റെ ഒട്ടകത്തെ കണ്ടെത്തലാണ്”


(ഇവിടെ വെച്ചാണ് പ്രവാചകനും അനുയായികളും നിസ്കാരം നിര്‍വഹിച്ചത്.)

ഒരു പകല്‍ മുഴുവനും ആ പാറകള്‍ നിറഞ്ഞു മരുഭൂമിയിലൂടെ കടുത്ത പ്രയാങ്ങള്‍ തരണം ചെയ്തു  മുന്നോട്ടു നീങ്ങിയ ആ സംഘം സന്ധ്യയായതോടെ “ഹുദൈബിയ്യ’ എന്ന വിശാലമായ താഴ്വരയില്‍ എത്തിച്ചേര്‍ന്നു.(മക്കയില്‍ നിന്നും ജിദ്ധയിലേക്കുള്ള വഴിയില്‍ ഏകദേശം ഇരുപത് കിലോമീറ്റര്‍ ദൂരത്തിലാണ്  ഹുദൈബിയ്യ ) സംഘം ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മുന്നില്‍ നീങ്ങുന്ന പ്രവാചകന്‍റെ ഖസവാ എന്ന് വിളിക്കപ്പെടുന്ന ഒട്ടകം മുന്നോട്ട് നീങ്ങാന്‍ വിസമ്മതിച്ചു അവിടെ മുട്ടുകുത്തി.. കൂടെയുള്ളവര്‍ ഒച്ചയുണ്ടാക്കിയും തലോടിയും അതിനെ മുന്നോട്ട് നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഒട്ടകം ഒരടി മുന്നോട്ട് നീങ്ങിയില്ല. ഇത് കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “ ഇങ്ങിനെ ഒരു മര്‍ക്കടമുഷ്ടി കാണിക്കുന്ന സ്വഭാവം ഖസവക്കില്ല. അത് കൊണ്ട് തന്നെ അത് യാത്ര നിരുത്തിയതല്ല. ആനയുടെ മക്കയിലേക്കുള്ള പ്രവേശം തടഞ്ഞവന്‍ തന്നെയാന്‍ ഒട്ടകത്തെയും തടസ്സപ്പെടുത്തിയത്. (ക്രിസ്തു വര്ഷം 570ല്‍ കഅബ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് വന്ന യമനിലെ ക്രിസ്ത്യന്‍ ഭരണാധികാരി അബ്രഹയുടെ ആനകള്‍ ഉള്‍പ്പെട്ട വന്‍ സൈന്യത്തെ മക്കയുടെ അതിര്‍ത്തിയില്‍ വെച്ച് അത്ഭുതകരമായ രീതിയില്‍ തടസ്സപ്പെടുത്തി പരാജയപ്പെടുത്തിയ സംഭവത്തെയാണ് സൂചിപ്പിക്കുന്നത്) അല്ലാഹുവിന്‍റെ ഭവനം ലക്‌ഷ്യം വെച്ച് വന്നവരുടെ യാത്ര ഇവിടെ തടഞ്ഞെങ്കില്‍ ഇനി മുന്നോട്ട് പോകാതെ അവിടെ തമ്പടിക്കുന്നതില്‍ വലിയ നന്മയുണ്ടാകുമെന്നു പ്രവാചകന്‍ മനസ്സിലാക്കുന്നു.
പ്രവാചകരും സംഘവും ഒട്ടകപ്പുറത്ത് നിന്നും താഴെ ഇറങ്ങി ആ പ്രദേശത്ത് ക്യാമ്പ് ചെയ്തു.. നീണ്ട യാത്രയും ദുര്‍ഘട പാദകളും അവരെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. എന്നാലും കഅബയെ പ്രദക്ഷിണം നടത്താനുള്ള അവരുടെ ആവേശത്തിന് തെല്ലും ക്ഷീണം സംഭവിച്ചിരുന്നില്ല. യാത്രയില്‍ കൂടെ കരുതിയിരുന്ന വെള്ളം മിക്കവാറും അവസാനിച്ചിരുന്നു. സംഘത്തിനും കൂടെയുള്ള ഒട്ടകങ്ങള്‍ക്കും വെള്ളമില്ലാതെ യാത്രതുടരാന്‍ ആവില്ല എന്ന് മനസ്സിലാക്കിയ സംഘം വെള്ളം അന്വേഷിച്ചു അടുത്ത തന്നെയുള്ള ഒരു പഴയ കിണറിന്‍റെ അടുത്തേക്ക് നീങ്ങി.... മണല്‍ നിറഞ്ഞു മിക്കവാറും വരണ്ടു പോയ കിണറിന്‍റെ അവസ്ഥ അവര്‍ പ്രവാചകന് കാണിച്ചു കൊടുത്തു. പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം സഹാബികളില്‍ ഒരുവന്‍  തലപ്പാവുകള്‍ കൂട്ടിക്കെട്ടി കയറാക്കി കിണറ്റിലേക്ക് ഇറങ്ങി. ഒരു പാത്രത്തില്‍ ലഭ്യമായ കുറച്ചു വെള്ളം മുകളിലേക്ക് എടുത്തു പ്രവാചകന് കൈമാറി. പ്രവാചകന്‍ ആ വെള്ളം വായിലാക്കി ശേഷം ആ പാത്രത്തിലേക്ക് തന്നെ ഒഴിച്ച് ശേഷം കിണറ്റിലേക്ക് ഒഴിക്കാന്‍ ആവശ്യപ്പെട്ടു. വെള്ളം കിണറ്റിലേക്ക് ഒഴിച്ചതും അതില്‍ നിന്ന് ശക്തമായ ഉറവുകള്‍ രൂപപ്പെട്ടു. കിണറ്റില്‍ ഇറങ്ങിയ സഹാബി പെട്ടെന്ന് തന്നെ തിരിച്ചു കയറി രക്ഷപ്പെട്ടു. (പ്രവാചകന്‍ ജീവിതത്തില്‍ പലപ്പോഴായി പ്രകടിപ്പിച്ച നിരവധി അമാനുഷിക സിദ്ധികളില്‍ പെട്ടതായിരുന്നു ഈ  സംഭവം.) പ്രവാചകനും സംഘത്തിനും കൂടെയുള്ള മൃഗങ്ങള്‍ക്കും എല്ലാ ആവശ്യത്തിനും ഉപയോഗപ്പെടുത്താന്‍ വേണ്ടത്ര വെള്ളം ഹുദൈബിയ്യയിലെ ആ അത്ഭുത കിണറില്‍ നിന്നും അവര്‍ക്ക് ലഭിച്ചു..ഏകദേശം ഇരുപത് ദിവസങ്ങള്‍ ആ സംഘം ഹുദൈബിയ്യയില്‍ ക്യാമ്പ് ചെയ്തിരുന്നു.
ശേഷം പ്രവാചകന്‍ മുന്നിലുള്ള അനുയായികളെ അഭിസംബോധനം ചെയ്തു കൊണ്ട് പറഞ്ഞു. ‘നമ്മള്‍ യാത്ര തിരിച്ചത് അല്ലാഹുവിന്‍റെ കഅബയെ ലക്‌ഷ്യം വെച്ച് കൊണ്ടാണ്. നമ്മള്‍ സമാധാനത്തിനും ആരാധനക്കും പുറപ്പെട്ടവരാണ്‌. യുദ്ധത്തിണോ ഏറ്റുമുട്ടലിനോ വന്നവരല്ല. അത് കൊണ്ട് തന്നെ അല്ലാഹുവാണ് സത്യം..ഖുറൈശികള്‍ അല്ലാഹുവിന്‍റെ സംജ്ഞകളെ ധിക്കരിക്കാത്ത രീതിയില്‍ ഏതു വ്യവസ്ഥകളുമായി മുന്നോട്ട് വന്നാലും ഞാന്‍ അത് അംഗീകരിച്ചു കൊടുക്കുക തന്നെ ചെയ്യും.”

(ഇന്‍ഷാ അല്ലാഹ്..തുടരും.)

ഡോ:യാസിര്‍ ഖാദിയുടെ പ്രഭാഷണങ്ങള്‍ക്ക് കടപ്പാട് അറിയിക്കുന്നു.
.

  

5 comments :

 1. ഇസ്ലാമിക ചരിത്രത്തിലെ സംഭവബഹുലമായ ഒരു അധ്യായമാണ് ഹുദൈബിയ്യ പറഞ്ഞു തരുന്നത്. ഒരു പാഠങ്ങള്‍ മുസ്ലിം സമൂഹത്തിനു കൈമാറാന്‍ ഹുദൈബിയ്യുടെ പഠനം സഹായിക്കും. കാലങ്ങള്‍ ഒരു പാട് കടന്നു പോയാലും അറേബ്യന്‍ ഊഷരതയില്‍ ഹുദൈബിയ്യയുടെ വഴികള്‍ തിളക്കമുള്ളതായി അവശേഷിക്കും.

  ReplyDelete
 2. ഇസ്ലാമിക ചരിത്രത്തിലെ സംഭവബഹുലമായ ഒരു അധ്യായമാണ് ഹുദൈബിയ്യ. ഒരു വിശുദ്ധ ലക്ഷ്യത്തിലേക്ക് പുറപ്പെട്ട ഒരു യാത്രാ സംഘം സഞ്ചരിച്ച ദുര്‍ഘട വഴികള്‍ കാലങ്ങള്‍ ഒരു പാട് കടന്നുപോയിട്ടും ഇന്നും തിളക്കമുള്ളതായി തന്നെ അവശേഷിക്കുന്നു. നീണ്ട കാലത്തെ സ്വപ്നങ്ങള്‍ക്ക് മീതെ പറന്നെത്തിയ കടുത്ത വ്യവസ്ഥകളുടെ ഇരുണ്ട മേഖങ്ങള്‍ക്ക് പിറകിലെ വെള്ളി വെളിച്ചം ചരിത്രം കാണിച്ചു തന്നു എന്നുള്ളത് വസ്തുതയാണ്.. ഒരുപാട് പാഠങ്ങള്‍ പഠിക്കാനുള്ള വലിയ അധ്യായമാണ് ഈ ഊഷരഭൂവില്‍ തുറന്നു വെച്ചിരിക്കുന്നത്.. ഇസ്രായേലുമായി ഉണ്ടാക്കിയ ഓസ്‌ലോ ഉടമ്പടിക്കെതിരെ അറബ് ഇസ്ലാമിക ലോകത്ത് നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ യാസര്‍ അറഫാത്ത് പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്..മുസ്ലിംകളുടെ എക്കാലത്തെയും ഏറ്റവും വലിയ ശത്രുക്കളായിരുന്ന മക്കയിലെ ഖുറൈഷികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ ഹുദൈബിയ്യ സന്ധിയെപ്പോലെ തന്നെയാണ് ഇസ്രായെലുമായി ഉണ്ടാക്കിയ ഈ സന്ധിയും..വലിയ പാഠം തന്നയാണ് ഹുദൈബിയ്യയിലേക്കുള്ള ഓരോ ചുവടു വെപ്പും.

  ReplyDelete
 3. മുഹമ്മദ്‌ ശാഫിApril 17, 2015 at 10:44 AM

  മാഷാ അല്ലാഹ്.. തുടരട്ടെ..

  ReplyDelete
 4. അല്ലാഹു അനുഗ്രഹിക്കട്ടെ. തുടര്‍ച്ച പ്രതീക്ഷിക്കുന്നു..

  ReplyDelete
 5. അജ്മല്‍April 17, 2015 at 12:33 PM

  നല്ല പാഠങ്ങള്‍..തുടരട്ടെ.

  ReplyDelete

Leave your comments: