April 04, 2014

കൊടുംഭീകരന്‍ - ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റന്‍റെ തിരക്കഥ.

  രംഗം:  തൃശ്ശൂര്‍  മെഡിക്കല്‍ കോളേജ് പരിസരത്തുള്ള വന്ദന ലോഡ്ജ്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. അസമയത്ത് കുറെ പോലിസ്കാര്‍ ലോഡ്ജിന്‍റെ  വാതില്‍ മുട്ടി അകത്തേക്ക്  കയറുന്നു.  ആകാംക്ഷ മുറ്റിയ നിമിഷങ്ങള്‍ .റൂമില്‍ നിന്നും ഒരു ചെറുപ്പക്കാരനെ പൊക്കിയെടുത്തു പോലിസ് വാഹനത്തില്‍ കയറ്റി ഓടിച്ചു പോകുന്നു. ചുറ്റും കൂടിയവര്‍ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നില്‍ക്കുന്നു.

രംഗം: അതേ വന്ദന ലോഡ്ജ് പരിസരം. സമയം: പോലീസുകാര്‍ മടങ്ങി  അര മണിക്കൂറിനു ശേഷം.. 

ശ്രീ കൌമുദന്‍,  ശ്രീ മനോഹരന്‍ ശ്രീമാന്‍ മാതൃകന്‍ തുടങ്ങിയവര്‍ എവിടെനിന്നോ സ്ഥലത്ത് കുതിച്ചെത്തുന്നു. പരിസരത്തുള്ളവരോട് ആകാംക്ഷയോടെ കാര്യങ്ങള്‍ അന്വേഷിക്കുന്നു.

മനോഹരന്‍: പുള്ളിക്കാരന്‍റെ പേരറിയുമോ ?

ഒരാള്‍: അജ്മല്‍

മറ്റൊരാള്‍: അല്ല അഫ്സല്‍

വേറെ ഒരാള്‍: ഏതായാലും കക്ഷി ഈ അടുത്തു മതം മാറിയ ആളാണ്‌.
അദ്ദേഹത്തെ കുറച്ചു നാള്‍ മുമ്പ് മെഡിക്കല്‍ കോളേജില്‍ കണ്ടിരുന്നു.

ഓഹോ..
"ദിസ്‌ ഈസ്‌ ഇനഫ്‌ മനോഹരന്‍ തുള്ളിച്ചാടി. കൌമുദനും, മാതൃകനും കൂടെ ചാടി. എവിടെനിന്നോ അപ്പോള്‍ ഓടിക്കിതച്ചെത്തിയ മരക്കോടന്‍ മലയാളി ഇത്രയും കേട്ടപ്പോള്‍  കേട്ട പാതി കേള്‍ക്കാത്ത പാതി തിരിച്ചു ഓഫീസിലേക്ക് തന്നെ ക്ഷരവേഗത്തില്‍ വിട്ടു.

"അഫ്സല്‍ എന്ന് കേട്ടപ്പോള്‍ ശ്രീ കൌമുദന്‍റെ മനസ്സില്‍ ഇത്രയും ചിത്രങ്ങള്‍ തെളിഞ്ഞു വന്നു. - അഫ്സല്‍ ഗുരു , പാക്കിസ്ഥാന്‍, കാശ്മീര്‍, വഖാസ് അഹ്മദ് , എന്‍ ഐ എ,  ഭീകരവാദം, കൊടും ഭീകരന്‍, മദനി,  മതം മാറ്റം –

ഇനി അഥവാ പേര് അജ്മലാണെങ്കിലോ ? മനോഹരന്‍ ചോദിച്ചു?

“.അതിനെന്താ.. ‘അജ്മല്‍ കസബില്ലേ.”

‘ഞാനിതുവേച്ചൊരു കലക്ക് കലക്കും.’ കൌമുദന്‍ പോകാന്‍ റെഡിയായി.

“അല്ല പോകാന്‍ വരട്ടെ..പേര് ഒക്കെ. പക്ഷെ കഥക്കൊരു നല്ല പഞ്ച് വേണ്ടേ.” മനോഹരന്‍റെ ചോദ്യം.

“ അത് ശരിയാണല്ലോ. സ്ഥലം മെഡിക്കല്‍ കോളെജിനു അടുത്താണല്ലോ. പുള്ളിക്കാരന്‍ അവിടെ പോയത് കണ്ടവരുമുണ്ട്. അത് കൊണ്ട് കക്ഷിയെ നമുക്കൊരു യുവ ഡോക്ടറാക്കാം. ഐടിയെക്കാള്‍ പഞ്ച് ഡോക്ടര്‍ക്ക് കിട്ടും.” മാതൃകനാണ് മറുപടി നല്‍കിയത്.

“നാളെ നമുക്കൊന്ന് എല്ലാവരെയും ഞെട്ടിക്കണം.”

“സമയം അര്‍ദ്ധരാത്രി കഴിഞ്ഞല്ലോ. ബാക്കി കഥ ഞാന്‍ ഓഫീസിലിരുന്നു ഡിവലെപ് ചെയ്തോളാം.”  കൌമുദന്‍ പോകാന്‍ തിരക്ക് കൂട്ടി.

കൌമുദനും, മനോഹരനും മാതൃകനും ഓരോരോ ബൈക്കില്‍ കയറി സ്ഥലം വിട്ടു.

പിറ്റേ ദിവസം രാവിലെ സ്തോഭജനകമായ ആ വാര്‍ത്ത വെണ്ടക്കയില്‍ കണ്ടു കേരളം ഞെട്ടി വിറച്ചു. വിറച്ചു വിറച്ചു പത്രങ്ങളായ പത്രങ്ങളൊക്കെ നിലത്തു വീണു പിടഞ്ഞു.

ആ വാര്‍ത്ത ഇങ്ങനെ വായിക്കാം:

"എറണാകുളം മെഡിക്കല്‍ കോളേജില്‍ വെച്ച് കൊടും ഭീകരന്‍ അറസ്റ്റില്‍.
യുവ ഡോക്ടറായ ഡോ:അഫ്സലിനെയാണ് ഡല്‍ഹി സ്പെഷ്യല്‍ പോലിസ് അറസ്റ്റ് ചെയ്തു. (പേര് പോലിസ് സ്ഥിരീകരിച്ചിട്ടില്ല) ഇന്ത്യന്‍ മുജാഹിദിന്‍റെ ബോംബ്‌ നിര്‍മ്മാണ വിദഗ്തന്‍ വഖാര്‍ ആഹ്മദിന്‍റെ സഹായിയാണ് അറസ്റ്റിലായത്. എന്‍ ഐ എ അറസ്റ്റ് ചെയ്ത അഫ്സല്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ രഹസ്യമായി കഴിയുകയായിരുന്നു. ക്രിസ്ത്യാനിയായ ഇദ്ദേഹം ഈ അടുത്തകാലത്താണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. 
കൊടും ഭീകരന്‍ വഖാറിന് മൂന്നാറില്‍ താമസിക്കാന്‍ റൂം ശരിയാക്കിക്കൊടുത്തത് അഫ്സല്‍ എന്ന ഈ അജ്മല്‍ ആണെന്നാണ്‌ അന്വേഷണ സംഘം നല്‍കുന്ന സൂചന. സമസ്ഥാന പോലിസിനെയോ അന്വേഷണ ഏജന്‍സികളെയോ അറിയിക്കാതെ വളരെ രഹസ്യമായാണ് ഡല്‍ഹി പോലിസ് പ്രതിയെ പിടിച്ചത്. പ്രതിയുടെ ഫോണില്‍ നിന്നും പുറത്തേക് പോയ കോളുകള്‍ പിന്തുടര്‍ന്നാണ് സംഘം ഇവിടെയെത്തി അറസ്റ്റ് നടത്തിയത്. ഈ അറസ്റ്റോടെ  കേരളം മുസ്ലിം തീവ്രവാദികളുടെ പരുദീസയാനെന്നു തെളിഞ്ഞിരിക്കുകയാണ് പ്രമുഖ നേതാവ് പൊട്ടിത്തെറിച്ചു.. ......"

ത്തരം വാര്‍ത്തകള്‍ ഒരു പാട് കേട്ട് ഞെട്ടി ഞെട്ടി ക്ഷീണിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പിറ്റേന്ന് അധികമാരും ഞെട്ടിക്കണ്ടില്ല.

ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റ് പോയി  തൂറ്റിയ  ആ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ വായിക്കാം:
**********************************************************************************************
2004ല്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്‍ ആന്‍റണിയെ ആക്രമിച്ച കേസിലെ പ്രതിയായ വിനു വര്‍ഗ്ഗീസ് എന്ന അഫ്സലിനെയാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ വന്ദന ലോഡ്ജില്‍ നിന്നും കണ്ണമാലി പോലിസ് പിടികൂടിയത്. ഒരു ഡോക്ടറുടെ വീട്ടില്‍ ആയയായി ജോലി ചെയ്യുന്ന അമ്മയെ കാണാന്‍ എത്തിയതായിരുന്നു ഡ്രൈവറായി ജോലി ചെയ്യുന്ന അഫ്സല്‍. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള കക്ഷിയെയാണ് ശ്രീമാന്‍ മനോഹരന്‍ മെഡിക്കല്‍ വിധ്യാര്‍ത്തിയാക്കി മാറ്റിയത്. മറ്റുള്ളവര്‍ യുവ ഡോക്ടറും. രണ്ടര മാസം മുമ്പ് അമ്മയെ കാണാന്‍ വന്നപ്പോള്‍ അത്താനിയില്‍ വെച്ച് ലോറിയിടിച്ചു അദ്ദേഹത്തിന്‍റെ കൈയെല്ല് പൊട്ടിയിരുന്നു. അന്ന് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ ബന്ധമാണ് ഡോക്ടറായും മെഡിക്കല്‍ വിദ്യാര്‍ഥിയായും ഇദ്ധേഹത്തിനുള്ള ബന്ധപ്പെടുത്തിയത്.

കിംവദന്തികളുടെ നിര്‍മ്മാണവും മാര്‍ക്കെറ്റിംങ്ങും നടക്കുന്നത് പത്രമോഫീസുകളിലാണ്. അവയാണ് നാളത്തെ വാര്‍ത്തകള്‍. ഇത്തരം ഭീകരവാദ വാര്‍ത്തകളിലാണ് പത്രപ്രവര്‍ത്തകഭാവനക്ക് അനന്ത സാധ്യതകള്‍ കാണുന്നത്.അത് കൊണ്ട് ഇത് തുടരട്ടെ. ഓരോ വാര്‍ത്തയും ഓരോ സാഹിത്യ സൃഷ്ടികളാവട്ടെ. എത്ര ഞെട്ടിയാലും നട്ടെല്ല് ഞെട്ടിപ്പോകാതെ നോക്കണം.



------------------------------------------------------------------
-------------------

1 comment :

  1. കിംവദന്തികളുടെ നിര്‍മ്മാണവും മാര്‍ക്കെറ്റിംങ്ങും നടക്കുന്നത് പത്രമോഫീസുകളിലാണ്. അവയാണ് നാളത്തെ വാര്‍ത്തകള്‍. ഇത്തരം ഭീകരവാദ വാര്‍ത്തകളിലാണ് പത്രപ്രവര്‍ത്തകഭാവനക്ക് അനന്ത സാധ്യതകള്‍ കാണുന്നത്.അത് കൊണ്ട് ഇത് തുടരട്ടെ. ഓരോ വാര്‍ത്തയും ഓരോ സാഹിത്യ സൃഷ്ടികളാവട്ടെ. എത്ര ഞെട്ടിയാലും നട്ടെല്ല് ഞെട്ടിപ്പോകാതെ നോക്കണം.

    ReplyDelete

Leave your comments: